ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ഹെൽമെറ്റ് ധരിക്കാതെ നടുറോഡിൽ ബൈക്കിൽ സഞ്ചരിക്കുന്ന ഉത്തർപ്രദേശിലെ പൊലീസുകാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. പൊലീസുകാർക്ക് പിന്നിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടികളാണ് വിഡിയോ പകർത്തിയത്. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം.
രണ്ട് പൊലീസുകാർ ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്കൂട്ടറിൽ ഇവരെ പിന്തുടർന്ന് വിഡിയോ ചിത്രീകരിക്കുന്നതോടൊപ്പം പൊലീസുകാരെ പെൺകുട്ടികൾ ചോദ്യം ചെയ്യുന്നുമുണ്ട്. നിയമങ്ങൾ പാലിക്കേണ്ടത് പൊതുജനങ്ങൾ മാത്രമാണോ? നിങ്ങളുടെ ഹെൽമെറ്റ് എവിടെ? നിങ്ങൾക്ക് നാണമില്ലേ? നിയമങ്ങൾ നിങ്ങൾക്ക് ബാധകമല്ലേ യു.പി പൊലീസുകാരേ? എന്നിങ്ങനെ നീളുന്ന ചോദ്യങ്ങൾ ഉന്നയിച്ചാണ് പെൺകുട്ടികൾ പൊലീസുകാരെ നേരിട്ടത്.
അതേസമയം, സംഭവം പുലിവാലാണെന്ന് ബോധ്യമായ പൊലീസുകാർ മറുപടി പറയാൻ പോലും നിൽക്കാതെ അമിതവേഗത്തിൽ ബൈക്കിൽ മുന്നോട്ടുപോവുന്നതും വിഡിയോയിൽ കാണാം. വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനമാണ് പൊലീസുകാർക്കെതിരെ ഉണ്ടായത്.
പൊലീസുകാർ തന്നെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനെതിരെ പലരും രംഗത്ത് വന്നു. പൊലീസിന്‍റെ നിയമലംഘനത്തിനെതിരെ ശക്തമായി പ്രതികരിച്ച പെൺകുട്ടികളെ അഭിനന്ദിക്കാനും നെറ്റിസൺസ് മറന്നില്ല. സംഭവം വൈറലായതോടെ രണ്ടുപൊലീസുകാർക്കെതിരേയും നടപടിയുണ്ടായി. ഇവർക്കെതിരെ 1000 രൂപ പിഴ ചുമത്തിയെന്നാണ് ഗാസിയാബാദ് ട്രാഫിക് പൊലീസ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.