നിർമാണം അവസാനിപ്പിക്കുന്നതിന് മുമ്പ് ഇന്നോവ ക്രിസ്റ്റക്ക് അപ്‌ഡേഷൻ നൽകി ടൊയോട്ട; പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയിൽ

ഇന്ത്യയിലെ കുടുംബങ്ങളുടെയും വാണിജ്യ മേഖലയുടെയും ഒരുപോലെ വിശ്വസ്ത വാഹനമായ ഇന്നോവ ക്രിസ്റ്റയെ കൂടുതൽ ആധുനികവും ആകർഷകവുമാക്കി വിപണിയിൽ എത്തിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ. നേരത്തെ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വകഭേദത്തിന്റെ നിർമാണം ടൊയോട്ട അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ക്രിസ്റ്റയിൽ അവസാന അപ്‌ഡേഷൻ കമ്പനി നൽകിയിരിക്കുന്നത്.

പുതിയ ഇന്നോവ ക്രിസ്റ്റയുടെ മുൻഭാഗത്തിന് കൂടുതൽ കരുത്തുറ്റ ലുക്ക് നൽകാൻ ടൊയോട്ട ശ്രദ്ധിച്ചിട്ടുണ്ട്. മൂന്ന് ക്രോം സ്ലാറ്റുകളോട് കൂടിയ പുനർരൂപകൽപ്പന ചെയ്ത പുതിയ റേഡിയേറ്റർ ഗ്രില്ലാണ് പ്രധാന ആകർഷണം. ഇതിനൊപ്പം പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകളും വശങ്ങളിലെ ക്രോം ഗാർണിഷുകളും വാഹനത്തിന്റെ റോഡ് പ്രെസൻസ് വർധിപ്പിക്കുന്നു. കാറിന്റെ പരമ്പരാഗതമായ സിഗ്നേച്ചർ ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ മാറ്റങ്ങൾ എന്നതും ശ്രദ്ദേയമാണ്.


ഇന്റീരിയർ ക്യാബിൻ കൂടുതൽ സുഖകരവും പ്രീമിയവുമാക്കാൻ പുത്തൻ ഫീച്ചറുകൾ ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഗ്രേസ് കോപ്പർ' തീമിലുള്ള ഡ്യുവൽ-ടോൺ ലെതർ സീറ്റുകളും വുഡ്-പാറ്റേൺ ഡീറ്റെയിലിങ്ങും ഇന്റീരിയറിന് രാജകീയ ഭംഗി നൽകുന്നു. കൂടാതെ ഉയർന്ന വേരിയന്റുകളിൽ വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) എന്നിവ പുതുതായി ഉൾപ്പെടുത്തി. എസി കൺട്രോളുകൾ, സ്വിച്ച് ഡിസൈൻ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയതോടൊപ്പം സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയും തുടരുന്നുണ്ട്.

വേരിയന്റുകളും വിലവിവരങ്ങളും

പരിഷ്‌ക്കരിച്ചെത്തിയ ഇന്നോവ ക്രിസ്റ്റയിൽ ഏഴ്, എട്ട് സീറ്റുകൾ അതേപടി തുടരുന്നുണ്ട്. ഇന്നോവ ക്രിസ്റ്റ ബേസ് മോഡലിൽ എത്തുന്ന GX വകഭേദത്തിന്റെ ഏഴ് സീറ്റിന് 19.72 ലക്ഷവും എട്ട് സീറ്റിന് 19.77 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. GX+ വേരിയന്റിന്റെ ഏഴ് സീറ്റിന് 21.15 ലക്ഷവും എട്ട് സീറ്റിന് 21.20 ലക്ഷവും എക്സ് ഷോറൂം വില വരുമ്പോൾ VX വകഭേദത്തിന്റെ ഏഴ് സീറ്റിന് 24.93 ലക്ഷവും എട്ട് സീറ്റിന് 24.98 ലക്ഷവുമാണ് എക്സ് ഷോറൂം വില. ഏറ്റവും ടോപ് എൻഡ് വേരിയന്റായ ZX ന്റെ ഏഴ് സീറ്റർ മാത്രമേ വിപണിയിൽ ലഭിക്കുകയൊള്ളൂ. 26.63 ലക്ഷം രൂപയാണ് ടോപ് എൻഡ് വേരിയന്റിന്റെ എക്സ് ഷോറൂം വില.


അതേസമയം, എൻജിൻ മെക്കാനിക്കൽ വശങ്ങളിൽ ടൊയോട്ട മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിലവിൽ ക്രിസ്റ്റയിൽ ലഭിക്കുന്ന 2.4 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് പരിഷ്‌ക്കരിച്ച പതിപ്പിനും കരുത്തേകുന്നത്. ഈ എൻജിൻ 148 എച്ച്.പി കരുത്തും 360 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എഞ്ചിൻ ലിറ്ററിന് 15 കിലോമീറ്റർ വരെ മൈലേജ് (certified) വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, മികച്ച പെർഫോമൻസിനായി ഇക്കോ (Eco), പവർ (Power) ഡ്രൈവ് മോഡുകളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ടൊയോട്ട ക്രിസ്റ്റയിൽ നൽകിയിരിക്കുന്നത്. ഏഴ് എയർബാഗുകൾ, ഇ.ബി.ഡി (EBD) സഹിതമുള്ള എ.ബി.എസ് (ABS), വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിങ് സെൻസറുകൾ എന്നിവ വാഹനത്തിൽ സ്റ്റാൻഡേർഡായി വരുന്നു.


പ്ലാറ്റിനം വൈറ്റ് പേൾ, സൂപ്പർ വൈറ്റ്, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നീ അഞ്ച് ആകർഷകമായ നിറങ്ങളിൽ പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കാം. ഉപഭോക്താക്കൾക്കായി ആകർഷകമായ ഫിനാൻസ് സ്കീമുകളും 5 വർഷം അല്ലെങ്കിൽ 2.20 ലക്ഷം കിലോമീറ്റർ വരെയുള്ള എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ടൊയോട്ട തങ്ങളുടെ ശ്രദ്ധ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് (ഇന്നോവ ഹൈക്രോസ്) മോഡലുകളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 2027-ഓടെ ഇന്നോവ ക്രിസ്റ്റ ഡീസൽ മോഡൽ നിർത്തലാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനാൽ ഈ ഐതിഹാസിക ഡീസൽ വാഹനത്തിന്റെ അവസാനത്തെ പ്രധാന അപ്‌ഡേറ്റുകളിൽ ഒന്നായിരിക്കാം ഇത്.

Tags:    
News Summary - Toyota updates Innova Crysta before production ends; updated version launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.