ഇതിഹാസം മടങ്ങിയെത്തുന്നു, ഇ.വിയായി

ടാറ്റയുടെ ആദ്യകാല എസ്.യു.വികളിൽ ഒന്നും ആരാധകരുടെ പ്രിയ വാഹനവുമായ സിയേറ തിരിച്ചെത്തുന്നു. രണ്ടാം വരവിൽ വൈദ്യുത വാഹനമായാണ് സിയേറ എത്തുക. ഓട്ടോ എക്‌സ്‌പോ 2020ൽ കൺസെപ്റ്റ് രൂപത്തിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മോഡലുകളിലൊന്നാണ് സിയേറ. വാഹനത്തി​ന്‍റെ ഇലക്ട്രോണിക് വെർഷ​ന്‍റെ ഉൽപ്പാദനത്തിനായി ടാറ്റ അനുമതി നൽകിയെന്നാണ് 'ഓട്ടോക്കാർ ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നത്. ടാറ്റയുടെ ആദ്യത്തെ സ്റ്റാൻഡ്-എലോൺ ഇ.വി ഒൺലി മോഡലും പുതിയ 'ബോൺ ഇലക്ട്രിക്' പ്ലാറ്റ്‌ഫോമിലെ ആദ്യ മോഡലുമായിരിക്കും സിയേറ.

പെട്രോൾ ഡീസൽ മോഡൽ ഉണ്ടാകില്ല

ടാറ്റയുടെ ആദ്യത്തെ എസ്‌യുവിയായിരുന്നു സിയേറ. അതുല്യമായ ത്രീ-ഡോർ ഡിസൈനും മേൽക്കൂരയുടെ മുകളിലേക്ക് വളഞ്ഞുകയറുന്ന തുറക്കാനാവാത്ത പിൻ ജാലകങ്ങളുമുള്ള വാഹനം ഡിസൈനിൽ വിപ്ലവം സൃഷ്ടിച്ച മോഡലാണ്. പിക്ക്-അപ്പ് ട്രക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിരുന്നത്. 2.0-ലിറ്റർ ഡീസൽ എഞ്ചിൻ (ആദ്യം സ്വാഭാവികമായി ആസ്പിറേറ്റഡ്, പിന്നീട് ടർബോചാർജ്ഡ്) ഉപയോഗിച്ച് ഫോർവീൽ ഓപ്ഷനോടുകൂടിയാണ് വാഹനം നിരത്തിലെത്തിയിരുന്നത്. പഴയ ഡിസൈൻ സൂചകങ്ങൾ ഒഴികെ, പുതിയ സിയേറയ്ക്ക് ഒറിജിനലുമായി സാമ്യമില്ല. പരമ്പരാഗത പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ ഓപ്ഷനുകളൊന്നുമില്ലാതെയാകും വാഹനം വരിക. തുടക്കം മുതൽ തന്നെ ഇത് ഒരു ഇവി ആയി രൂപകൽപ്പന ചെയ്യപ്പെടും.

സിഗ്മ പ്ലാറ്റ്ഫോം

ടാറ്റയുടെ നിലവിലെ ഇ.വികളായ നെക്സോണും തിഗോറും പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ അതേ പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ഒരു ഇ.വികൾക്ക് മാത്രമായി ടാറ്റ രൂപപ്പെടുത്തുന്ന സിഗ്മ പ്ലാറ്റ്‌ഫോമിലാണ് സിയേറ വരിക. ആൾട്രോസ്, പഞ്ച് എന്നിവയുടെ എക്സ് 4 അല്ലെങ്കിൽ ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ സിഗ്മ പ്ലാറ്റ്‌ഫോം ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമായതാണ്. പുതിയ പ്ലാറ്റ്ഫോം ഭാരം കുറഞ്ഞതും കൂടുതൽ ഊർജ്ജക്ഷമതയുള്ളതും കൂടുതൽ വിശാലവുമാണ്. നിർമാണം പ്രഖ്യാപിച്ചെങ്കിലും വാഹനം നിരത്തിലെത്താൻ 2025വരെയെങ്കിലും ആകുമെന്നാണ് കണക്കുകൂട്ടുന്നത്. 

Tags:    
News Summary - Tata Sierra to return as an EV only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.