മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്ട് ക്രോസോവർ എസ്.യു.വിയായ ഫ്രോങ്സിന്റെ സ്‌പോർട്ട് എഡിഷൻ (Suzuki Fronx Sport Edition) മലേഷ്യയിൽ അവതരിപ്പിച്ചു. സ്വദേശത്തും വിദേശത്തും ഒരുപോലെ ഡിമാൻഡുള്ള വാഹനം, കൂടുതൽ സ്‌പോർട്ടിയും ആകർഷകവുമായാണ് വിപണിയിൽ എത്തുന്നത്. ഇതിനകം ജനശ്രദ്ധയാകർഷിച്ച ഫ്രോങ്‌സ് ഹൈബ്രിഡ് മോഡലിന്റെ കരുത്തിൽ കൂടുതൽ സ്പോർട്ടി ലുക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സുസുക്കി പുതിയ പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഫ്രോങ്‌സ് സ്പോർട്ട് എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത എക്സ്റ്റീരിയറിലെ മാറ്റങ്ങളാണ്. മാർകെറ്റിൽ ലഭ്യമായ ഫ്രോങ്സിനെ അപേക്ഷിച്ച് പ്രത്യേക ബോഡി കിറ്റുകളാണ് കമ്പനി സ്പോർട്ട് എഡിഷനിൽ നൽകിയിട്ടുണ്ട്. മുൻവശത്തായി ലോവർ ലിപ് എക്സ്റ്റൻഷൻ, വശങ്ങളിൽ ആകർഷകമായ സൈഡ് സ്കർട്ടുകൾ, പിന്നിലായി സ്‌പോർട്ടി റിയർ ഡിഫ്യൂസർ, ടെയിൽഗേറ്റിൽ മൗണ്ട് ചെയ്ത സ്‌പോയിലർ എന്നിവ വാഹനത്തെ സാധാരണ മോഡലിൽ നിന്ന് വേറിട്ടു നിർത്തുന്നു. കൂടുതൽ സ്‌പോർട്ടി ഫിനിഷിങ്ങിനായി കറുപ്പ് നിറത്തിലുള്ള ഗ്രില്ലും ഡാർക്ക് സുസുക്കി ബാഡ്ജിങ്ങും സുസുകി നൽകിയിട്ടുണ്ട്. കൂടാതെ, വശങ്ങളിൽ പതിപ്പിച്ചിരിക്കുന്ന 'ഫ്രോങ്‌സ് സ്‌പോർട്ട്' ഡെക്കലുകൾ വാഹനത്തിന്റെ മൊത്തത്തിലുള്ള ഭംഗി വർധിപ്പിക്കുന്നു.
സാധാരണ ഫ്രോങ്‌സ് മോഡലിൽ 16 ഇഞ്ച് അലോയ് വീലുകളാണ് ഉള്ളതെങ്കിൽ, സ്‌പോർട്ട് എഡിഷനിൽ 17 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. ഇത് വാഹനത്തിന് കൂടുതൽ കരുത്തുറ്റ റോഡ് പ്രസൻസ് നൽകുന്നു. കൂടാതെ, ഇന്റീരിയർ സൗകര്യങ്ങളിൽ സുസുക്കി ഫ്രോങ്‌സ് സ്‌പോർട്ട് എഡിഷൻ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ലെതർ കവർ ചെയ്തിട്ടുള്ള സ്റ്റിയറിങ് വീൽ, പാഡിൽ ഷിഫ്റ്ററുകൾ, വയർലെസ് ചാർജിങ്, ഒമ്പത് ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 360-ഡിഗ്രി കാമറ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തെ കൂടുതൽ ആഡംബരമാക്കുന്നു. ഇതിനെല്ലാം പുറമെ, പുതിയ പതിപ്പിൽ മുൻവശത്തും പിൻവശത്തും 4K ഡാഷ്‌ക്യാം സ്റ്റാൻഡേർഡ് ഫീച്ചറായി നൽകിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
സുരക്ഷയുടെ കാര്യത്തിൽ അഞ്ച് സ്റ്റാർ ആസിയാൻ എൻ.സി.എ.പി റേറ്റിങ്ങുള്ള വാഹനം ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയോടെയാണ് എത്തുന്നത്. 1.5 ലിറ്റർ K15C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് സ്‌പോർട്ട് എഡിഷനിലും ഉപയോഗിക്കുന്നത്. സുസുക്കിയുടെ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ചേർന്നുള്ള ഈ എൻജിൻ 103 എച്ച്.പി കരുത്തും 138 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എസ്.യു.വിയിൽ ഉപയോഗിച്ചിരിക്കുന്നത്.
സുസുക്കിയുടെ ഹൈബ്രിഡ് സംവിധാനം ഇന്ധനക്ഷമത വർധിപ്പിക്കാനും സുഗമമായ ഡ്രൈവിങ് അനുഭവം നൽകുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. പെർഫോമൻസിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും, വാഹനത്തിന്റെ സ്റ്റൈലിഷ് ലുക്കും സ്പോർട്ടി ഫീച്ചറുകളും ഉപഭോക്താക്കളെ വലിയ തോതിൽ ആകർഷിക്കുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ.
മലേഷ്യയിൽ RM130,888 (ഏകദേശം 30.7 ലക്ഷം രൂപ) ഫ്രോങ്സ് സ്പോർട്ട് എഡിഷന്റെ എക്‌സ്-ഷോറൂം വില. നേരത്തെ വിപണിയിലുള്ള സ്റ്റാൻഡേർഡ് സുസുക്കി ഫ്രോങ്‌സ് ഹൈബ്രിഡിന് RM118,888 വിലയുണ്ട്. സ്‌പോർട്ട് എഡിഷൻ സാധാരണ മോഡലിനേക്കാൾ മുകളിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സുസുക്കിയുടെ ഈ പുതിയ നീക്കം കോംപാക്ട് ക്രോസ്ഓവർ വിപണിയിൽ കൂടുതൽ മത്സരക്ഷമത കൊണ്ടുവരുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.