ആധുനിക കാറുണ്ടെങ്കിലും 'ജീപ്പ് വേണം'; പഴയ ജീപ്പുകൾക്ക് ആവശ്യക്കാർ ഏറുന്നു, വില മൂന്നര മുതൽ 10 ലക്ഷം വരെ
കട്ടപ്പന: പഴയ മോഡൽ ജീപ്പുകൾക്ക് ആവശ്യക്കാർ ഏറുന്നതോടെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ജീപ്പുകൾ വ്യാപകമായി എത്തിക്കുന്നു. തമിഴ്നാട് മുതൽ രാജസ്ഥാൻ വരെയുള്ള സംസ്ഥാനങ്ങളിൽനിന്നാണ് ജീപ്പുകൾ എത്തുന്നുണ്ട്. മൂന്നര ലക്ഷം മുതൽ 10 ലക്ഷം രൂപവരെയാണ് വില. ഇടുക്കി, വയനാട് ജില്ലകളിലാണ് മുമ്പ് ജീപ്പിന് ആവശ്യക്കാരുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ എല്ലാ ജില്ലകളിലും ആവശ്യക്കാരുണ്ട്. ജീപ്പ് വാങ്ങുന്നവരിൽ ഭൂരിഭാഗത്തിനും മറ്റു ആധുനികവാഹനങ്ങൾ സ്വന്തമായി ഉള്ളവരാണ്.
ജീപ്പ് വാങ്ങുന്നവർക്ക് വില പ്രശ്നമല്ലെന്നാണ് വാഹനങ്ങൾ വിൽക്കുന്നവർ പറയുന്നത്. സെൻസറുകൾ ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണി കുറവാണെന്നതും സ്പെയർ പാർട്സുകൾ ലഭിക്കുമെന്നതും ജീപ്പുകളുടെ ആവശ്യകത ഉയരാൻ കാരണമായി. 2010-ലാണ് മഹീന്ദ്ര കമ്പനി പഴയ മോഡൽ ജീപ്പിന്റെ നിർമാണം നിർത്തിയത്. പഴയ വില്ലീസ് ജീപ്പ് മുതൽ പുതുതലമുറ ഇലക്ട്രിക് എസ്.യു.വി വരെയുള്ള വാഹനങ്ങളുടെ എ.ഐ നിർമിത വിഡിയോ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചതോടെ വലിയ പ്രതികരണമാണ് ലഭിച്ചത്. മഹീന്ദ്ര ജീപ്പുകൾക്കും മാരുതി ജീപ്സിക്കും ഇന്ന് കൂടുതൽ ആവശ്യക്കാർ ഏറെയാണ്.
മഹീന്ദ്ര മേജർ ജീപ്പ്-കരുത്തിന്റെ പര്യായം
ഇന്ത്യൻ നിരത്തുകളിലും ഗ്രാമീണ പാതകളിലും ഒരുപോലെ ശ്രദ്ധ നേടിയ വാഹനങ്ങളാണ് മഹീന്ദ്ര മേജർ ജീപ്പുകൾ. കരുത്തുറ്റ രൂപവും ലളിതമായ നിർമാണശൈലിയും പരുക്കൻ റോഡുകളെ നേരിടാനുള്ള ശേഷിയുമാണ് ഈ വാഹനങ്ങളുടെ പ്രത്യേകത. 4x4, 2 വീൽ ഡ്രൈവ് വകഭേദങ്ങളിൽ ലഭ്യമായ ജീപ്പുകൾ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്നുണ്ട്. ചെളി നിറഞ്ഞ വഴികൾ, കയറ്റങ്ങൾ, ദുർഘടമായ ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പ്രയോജനകരമാണ് ഈ വാഹനം. ഓഫ്റോഡ് യാത്രകൾക്കും ഗ്രാമീണ മേഖലകളിലെ കഠിനമായ ഉപയോഗത്തിനും ഇത് അനുയോജ്യമാണ്.
ലളിതമായ മെക്കാനിക്കൽ സംവിധാനവും അറ്റകുറ്റപ്പണികൾ നടത്താനുള്ള സൗകര്യവും ജീപ്പുകളെ വ്യത്യസ്തമാക്കുന്നു. കൃഷി, ചരക്ക് നീക്കം, ഗ്രാമീണ യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്നും ഇത്തരം വാഹനങ്ങൾക്ക് ആരാധകരുണ്ട്. കരുത്തിനും പ്രായോഗികതക്കും പ്രാധാന്യം നൽകുന്ന വാഹന പ്രേമികൾക്കിടയിൽ മഹീന്ദ്ര മേജർ ജീപ്പുകൾക്ക് സവിശേഷ സ്ഥാനമാണുള്ളത്. ജീപ്പുകളുടെ ഡ്രൈവിങ് അനുഭവം ആധുനിക എസ്.യു.വികളിൽനിന്ന് വ്യത്യസ്തമാണ്. ഉയർന്ന ഡ്രൈവിങ് പൊസിഷൻ റോഡിന്റെ വ്യക്തമായ കാഴ്ച നൽകുന്നു. സ്റ്റിയറിങ്ങിലും ഗിയർ മാറ്റത്തിലും കൂടുതൽ ശാരീരിക അധ്വാനം ആവശ്യമായി വന്നേക്കാമെങ്കിലും വാഹനവുമായി നേരിട്ട് ഇടപെടുന്ന ഒരു ഡ്രൈവിങ് അനുഭവമാണ് ലഭിക്കുന്നത്.
കൂടുതൽ ഇലക്ട്രോണിക് സംവിധാനങ്ങളില്ലാത്ത ലളിതമായ വാഹനങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ജീപ്പ് മോഡിഫിക്കേഷനിലും ഓഫ്റോഡ് യാത്രകളിലും താൽപര്യമുള്ളവർക്കും മഹീന്ദ്ര മേജർ ആകർഷകമാണ്. എന്നാൽ, ആധുനിക വാഹനങ്ങളിലെ സുഖസൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, മികച്ച റൈഡ് കംഫർട്ട് എന്നിവ ഇതിൽ പ്രതീക്ഷിക്കാനാവില്ല. പഴയ വാഹനങ്ങൾ വാങ്ങുമ്പോൾ എൻജിൻ, ഗിയർബോക്സ്, ക്ലച്ച്, സസ്പെൻഷൻ, ഷാസി, 4x4 സംവിധാനം എന്നിവയുടെ അവസ്ഥ പരിശോധിക്കണം.
അറിയേണ്ടത്
മറ്റൊരു സംസ്ഥാനത്തുനിന്ന് ജീപ്പ് വാങ്ങി കേരളത്തിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകളും നിയമപരമായ ഉപയോഗാനുമതിയുമാണ്. പഴയ ജീപ്പ് വാങ്ങുമ്പോൾ വിലയും വാഹനത്തിന്റെ കണ്ടീഷനും മാത്രം നോക്കിയാൽ പോരാ. ആർ.സി, വാഹനത്തിന്റെ വിഭാഗം, നിലവിലെ രജിസ്ട്രേഷൻ, നികുതി, ഫിറ്റ്നസ്, ഇൻഷുറൻസ്, രൂപമാറ്റങ്ങൾ എന്നിവയും പരിശോധിക്കണം. വാഹനം കേരളത്തിൽ സ്ഥിരമായി ഉപയോഗിക്കാനാണോ, താൽക്കാലികമായി കൊണ്ടുവരുന്നതാണോ എന്നതനുസരിച്ച് നടപടികൾ വ്യത്യാസപ്പെടും.
രജിസ്ട്രേഷൻ തടസ്സമില്ല
സംസ്ഥാനത്തിന് പുറത്തുനിന്ന് ജീപ്പുകൾ രജിസ്ട്രേഷനായി എത്തുന്നുണ്ട്. അഞ്ചുവർഷത്തേക്കാണ് ഫിറ്റ്നസ് രേഖകൾ നൽകുക. മുമ്പ് ആർമിയിൽ ഉപയോഗിച്ചിരുന്ന വാഹനങ്ങളും എത്തുന്നുണ്ട്. ഇവക്ക് 15 വർഷത്തെ ഫിറ്റ്നസ് ലഭിക്കുമെന്നും മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.