ഡിഫെൻഡർ 110
ലാൻഡ് റോവർ ഡിഫെൻഡറിന് 34 ലക്ഷം രൂപ വരെ വിലക്കുറവ്! ജെഎൽആർ പ്ലാന്റിൽ ഡിഫെൻഡർ 110 നിർമാണം ആരംഭിച്ചു
പ്രമുഖ ആഡംബര വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ (ജെ.എൽ.ആർ) തങ്ങളുടെ ജനപ്രിയ എസ്.യു.വിയായ ഡിഫെൻഡർ 110ന്റെ (Defender 110) നിർമാണം പൂണെയിലെ പ്ലാന്റിൽ ആരംഭിച്ചു. യൂറോപ്പിന് പുറത്ത് ഡിഫെൻഡർ നിർമിക്കുന്ന ആദ്യ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഇന്ത്യയിൽ നിർമിച്ച ഡിഫെൻഡർ 110 മോഡലുകളുടെ എക്സ്-ഷോറൂം വില 99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. നവംബർ 15 മുതൽ ഉപഭോക്താക്കൾക്ക് വാഹനങ്ങളുടെ ഡെലിവറി ലഭിച്ചു തുടങ്ങും.
വേരിയന്റുകളും എഞ്ചിൻ കരുത്തും
ഡിഫെൻഡർ 110 എക്സ്-ഡൈനാമിക് HSE ട്രിമ്മിൽ 2.0-ലിറ്റർ പെട്രോൾ, 3.0-ലിറ്റർ പെട്രോൾ, 3.0-ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. എല്ലാ പതിപ്പുകളിലും D7x ആർക്കിടെക്ചറും ഇന്റലിജന്റ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമാണ് നൽകിയിരിക്കുന്നത്. ഏഴ് പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഇരിപ്പിട സൗകര്യവും വാഹനത്തിലുണ്ട്. 2.0-ലിറ്റർ പെട്രോൾ പതിപ്പ് 99 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ, 3.0-ലിറ്റർ മോഡലുകളുടെ ഉയർന്ന വില 1.18 കോടി രൂപ വരെയാണ് എക്സ്-ഷോറൂം വില.
സവിശേഷതകളും ഫീച്ചറുകളും
ഇന്ത്യയിൽ നിർമിക്കുന്ന മോഡലുകളിൽ മുമ്പ് ഓപ്ഷണലായി മാത്രം ലഭ്യമായിരുന്ന നിരവധി പ്രീമിയം ഫീച്ചറുകൾ ഇപ്പോൾ സ്റ്റാന്റേർഡായി വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2.0-ലിറ്റർ എൻജിൻ പതിപ്പിൽ പരമാവധി 6.5 ലക്ഷം വരെ മൂല്യമുള്ള അഡീഷണൽ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
ടെറൈൻ റെസ്പോൺസ് 2 & അഡാപ്റ്റീവ് ഓഫ്-റോഡ് ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് എയർ സസ്പെൻഷൻ (അഡാപ്റ്റീവ് ഡൈനാമിക് സഹിതം), വെയ്ഡ് സെൻസിങ് (Wade Sensing), ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ & കാബിൻ എയർ പ്യൂരിഫിക്കേഷൻ, ക്ലിയർസൈറ്റ് ഇന്റീരിയർ റിയർ-വ്യൂ മിറർ, 14-വേ ഹീറ്റഡ് ആന്റ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ (മെമ്മറി ഫങ്ഷനോടെ), മാന്യുവൽ തേർഡ്-റോ സീറ്റുകൾ & റഫ്രിജറേറ്റർ കോംപാർട്ട്മെന്റ്, എയർ-ക്വാളിറ്റി സെൻസർ & ഡൊമസ്റ്റിക് സോക്കറ്റ് തുടങ്ങിയ ഫീച്ചറുകളും 2.0-ലിറ്റർ എൻജിൻ പതിപ്പിൽ ലഭ്യമാണ്.
അതേസമയം, 3.0-ലിറ്റർ എൻജിൻ പതിപ്പിൽ 17 ലക്ഷം വരെ മൂല്യമുള്ള അഡീഷണൽ ഫീച്ചറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ആക്റ്റീവ് ഡിഫറൻഷ്യൽ (വിത്ത് ടോർക്ക് വെക്റ്ററിങ്), കോൺഫിഗറബിൾ ടെറൈൻ റെസ്പോൺസ്, ക്ലൈമറ്റ് കൺട്രോൾഡ് സെക്കൻഡ്-റോ സീറ്റുകൾ & ഹീറ്റഡ് തേർഡ്-റോ സീറ്റുകൾ, മെരിഡിയൻ (Meridian) സറൗണ്ട്-സൗണ്ട് സിസ്റ്റം & ഹെഡ്-അപ്പ് ഡിസ്പ്ലേ, 20-ഇഞ്ച് ഡയമണ്ട്-ടേൺഡ് വീലുകൾ, ഇല്യൂമിനേറ്റഡ് മെറ്റൽ ട്രെഡ്പ്ലേറ്റ് & മെറ്റാലിക്-ഗ്രേ ക്രോസ്-കാർ ബീം തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.
2011ൽ ടാറ്റ മോട്ടോഴ്‌സുമായി സഹകരിച്ചാണ് ജെ.ആർ.എൽ പൂണെയിലെ നിർമാണ കേന്ദ്രം ആരംഭിച്ചത്. യുകെക്ക് പുറത്തുള്ള ജെ.ആർ.എൽന്റെ ആദ്യ നിർമാണ പ്ലാന്റായ ഇവിടെ നിന്ന് ഇതിനകം 10 മോഡലുകൾ പുറത്തിറങ്ങിയിട്ടുണ്ട്. പ്രാദേശികമായി നിർമാണം ആരംഭിച്ചതോടെ വാഹനത്തിനായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഡിഫെൻഡർ 90, ഡിഫെൻഡർ 130, കൂടാതെ ഡിഫെൻഡർ ഒക്ട എന്നീ മോഡലുകളുടെ ആഗോള നിർമാണം സ്ലൊവാക്യയിലെ നിത്ര (Nitra) പ്ലാന്റിൽ തന്നെ തുടർന്നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.