പ്രതീകാത്മക ചിത്രം
ഫ്ലെക്സ്-ഫ്യുവൽ ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ; ഇത് നിങ്ങളുടെ വാഹനത്തെ ബാധിക്കുമോ?
ന്യൂഡൽഹി: കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിൽ സുപ്രധാനമായ ഭേദഗതി വരുത്തി, ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് 100 ശതമാനം എഥനോൾ (E100) ഇന്ധനമായി ഉപയോഗിക്കാൻ ഔദ്യോഗിക അംഗീകാരം നൽകി. ഒക്ടോബർ 23ന് പുറപ്പെടുവിച്ച ജി.എസ്.ആർ 911(E) വിജ്ഞാപനത്തിലൂടെയും ഒക്ടോബർ 26ന് പ്രസിദ്ധീകരിച്ച ഗസറ്റിലൂടെയും റൂൾ 115ൽ മാറ്റം വരുത്തി, എമിഷൻ-ടെസ്റ്റിങ് വ്യവസ്ഥകളിൽ ‘E85’ എന്നതിന് പകരം ‘E85 അല്ലെങ്കിൽ E100’ എന്ന് കൂട്ടിച്ചേർത്തു.
പുതിയ നിയമപരമായ ഭേദഗതി നിലവിലുള്ള എല്ലാ പെട്രോൾ വാഹനങ്ങളിലും E100 ഇന്ധനം ഉപയോഗിക്കാനുള്ള അനുമതിയല്ല. വാഹനം നിർമിച്ച കമ്പനികൾ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളായി പ്രത്യേകം രൂപകൽപ്പന ചെയ്ത് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള വാഹനങ്ങളിൽ മാത്രമേ E85 അല്ലെങ്കിൽ E100 ഉപയോഗിക്കാവൂ എന്ന് മന്ത്രാലയം പുറപ്പെടുവിപ്പിച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ലഘു വാണിജ്യ വാഹനങ്ങളുടെ ഗ്രോസ് വെഹിക്കിൾ വെയ്റ്റ് പരിധി 3,000 കിലോഗ്രാമിൽ നിന്ന് 3,500 കിലോഗ്രാമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ധന തരം - എഥനോൾ അളവ് - വാഹന അനുയോജ്യത
- E10/E20 - 10% - 20% എഥനോൾ - സാധാരണ പെട്രോൾ വാഹനങ്ങൾ (2023 ഏപ്രിൽ മുതൽ നിർമിച്ചവ)
- E85 - 85% എഥനോൾ - പ്രത്യേക ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ (FFV)
- E100 - 100% എഥനോൾ - E100 ഔദ്യോഗിക അംഗീകാരം നേടിയ നിർദ്ദിഷ്ട ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ
സാധാരണ വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ കാർ E20 പെട്രോളിന് അനുയോജ്യമായതാണെങ്കിൽ അതേ ഇന്ധനത്തിൽ തന്നെ പ്രവർത്തിപ്പിക്കണം. അതിൽ E85 അല്ലെങ്കിൽ E100 ഇന്ധനം നിറച്ചാൽ എൻജിനും ഫ്യുവൽ സിസ്റ്റത്തിനും കടുത്ത നാശനഷ്ടങ്ങൾ സംഭവിക്കും. എന്നാൽ, കമ്പനികൾ പ്രത്യേകം രൂപകൽപ്പന ചെയ്ത എഞ്ചിനുകളിൽ വ്യത്യസ്ത അനുപാതത്തിലുള്ള എഥനോൾ മിശ്രിതങ്ങൾ ഉപയോഗിക്കാം.
ദേശീയ ജൈവഇന്ധന നയം (നാഷണൽ പോളിസി ഓൺ ബയോഫ്യുവൽസ്) അനുസരിച്ച് 2030ഓടെ രാജ്യത്തുടനീളം 20 ശതമാനം എഥനോൾ മിശ്രണം (E20) എന്ന പദ്ധതി 2025ൽ തന്നെ ഇന്ത്യ കൈവരിച്ചിരുന്നു. 2026 ഏപ്രിൽ 1 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ഇന്ധന വിതരണ കേന്ദ്രങ്ങളിലും E20 നിർബന്ധിത പെട്രോൾ മാനദണ്ഡമായി മാറിയിട്ടുണ്ട്.
ഈ നീക്കത്തെ പിന്തുണക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐ.ഒ.സി.എൽ) തെരഞ്ഞെടുത്ത പമ്പുകളിൽ E85 ഇന്ധന വിതരണം ആരംഭിച്ചു. ഇതോടെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുകി, ടൊയോട്ട, ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ് തുടങ്ങിയവർക്കും ടൂവീലർ ബ്രാൻഡുകൾക്കും കൂടുതൽ ഫ്ലെക്സ് ഫ്യുവൽ മോഡലുകൾ വിപണിയിലെത്തിക്കാനുള്ള ശതമായ വഴിതുറന്നു.
മാരുതി സുസുകിയുടെ വാഗൻആർ (WagonR Flex-Fuel) ആണ് ഇന്ത്യയിലെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ കാർ മോഡൽ. വരാനിരിക്കുന്ന ടൊയോട്ട ഹൈക്രോസ് ഹൈബ്രിഡ് ഫ്ലെക്സ്-ഫ്യുവൽ, കിയ സിറോസ് എഫ്.എഫ്.വി എന്നിവ പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇരുചക്ര വാഹനങ്ങളിൽ ഹീറോ മോട്ടോർകോർപ്പിന്റെ സ്പ്ലെൻഡർ പ്ലസ് (Splendor+ Flex-Fuel), എച്ച്.എഫ് ഡീലക്സ് എന്നീ മോഡലുകളും സുസുകി ജിക്സർ (Gixxer SF 250 FFV) മോഡലും ഫ്ലെക്സ്-ഫ്യുവൽ മോഡലിൽ വിപണിയിൽ ലഭ്യമാണ്.
അതേസമയം, രാജ്യത്തെ E20 സംബന്ധിച്ചുള്ള പ്രശ്ങ്ങൾ പണം നൽകി നടത്തുന്ന വ്യജ പ്രചരണങ്ങളാണെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഫ്ലെക്സ്-ഫ്യുവൽ ഇന്ധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിന് പിന്നാലെയാണ് നിതിൻ ഗഡ്കരിയുടെ പ്രസ്താവന.
'ഇന്ന് രാജ്യത്തെ കർഷകൻ അന്നദാതാവ് മാത്രമല്ല, ഊർജ്ജദാതാവ് കൂടിയായി മാറിക്കഴിഞ്ഞു. എഥനോൾ ഉൽപ്പാദനം വർധിച്ചതോടെ ചോളത്തിന്റെ വില ക്വിന്റലിന് 1,200 രൂപയിൽ നിന്ന് 2,600 രൂപയായി ഉയർന്നത് ഇതിന് തെളിവാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി വിദേശത്തേക്ക് ഒഴുകുന്ന ഭീമമായ പണം ലാഭിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ശുദ്ധമായ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാധിക്കും. ഇതാണ് യഥാർഥ സ്വദേശ്, ആത്മനിർഭരത, സ്വാതന്ത്ര്യം എന്നിവ കൊണ്ട് അർഥമാക്കുന്നത്.'- മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.