അങ്ങിനെ സുസുകിയും ഇലക്ട്രിക് ആകുന്നു; ഇ- ബർഗ്മാനുമായി ജാപ്പനീസ് കമ്പനി

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുകി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കാ​നൊരുങ്ങുന്നു. മാക്‌സി സ്‌കൂട്ടറായ ബര്‍മഗ്മാന്‍ സ്ട്രീറ്റിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും സുസുകിയുടെ രാജ്യത്തെ ആദ്യ ഇലക്ട്രിക് ടൂവീലര്‍. ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ക്കൊപ്പം ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങളും സുസുകി പുറത്തുവിട്ടു.

ബര്‍ഗ്മാന്‍ ഇലക്ട്രിക് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ജപ്പാനിലെ ടോക്യോയില്‍ അഡ്വാന്‍സ്ഡ് പരീക്ഷണ ഘട്ടത്തിലൂടെയാണ് ഇ-ബര്‍ഗ്മാന്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. വാഹനത്തിൽ ഉപയോഗിക്കുന്നത് സ്വാപ്പബിൾ ബാറ്ററിയാണ്. ജപ്പാനില്‍ ബാറ്ററി ഷെയറിങ് സര്‍വീസായ ഗച്ചാക്കോ കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് സുസുകി പ്രവര്‍ത്തിക്കുന്നത്.

1,825 മില്ലിമീറ്റര്‍ ആണ് ഇ-ബർഗ്മാന്റെ നീളം. 765 മില്ലിമീറ്റര്‍ വീതിയും 1,140 മില്ലിമീറ്റര്‍ ഉയരവും ഉണ്ട്. 780 മില്ലിമീറ്ററാണ് സീറ്റ് ഹൈറ്റ്. 147 കിലോഗ്രാമാണ് സുസുകി ബര്‍ഗ്മാന്‍ ഇലക്ട്രിക്കിന്റെ ഭാരം. ഇ-ബര്‍ഗ്മാനെ ക്ലാസ് 2 ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സിന്‍ക്രണസ് എസി മോട്ടോറും ഒരു ലിഥിയം-അയണ്‍ ബാറ്ററിയും ആണ് ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് ശക്തി പകരുന്നത്. പരമാവധി 4.0kW പവറും 18 Nm ടോര്‍ക്കും മോട്ടോർ ഉത്പ്പാദിപ്പിക്കും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുകയാണെങ്കില്‍ ഇ-ബര്‍ഗ്മാന്‍ 44 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്. ​പ്രൊഡക്ഷൻ വെർഷനിൽ റേഞ്ച് ഉയരാൻ സാധ്യതയുണ്ട്.

ഹോണ്ട, കവാസാക്കി, യമഹ എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള സ്വാപ്പബിള്‍ ബാറ്ററി കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ് സുസുകി. സ്വാപ്പബിള്‍ ബാറ്ററികളും റീപ്ലേസ്മെന്റ് സിസ്റ്റങ്ങളും സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യുന്നതിനായാണ് കണ്‍സോര്‍ഷ്യം പ്രവര്‍ത്തിക്കുന്നത്. ജപ്പാനില്‍ ബാറ്ററി പങ്കിടുന്നതിനും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്.

ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവക്കൊപ്പം ഹോണ്ടയുടെ ആദ്യ ഇവിയും ഇ-ബര്‍ഗ്മാന് വെല്ലുവിളിയാകും. ഏകദേശം 1.5 ലക്ഷം രൂപയായിരിക്കും ഇലക്ട്രിക് ബര്‍ഗ്മാന്റെ വില വരുന്നത്.

Tags:    
News Summary - Suzuki e-Burgman revealed with swappable battery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.