പ്രതീകാത്മക ചിത്രം 

എന്തോ വലുത് വരാനുണ്ട്! നിസാൻ മോട്ടോഴ്സിന്റെ പുതിയ ടീസർ വിഡിയോയിൽ പ്രതീക്ഷയർപ്പിച്ച് വാഹന ലോകം

ന്യൂഡൽഹി: ജാപ്പനീസ് ഓട്ടോ ഭീമന്മാരായ നിസാൻ മോട്ടോർസ് ഇന്ത്യൻ നിരത്തിലേക്ക് പുതിയൊരു വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ്. രാജ്യത്ത് കാര്യമായ വിൽപ്പന നേട്ടമില്ലാത്ത കമ്പനി ഇന്ത്യ വിട്ടു പോകുകയാണെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം നിഷേധിച്ചുകൊണ്ട് 2026ഓടെ പുതിയ മൂന്ന് വാഹനങ്ങളുമായി ഇന്ത്യൻ വിപണിയിലെത്തുമെന്ന് നിസാൻ അറിയിച്ചു. ഇതിനൊരു വ്യക്തതയെന്നോണം പുതിയ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.

അടുത്തിടെ നിസാൻ 'മാഗ്‌നൈറ്റ് കുറോ' എഡിഷന്റെ ടീസർ പുറത്തിറക്കിയിരുന്നു. 2023ലാണ്‌ ബ്രാൻഡ് ആദ്യമായി കുറോ വകഭേദം വിപണിയിൽ എത്തിക്കുന്നത്. എങ്കിലും കാറ്റലോഗിൽ പുതിയ പതിപ്പായി മാഗ്‌നൈറ്റ് അവതരിപ്പിക്കുന്നത് ഈ വർഷമാണ്. വാഹനത്തിന്റെ മിക്ക ഫീച്ചറുകളും മാഗ്‌നൈറ്റ് സ്റ്റാൻഡേർഡിൽ നിന്നും കടമെടുത്തതാണെങ്കിലും പൂർണമായൊരു കറുത്ത ഫിനിഷിങ് കുറോ വകഭേദത്തിനുണ്ടാകും.

നിസാൻ മാഗ്‌നൈറ്റ് കുറോ എഡിഷൻ

മാഗ്‌നൈറ്റ് സ്റ്റാൻഡേർഡിന്റെ അതേ മോഡലിലാകും കുറോ വകഭേദം വിപണിയിലെത്തുന്നത്. ഇതിന് ടെക്ന+ എന്നൊരു ടോപ് വേരിയന്റ് ലഭിക്കും. കറുത്ത ഫിനിഷിങ്ങിൽ എത്തുന്നതിനാൽ അലോയ്-വീലുകൾ, ഫ്രന്റ് ഗ്രിൽ, പുറത്തെ റിയർ വ്യൂ മിറർ, റൂഫ് റെയിലുകൾ എന്നിവ പൂർണമായും കറുത്ത നിറത്തിലാകും ലഭിക്കുക.

കുറോ മോഡലിന്റെ ഉൾവശം പൂർണമായും ബ്ലാക്ക് ഫിനിഷിങ്ങിൽ ആകും സജ്ജീകരിച്ചിട്ടുള്ളതെന്നാണ് പ്രതീക്ഷ. 360-ഡിഗ്രി കാമറ, വയർലെസ് ഫോൺ ചാർജിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ നിസാൻ മാഗ്നൈറ്റ് കുറോ എഡിഷനിൽ ലഭിക്കാൻ സാധ്യതയുണ്ട്.

മാഗ്‌നൈറ്റ് സ്റ്റാൻഡേർഡ് വേരിയന്റുകളുടെ അതേ പവർട്രെയിൻ ഓപ്ഷനാണ് മാഗ്‌നൈറ്റ് കുറോ എഡിഷനും ലഭിക്കുക. 5-സ്പീഡ് മാന്വൽ അല്ലെങ്കിൽ 5-സ്പീഡ് എ.എം.ടി ഓപ്ഷനുകളുമായി ജോടിയാക്കിയ 1.0 ലീറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് കുറോ വകഭേദത്തിന്റെ കരുത്ത്. ഇത് യഥാക്രമം 71 ബി.എച്ച്.പി കരുത്തും 96 എൻ.എം പീക് ടോർക്കും ഉത്പാതിപ്പിക്കും. 6-സ്പീഡ് മാന്വൽ അല്ലെങ്കിൽ സി.വി.ടി ഓപ്ഷനുമായി എത്തുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഇതിനുണ്ട്. ഇത് ഏകദേശം 99 ബി.എച്ച്.പി കരുത്തും 152 എൻ.എം ടോർക്കും നൽകുന്നു.

Tags:    
News Summary - Something big is coming! Nissan Motors' new teaser video raises hopes in the automotive world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.