ഇനിമുതൽ സെൽഫ് ബാലൻസിങ് ഇ.വിയും; 150 കിലോമീറ്റർ റേഞ്ചുമായി ബെയ്‌ഗോ എക്സ് 4

സ്കൂട്ടർ ഓടിക്കാൻ സൈക്കിൾ ബാലൻസ് വേണം എന്നതാണ് മിക്കവരും അനുഭവിക്കുന്ന കടമ്പകളിലൊന്ന്. എന്നാലിനി അതും ആവശ്യമില്ലെന്ന് പറയുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള ഒരു ഇ.വി സ്റ്റാർട്ടപ്പ്. കാരണം ഇവരുടെ ആദ്യ ഇ.വി ബാലൻസ് ചെയ്യാൻ വേറെ ആരുടേയും ആവശ്യമില്ല. ഇതൊരു മുച്ചക്ര വാഹനം ആയതുകൊണ്ടുതന്നെ സ്കൂട്ടർ സ്വയം ബാലൻസ് ചെയ്തുകൊള്ളും എന്നതാണ് വലിയ സൗകര്യം.

ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ എസ്‌.യു.വി എന്നാണ് ഐഗോവൈസ് മൊബിലിറ്റിയുടെ ബെയ്‌ഗോ എക്സ് 4നെ വിശേഷിപ്പിക്കുന്നത്. 150 കിലോമീറ്റർ റേഞ്ചുള്ള ഐഗോവൈസ് ബെയ്‌ഗോ എക്സ് 4 സ്പോർട്ട് യൂട്ടിലിറ്റി വാഹനമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറെന്നാണ് പേരെങ്കിലും സംഭവം ഒരു മുചക്ര വാഹനമാണ്.

തീപിടുത്തത്തിൽ നിന്ന് സമ്പൂർണ്ണ സംരക്ഷണം ലഭിക്കാനായി ഫയർ-റെസിസ്റ്റൻ്റ് ലൈഫ് PO4 ബാറ്ററി പായ്ക്കാണ് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. 60 ലിറ്റർ ബൂട്ട് സ്‌പേസ് ഉള്ള ഇലക്ട്രിക് സ്‌കൂട്ടറിന് ഇൻബിൽറ്റ് പില്യൺ ഫുട്‌റെസ്റ്റ്, വിശാലമായ ഫ്ലാറ്റ് ഫ്ലോർ ലെഗ്റൂം, ട്രിപ്പിൾ ഡിസ്‌ക് ആന്റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റം എന്നീ സവിശേഷതകളും ലഭിക്കും. 6 ഇഞ്ച് ഇന്റഗ്രേറ്റഡ് സ്‌മാർട്ട് ഡിസ്‌പ്ലേയും സെൻസിബിൾ സ്മാർട്ട് ചാർജിങ് ഫീച്ചറുകളും സ്കൂട്ടറിലുണ്ട്.


ട്വിൻ-വീൽ ഇന്റഗ്രേറ്റഡ് പവർ-ട്രെയിൻ സാങ്കേതികവിദ്യയാണ് ബെയ്‌ഗോ എക്സ് 4ൽ ഉപയോഗിക്കുന്നത്. കയറ്റങ്ങളിലോ, ഇറക്കങ്ങളിലോ റിവേഴ്‌സിലോ ഏറെ പ്രായോഗികമാവുന്ന സംവിധാനമാണ് സെൽഫ് ബാലൻസിങ് ഫീച്ചർ. ഓട്ടോ എക്സ്പോയിൽ ലിഗർ മൊബിലിറ്റിയും ഒരു സെൽഫ് ബാലൻസിങ് സ്കൂട്ടറിനെ പ്രദർശിപ്പിച്ചിരുന്നു. എങ്കിലും ഇതുവരെ ഈ മോഡൽ വിപണിയിൽ എത്തിയിട്ടില്ല.

സ്‌മാർട്ട് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS), എഡാസ്, കൊളീഷൻ ഡിറ്റക്ഷൻ അലാറങ്ങൾ, ഡാറ്റാ-ഡ്രൈവ് റൈഡിങ് പാറ്റേൺ ഡിറ്റക്ഷൻ എന്നിവയുൾപ്പെടെയുള്ള മൊബിലിറ്റി സാങ്കേതികവിദ്യകളിലാണ് തങ്ങളുടെ ശക്തിയെന്ന് കമ്പനി പറയുന്നു. ഐഗോവൈസ് എക്സ് 4 ബേസ് വേരിയന്റിന് ഏകദേശം 1.10 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമെന്നാണ് സൂചന. അഞ്ചു വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റിയാണ് കമ്പനി ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്.

ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ നിർമാണ സൗകര്യമുള്ള ഐഗോ മൊബിലിറ്റി സ്റ്റാർട്ടപ്പിന് പ്രതിവർഷം 30,000 യൂണിറ്റുകളുടെ ഉത്പാദന ശേഷിയാണുള്ളത്. വ്യക്തിഗത ഉപയോഗങ്ങൾക്കൊപ്പം ഡെലിവറി പോലുള്ള ആവശ്യങ്ങൾക്കും വാഹനം ഉപയോഗിക്കാനാകും. 26 വ്യാഴാഴ്ച്ച സ്കൂട്ടർ പുറത്തിറക്കും.

Tags:    
News Summary - Self-balancing iGowise BeiGo X4 e scooter unveil on January 26: Claims to be SUV of scooters with 150 km range

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.