25 കിലോമീറ്റർ മൈലേജ്, അഞ്ച് സ്റ്റാർ സുരക്ഷ; എസ്‌.യു.വികളുടെ അധിപത്യത്തിലും ബെസ്റ്റ് സെല്ലറായി ജനപ്രിയ സെഡാൻ

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ എസ്‌.യു.വികൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന കാലത്തും, ഒരു സെഡാൻ കാർ അസാമാന്യമായ ജനപ്രീതി നിലനിർത്തിക്കൊണ്ട് മുന്നേറുകയാണ്. അതും ഇന്ത്യൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ പ്രിയപ്പെട്ട 'സ്വിഫ്റ്റ് ഡിസയർ' (Dzire) ആണ്. വിപണിയിലെ ട്രെൻഡുകളെ പോലും വെല്ലുവിളിച്ചുകൊണ്ട് ഓരോ മാസവും മികച്ച വിൽപ്പന റെക്കോഡുകളാണ് ഈ കോംപാക്ട് സെഡാൻ തിരുത്തി എഴുതുന്നത്.

2026 ജൂൺ മാസത്തിൽ 17,899 യൂനിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ വാഹനമായി സ്വിഫ്റ്റ് ഡിസയർ മാറി. തൊട്ടുമുമ്പത്തെ മാസമായ മേയ് മാസത്തിൽ 24,546 യൂനിറ്റുകൾ വിറ്റഴിച്ച് എസ്‌.യു.വികളെയും ഹാച്ച്‌ബാക്കുകളെയും പിന്തള്ളി ഡിസയർ ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 2.3 ലക്ഷം യൂനിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ സെഡാനായി ഡിസയർ ചരിത്രം കുറിച്ചു.


മാരുതിയുടെ ഏറ്റവും പുതിയ 1.2-ലിറ്റർ Z-സീരീസ് പെട്രോൾ എൻജിനാണ് ഡിസയറിന്റെ കരുത്ത്. ഈ എൻജിൻ മാനുവൽ ഗിയർബോക്സിൽ 24.79 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ 25.71 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുമ്പോൾ,സി.എൻ.ജി വേരിയന്റ് 33.73 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത്രയും ഉയർന്ന ഇന്ധനക്ഷമത സാധാരണക്കാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും ഒരുപോലെ ലാഭകരമാണ്.

6.26 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ലഭ്യമാകുന്ന ഡിസയർ, ഒരു സെഡാനിൽ ആളുകൾ ആഗ്രഹിക്കുന്ന എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ട്. 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ, 360-ഡിഗ്രി കാമറ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഡിസയറിനെ കൂടുതൽ ആകർഷകമാക്കുന്നു.


സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും അനുസരിച്ച് വിപണിയിൽ എത്തിയ ഡിസയർ ഗ്ലോബൽ എൻ.സി.എ.പി (Global NCAP) ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ റേറ്റിങ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, എ.ബി.എസ് വിത്ത് ഇ.ബി.ഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ കുടുംബങ്ങൾക്കിടയിൽ ഈ കാറിന്റെ വിശ്വാസ്യത വർധിപ്പിച്ചു.

ഇതിനെല്ലാം പുറമെ, വാണിജ്യ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'ടൂർ എസ്' (Tour S) വേരിയന്റ് ടാക്സി ഉടമകൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. കുറഞ്ഞ പരിപാലനച്ചെലവും മികച്ച മൈലേജും ഇതിനെ ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഇന്ത്യയിലുടനീളമുള്ള മാരുതിയുടെ വിശാലമായ സർവീസ് ശൃംഖലയും, വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന സ്പെയർ പാർട്‌സുകളും ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഇതിനുപുറമെ, സെക്കൻഡ് ഹാൻഡ് വിപണിയിൽ ഡിസയറിന് ലഭിക്കുന്ന മികച്ച റീസെയിൽ വാല്യൂ പുതിയ കാർ വാങ്ങുന്നവരെ ഇതിലേക്ക് ആകർഷിക്കുന്നു.

Tags:    
News Summary - Popular sedan remains best-seller despite SUV dominance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.