ന്യൂഡൽഹി: ജാപ്പനീസ് വാഹനനിർമ്മാതാക്കളായ നിസ്സാൻ ഇന്ത്യ വിടുന്നെന്ന ശക്തമായ അഭ്യൂഹങ്ങൾ ഈയിടെ പ്രചരിക്കുന്നുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി വലിയ തോതിൽ ലോകവ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടാൻ നിസാൻ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതെല്ലം തന്നെ വാഹനപ്രേമികളുടെ ഇടയിൽ വലിയ ചർച്ചക്കിടയാക്കിയുന്നു. എന്നാൽ കമ്പനി ഇന്ത്യയിൽ തന്നെ തുടരുമെന്ന് നിസാൻ ഇറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയിലെ ഡീലർമാരോടും ഉപഭോക്താക്കളോടും നിസാൻ എന്നും പ്രതിബദ്ധത പുലർത്തുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
ഈ അഭ്യുഹങ്ങൾക്കിടയിലും നിസാൻ ലോകവ്യാപകമായി അവരുടെ എക്കാലത്തെയും മികച്ച വാഹനങ്ങളിൽ ഒന്നായ മൈക്രയുടെ ഇലക്ട്രിക് വകഭേദം പുറത്തിറക്കിയിരിക്കുകയാണ്. എന്നാൽ മൈക്രയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക വരവ് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 40 വർഷത്തെ പാരമ്പര്യമുള്ള നിസ്സാൻ മൈക്രയുടെ ഇലക്ട്രിക് വകഭേദം ആദ്യമായാണ് കമ്പനി ഇറക്കുന്നത്. ഈ വർഷത്തോടെ വാഹനം യൂറോപ്യൻ വിപണിയിൽ എത്തുമെന്ന് നിസാൻ പറഞ്ഞു.
പുതിയ മൈക്ര ഇ.വി ഡിസൈൻ ചെയ്തിരിക്കുന്നത് ലണ്ടനിലാണ്. ഡബിൾ ടോൺ ഓപ്ഷനിൽ ലഭിക്കുന്ന മൈക്ര 14 നിറങ്ങളിൽ ലഭ്യമാകും. 18 ഇഞ്ച് വീലുകളിൽ ഒരു ആക്റ്റീവ് വീൽ കവറും ഐകോണിക്, സ്‌പോർട്ടി അലോയ് വീലുകളും മൈക്രയുടെ മറ്റൊരു പ്രത്യേകതയാണ്. എസ്.യു.വി മോഡലിൽ എത്തുന്ന മൈക്രയ്ക്ക് ടെയിൽലാമ്പുകളിൽ മനോഹരമായ വൃത്താകൃതിയിലുള്ള എൽ.ഇ.ഡി ലൈറ്റിങും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജാപ്പനീസ് പൈതൃകത്തെ ആദരിച്ചുകൊണ്ട് മൈക്രയുടെ മുൻ സീറ്റുകളുടെ ഇടയിലുള്ള സ്റ്റോറേജ് സ്പെയിസിൽ മൗണ്ട് ഫ്യുജി ഔട്ട്‌ലൈൻ മറ്റൊരു കൗതുകമാണ്. 10.1 ഇഞ്ചിന്റെ ഡ്രൈവർ ഡിസ്‌പ്ലേയും 10.1 ഇഞ്ചിന്റെ ടച്ച്‌സ്‌ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റവുമാണ് മൈക്ര ഇ.വിയുടെ ഉൾവശത്ത് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ മുൻവശത്തെ രണ്ട് സീറ്റുകളും വെന്റിലേറ്റഡ് സീറ്റുകളാണ്. ഗൂഗിൾ ബിൽഡ്-ഇൻ സർവീസ് നിസ്സാൻ കണക്ടുമായി സംയോജിപ്പിച്ച് മൈക്രയിൽ ഉൾപെടുത്തിയതിനാൽ കൂടുതൽ സുരക്ഷ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്) ലെവൽ 2വും മൈക്രയിലുണ്ട്.
നിസാൻ മൈക്ര രണ്ട് ബാറ്ററി ഓപ്ഷനുകളുമായാണ് വിപണിയിലെത്തുന്നത്. 40kWh വേരിയന്റിൽ ലഭിക്കുന്ന മോഡലിന് 308 കിലോമീറ്റർ റേഞ്ചും 52kWh ബാറ്ററി പാക്കിൽ 408 കിലോമീറ്റർ റേഞ്ചുമാണ് ലഭിക്കുക. വാഹനത്തിന്റെ പരമാവധി പവർ ഔട്ട്പുട്ട് 90kW ഉം 110kW ഉം ആയിരിക്കും. ഇത് മാക്സിമം 245 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഫാസ്റ്റ് ചാർജിങിൽ 52kWh മോഡൽ 100kW ഡി.സി ചാർജർ ഉപയോഗിച്ച് 30 മിനിറ്റുകൊണ്ട് 15% മുതൽ 80% വരെ ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ വെഹിക്കിൾ-ടു-ലോഡ് (V2L) സാങ്കേതികവിദ്യയും മൈക്ര ഇ.വിയുടെ പ്രത്യേകതയാണ്. നിലവിൽ വാഹനത്തിന്റെ വിലയും ഔദ്യോഗികമായി പുറത്തിറങ്ങുന്ന തിയ്യതിയും കമ്പനി അറിയിച്ചിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.