മൂന്നാം തലമുറ എക്സ് വൺ അവതരിപ്പിച്ച് ബി.എം.ഡബ്ല്യു; വില 45.90 ലക്ഷം മുതൽ

മൂന്നാം തലമുറ എക്സ് വൺ അവതരിപ്പിച്ച് ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ബെംഗളുരുവില്‍ നടക്കുന്ന ബി.എം.ഡബ്ല്യു ജോയ് ടൗണ്‍ ഫെസ്റ്റിവലിലായിരുന്നു ലോഞ്ച്. പെട്രോള്‍ പതിപ്പിന് 45.90 ലക്ഷം രൂപയും ഡീസലിന് 47.90 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം വരുന്നുണ്ട്. ഓള്‍-വീല്‍ ഡ്രൈവ് ഒഴിവാക്കി. പുതിയ എസ്‌.യു.വിയുടെ ബുക്കിങ് ബി.എം.ഡബ്ല്യു നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 50,000 രൂപ ടോക്കണ്‍ തുകക്ക് ഡീലര്‍ഷിപ്പുകളില്‍ നിന്ന് വാഹനം ബുക്ക് ചെയ്യാം. ഡീസല്‍ പതിപ്പിന്റെ ഡെലിവറി ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. പെട്രോള്‍ പതിപ്പ് കസ്റ്റമേഴ്‌സിന്റെ കൈയ്യില്‍ കിട്ടാന്‍ 2023 ജൂണ്‍ ആകുമെന്നാണ് ബീമർ അധികൃതർ വ്യക്തമാക്കുന്നത്.

എക്സ്റ്റീരിയർ

മുന്‍ഗാമിയേക്കാള്‍ വലിയ വാഹനമാണ് പുതിയ എക്സ് 1. നീളം 53 എംഎം, വീതി 24 എംഎം, ഉയരം 44 എംഎം, വീല്‍ബേസ് 22 എം.എം എന്നിങ്ങനെയാണ് വര്‍ധിച്ചത്. വലിയ ഗ്രില്‍, ഹെഡ്ലാമ്പുകളിൽ ഇന്‍വെര്‍ട്ടഡ് 'എൽ'ആകൃതിയിലുള്ള ഡിആര്‍എല്ലുകൾ, ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ എസ്‌.യു.വിയുടെ സവിശേഷതയാണ്. 18 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുക.

പിന്നിൽ സ്ലിം റാപറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകള്‍ കാണാം. മുൻ വശത്തിന് സമാനമായി സില്‍വര്‍ ഇന്‍സെര്‍ട്ടുകളുള്ള സ്‌കള്‍പ്‌ചേര്‍ഡ് പിന്‍ ബമ്പറും നൽകിയിട്ടുണ്ട്. എം സ്പോര്‍ട്ട് വേരിയന്റുകള്‍ക്ക് ഇരുഭാഗത്തെയും ബമ്പറുകള്‍ക്ക് സ്പോര്‍ട്ടിയര്‍ ഡിസൈന്‍ കമ്പനി സമ്മാനിച്ചിട്ടുണ്ട്.


ഇന്റീരിയർ

ഉള്ളിലെ ഏറ്റവും വലിയ അപ്ഡേറ്റ് പുതിയ കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയുടെ രൂപത്തിലാണ്. X7, 7 സീരീസ്, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ തുടങ്ങിയ മറ്റ് പുതിയ ബിഎംഡബ്ല്യു മോഡലുകളിലുള്ള ഫീച്ചറാണിത്. സ്റ്റോറേജ് സ്പെയ്സുകളും കുറച്ച് ഫിസിക്കല്‍ ബട്ടണുകള്‍ ഉള്‍ക്കൊള്ളുന്ന ഫ്‌ലോട്ടിങ് സെന്റര്‍ കണ്‍സോളുമുള്ള കൂടുതല്‍ വൃത്തിയുള്ള ഡാഷ്ബോര്‍ഡ് ഡിസൈനും പ്രത്യേകതയാണ്. സ്ലിം എ.സി വെന്റുകള്‍ ഇപ്പോള്‍ ഡാഷ്‌ബോര്‍ഡില്‍ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു.

ഫീച്ചറുകൾ

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹാർമൻ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, എഡാസ് ഫീച്ചറുകള്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിങ് അസിസ്റ്റ് എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെ എസ്‌യുവിയില്‍ കാണാം. രണ്ട് വേരിയന്റുകളിലും സ്പോര്‍ട്സ് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുമ്പോള്‍ M സ്പോര്‍ട്ട് പതിപ്പില്‍ ഫ്രണ്ട് സീറ്റുകള്‍ക്ക് മസാജ് ഫംഗ്ഷന്‍ ബിഎംഡബ്ല്യു ഓഫര്‍ ചെയ്യുന്നു. ബൂട്ട്‌സ്‌പെയിസ് 476 ലിറ്ററാണ്.


എഞ്ചിൻ

എസ് ഡ്രൈവ് 18 ഐ പെട്രോള്‍, എസ് ഡ്രൈവ് 18 ഡി ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 134 bhp പവറും 230 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 148 bhp കരുത്തും 360 Nm ടോര്‍ക്കും പുറത്തെടുക്കും. രണ്ട് എഞ്ചിനുകളും 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

പെട്രോള്‍ പതിപ്പ് 9.2 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മറിച്ച് ഡീസല്‍ പതിപ്പിന് ഈ വേഗത കൈവരിക്കാന്‍ വെറും 8.9 സെക്കന്‍ഡ് സമയം മതി. എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 16.3 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. ഡീസല്‍ പതിപ്പ് എ.ആർ.എ​.ഐ സാക്ഷ്യപ്പെടുത്തിയ 20.37 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. മെര്‍സിഡീസ് ബെന്‍സ് GLA, ഔഡി Q3, മിനി കണ്‍ട്രിമാന്‍, വോള്‍വേ XC40 എന്നിവയാണ് എതിരാളികള്‍.

Tags:    
News Summary - New BMW X1 launched at Rs 45.90 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.