നഗര യാത്രികരേ ഇതിലേ, ഇതിലേ; ലക്ഷണമൊത്ത അർബൻ ഇ.വിയുമായി എം.ജി

നഗര യാത്രകൾ എന്നും വാഹന ഉടമകളുടെ ഉറക്കംകെടുത്താറുണ്ട്. ട്രാഫിക് കുരുക്കിൽ​െപ്പട്ട് നഷ്ടപ്പെടുന്ന മണിക്കൂറുകൾ, എരിഞ്ഞുതീരുന്ന ഇന്ധനം, പാർക്കിങ്ങിന്റെ പേരിൽ അനുഭവിക്കുന്ന സംഘർഷങ്ങൾ എല്ലാം ഇന്ത്യൻ നഗര യാത്രകളെ ദുരിതപൂർണമാക്കാറുണ്ട്. ഇതിന് പരിഹാരമാണ് അർബൻ ഇ.വികൾ. ചൈന പോലുള്ള രാജ്യങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നതും ഇത്തരം കുഞ്ഞൻ ഇ.വികളാണ്. ഇത്തരമൊരു വാഹനം ഇന്ത്യയിലും എത്തുകയാണ്, ​പേര് എം.ജി കോമറ്റ്.

വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് എം.ജി കോമറ്റ് നിർമിച്ചിരിക്കുന്നത്. കാറിന്റെ ചത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എംജി എയർ ഇ.വിയെന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനത്തിന് കോമെറ്റ് എന്നാണ് എം.ജി പേര് സമ്മാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ഓസ്ട്രേലിയ മെക്റോബർട്സൺ എയർ റെയ്സിൽ പങ്കെടുത്ത 1934 മോഡൽ ബ്രിട്ടീഷ് വിമാനത്തിൽ നിന്നാണ് പുതിയ വാഹനത്തിന്റെ പേര് കണ്ടെത്തിയത് എന്നാണ് എം.ജി പറയുന്നത്.

ഇന്തൊനീഷ്യയിൽ വിൽക്കുന്ന വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2.9 മീറ്റർ നീളമുള്ള മൂന്നു ഡോർ കാറിൽ നാലുപേർക്ക് സഞ്ചരിക്കാനാകും. 2010 മില്ലീമീറ്റർ ആണ് വീൽബേസ്. മാരുതി സുസുകി ഓൾട്ടോയെക്കാളും ടാറ്റ നാനോയെക്കാളും വലുപ്പം കുറഞ്ഞ വാഹനമായിരിക്കും എം.ജിയുടെ ഇലക്ട്രിക് കാർ.

നീളം കുറവും ബോക്‌സി സ്റ്റൈലിങും താരതമ്യേന നീളമുള്ള വീൽബേസും എം.ജി എയർ ഇ.വിക്ക് ഓമനത്വം തുളുമ്പുന്ന ഡിസൈൻ സമ്മാനിക്കും. ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാനും പ്രാപ്‌തമായിരിക്കും. ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറും ക്രോം സ്ട്രിപ്പുകളും പ്രീമിയം ഫീലാണ് വാഹനത്തിലേക്ക് കൊണ്ടുവരിക. ഡ്യുവൽ-ടയർ ഹെഡ്‌ലൈറ്റുകൾ, ബ്ലാക്ക് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഷോൾഡർ ലൈനുകൾ എന്നിവയും ഡിസൈനിനോട് നീതി പുലർത്തുന്നവയാണ്.

പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ഇന്റീരിയർ, കണക്റ്റഡ് കാർ ടെക്ക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയുണ്ട്. എം.ജി സിഎസിനെപ്പോലെ മുൻലോഗോയ്ക്കു പിന്നിലാണ് ചാർജിങ് പോർട്ട്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, 2-സ്‌പോക്ക് സ്റ്റിയറിങ് വീൽ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിങ് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നീ സവിശേഷതകളാൽ എംജിയുടെ കോമെറ്റ് സമ്പുഷ്‌ടമായിരിക്കും. ഒന്നിലധികം ബാറ്ററി പായ്ക്കുകളിൽ വാഹനം ലഭ്യമാവുമെങ്കിലും ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

20 kWh മുതൽ 25 kWh വരെ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും വാഹനത്തിന്. ടാറ്റ ഓട്ടോകോമ്പിൽ നിന്നായിരിക്കും ബാറ്ററി. 200 കിലോമീറ്റർ മുതൽ 300 കിലോമീറ്റരർ വരെ റേഞ്ച് ലഭിക്കും എന്നാണ് കരുതുന്നത്. 68 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും ഉപയോഗിക്കുക. ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും. കാറിന്റെ അടിസ്ഥാന വില ഏകദേശം 10.5 ലക്ഷം രൂപയിൽ നിന്നും ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - MG Comet EV for India revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.