മൈൽഡ് ഹൈബ്രിഡിൽ ടർബോ കരുത്ത്; ഫ്രോങ്സിലെ 'ടർബോ ബൂസ്റ്റർജെറ്റ് എൻജിൻ' ബ്രെസ്സയിലെത്തുമ്പോൾ...

ഇന്ത്യയിലെ കരുത്തുറ്റ വാഹനനിർമാതാക്കളായ മാരുതി സുസുകി, കോംപാക്ട് എസ്.യു.വി വാഹന വിപണിയിൽ കമ്പനിക്ക് മികച്ച സാന്നിധ്യം നേടിക്കൊടുത്ത ബ്രെസ്സയുടെ ഫേസ് ലിഫ്റ്റ് വകഭേദം നിരത്തുകളിൽ എത്തുന്നതോടെ വിപണിയിൽ പുതിയ റെക്കോഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുകി. ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന 7.40 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ആരംഭിക്കുന്ന ബ്രെസ്സയിൽ നിരവധി ഫീച്ചറുകളാണ് കമ്പനി നൽകിയിരിക്കുന്നത്. അത് മാത്രമല്ല 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനും മോഹവിലയിൽ ഉപഭോക്താക്കൾക്കായി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.


മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയിൽ ടർബോ പെട്രോൾ കരുത്തുകൂടെ കോർത്തിണക്കുമ്പോൾ ബ്രെസ്സ കോംപാക്ട് എസ്.യു.വി മികച്ച പവർ ഉത്പാദിപ്പിക്കുമെന്നതിൽ സംശയമില്ല. മാരുതിയുടെ ബെസ്റ്റ് സെല്ലിങ് ക്രോസോവർ എസ്.യു.വിയായ ഫ്രോങ്സിൽ കമ്പനി ഉപയോഗിച്ചിട്ടുള്ള 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എൻജിൻ തന്നെയാണ് ബ്രെസ്സയിലും നൽകിയിരിക്കുന്നത്. എന്നാൽ, ഇരു വാഹനങ്ങളും ഉത്പാദിപ്പിക്കന്ന പവർ വ്യത്യസ്തമാണ്. 998 സി.സി കരുത്തിൽ 3 സിലിണ്ടറുമായി എത്തുന്ന ഫ്രോങ്സ് ടർബോ ബൂസ്റ്റർജെറ്റ് എൻജിനിൽ 100 എച്ച്.പി കരുത്തും 147 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഇതേ എൻജിൻ ബ്രെസ്സയിൽ 110 എച്ച്.പി കരുത്തും 170 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം, ഫ്രോങ്സ് എസ്.യു.വിക്ക് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് സംവിധാനം ലഭിക്കുമ്പോൾ ബ്രെസ്സയിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമേ മാരുതി സജ്ജീകരിച്ചിട്ടുള്ളൂ.


1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനിൽ LXi വേരിയന്റ് 7.40 ലക്ഷം എക്സ് ഷോറൂം വിലയിൽ ആരംഭിക്കുമ്പോൾ VXi വേരിയന്റ് 8.55 ലക്ഷം (എക്സ് ഷോറൂം) രൂപയിൽ ലഭ്യമാകും. കൂടാതെ ZXi വേരിയന്റ് 9.85 ലക്ഷം രൂപയിലും, ഇതിന്റെ ഡ്യൂവൽ-ടോൺ 9.99 ലക്ഷം (എക്സ് ഷോറൂം) രൂപയിലും ലഭ്യമാണ്. ടർബോ കരുത്തിലെ ഏറ്റവും ടോപ് എൻഡ് മോഡലായ ZXi Plus വേരിയന്റ് 11.16 ലക്ഷം രൂപയിലും, ഡ്യൂവൽ-ടോൺ 11.31 ലക്ഷം (എക്സ് ഷോറൂം) രൂപയിലും ഉപഭോക്താക്കൾക്ക് സ്വന്തമാകാം. ടർബോ പെട്രോൾ എന്ജിന് പുറമെ, 1.5 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ മാനുവൽ, 1.5 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്, 1.5 ലിറ്റർ സി.എൻ.ജി മാനുവൽ എന്നീ എൻജിൻ വകഭദങ്ങളും ബ്രെസ്സക്ക് ലഭിക്കുന്നു.


മുഖംമിനുക്കി എത്തുന്ന മാരുതി സുസുകി ബ്രെസ്സയിൽ 10.1 ഇഞ്ച് ഇൻഫോടൈന്മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, 64 നിറങ്ങളിൽ ആമ്പിയന്റ് ലൈറ്റിങ്, ഡ്യൂവൽ-ടോൺ ഡാഷ് ബോർഡ്, എയർ പ്യൂരിഫിക്കേഷൻ, എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, 16-ഇഞ്ച് അലോയ് വീലുകൾ, എൽ.ഇ.ഡി ടൈൽ ലാമ്പുകൾ, ലെവൽ 1 ADAS, 360 ഡിഗ്രി കാമറ, മുൻവശത്ത് പാർക്കിങ് സെൻസർ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ മാരുതി സുസുകി ബ്രെസ്സ കോംപാക്ട് എസ്.യു.വി.

Tags:    
News Summary - Turbo power in mild hybrid; When the Turbo Boosterjet Engine from the Frox comes to the Brezza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.