വാഹന പ്രേമികളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ ജിംഖാന ഫയൽസ് സ്റ്റണ്ട് ഷോയിലൂടെ പ്രശസ്തനായ ഡ്രൈവർ കെൻ ബ്ലോക് അപകടത്തിൽ മരിച്ചു. മഞ്ഞിലൂടെ ഓടിക്കുന്ന സ്നോമൊബൈൽ അപകടത്തിലാണ് 55 കാരൻ മരിച്ചത്. പ്രൊഫഷണൽ റാലി കാർ ഡ്രൈവറും കാർ കൾച്ചർ ഗ്രൂപ്പായ ഹൂനിഗന്റെ സഹസ്ഥാപകനുമായിരുന്നു കെൻ ബ്ലോക്ക്. ഹൂനിഗന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് കെന്നിന്റെ മരണവാർത്ത ലോകം അറിഞ്ഞത്.
ഉത്തായിലെ വാസാച്ച് കൗണ്ടിയിൽ വച്ചാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഒരു ചരിവിലൂടെ സ്നോ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് 55 കാരനായ കെന്നിന് അപകടം സംഭവിക്കുന്നത്. ഉത്തായിലെ വുഡ്‌ലാന്റിന് പുറത്തുള്ള മിൽ ഹോളോ ഏരിയയിലെ കുത്തനെയുള്ള ചരിവിൽ മറ്റ് സംഘത്തിനൊപ്പം വാഹനമോടിക്കുകയായിരുന്നെങ്കിലും അപകടം നടക്കുമ്പോൾ കെൻ തനിച്ചായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഓട്ടോമൊബൈൽ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ഹൂനിഗൻ പ്രസ്താവനയിൽ പറഞ്ഞു.
കാർ ഡ്രിഫ്റ്റിങ്ങിലെ അതികായനായനായാണ് കെൻ ബ്ലോക് അറിയപ്പെട്ടിരുന്നത്. തന്റെ ഡ്രൈവിങ് വൈദഗ്ധ്യവും അപകടകരമായ സ്റ്റണ്ടുകളും കൊണ്ടാണ് സൈബർ ലോകത്ത് കെൻ ബ്ലോക് പ്രശസ്തനായത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ റാലി കാർ ഡ്രൈവർമാരിൽ ഒരാളുമായിരുന്നു കെൻ. കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന നിരവധി വീഡിയോകൾ കെൻ ബ്ലോക്ക് പുറത്തിറക്കിയിട്ടുണ്ട്.
ജിംഖാന ഫയൽസ് എന്ന പേരിൽ കെൻ ബ്ലോക്ക് പുറത്തിക്കുന്ന വിഡിയോകൾക്ക് ഏറെ ആരാധകരുണ്ട്. അമസോൺ പ്രൈമിൽ ജിംഖാന ഫയൽസ് സീരീസും അവതരിപ്പിച്ചിരുന്നു. യൂ ട്യബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സ് കെന്നിന് ഉണ്ടായിരുന്നു. 2015-ലാണ് കെൻ ബ്ലോക്ക് തന്റെ റാലി കരിയർ ആരംഭിക്കുന്നത്. തുടർന്ന് റാലി അമേരിക്ക ചാമ്പ്യൻഷിപ്പിൽ റൂക്കി ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ലോക റാലി ചാമ്പ്യൻഷിപ്പിൽ മത്സരിക്കുകയും എക്‌സ് ഗെയിംസിൽ നിരവധി റാലിക്രോസ് മെഡലുകൾ നേടുകയും ചെയ്‌തു.
കെന്നത്ത് പോൾ ബ്ലോക്ക് എന്നാണ് കെൻ ബ്ലോക്കിന്റെ മുഴുവൻ പേര്. സ്കേറ്റ്ബോർഡ് ബ്രാൻഡായ ഡിസി ഷൂസിന്റെ സഹസ്ഥാപകരിൽ ഒരാളായിരുന്നു ബ്ലോക്ക്. സ്കേറ്റ്ബോർഡിംഗ്, സ്നോബോർഡിംഗ്, മോട്ടോക്രോസ് എന്നിവയുൾപ്പെടെ നിരവധി ആക്ഷൻ കായിക ഇനങ്ങളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഡിസി ഷൂസിന്റെ ഉടമസ്ഥാവകാശം വിറ്റതിന് ശേഷം, വാഹന പ്രേമികൾക്കുള്ള വസ്ത്ര ബ്രാൻഡായ ഹൂനിഗൻ ഇൻഡസ്ട്രീസിലേക്ക് ബ്ലോക്ക് തന്റെ ബിസിനസ് ശ്രദ്ധ തിരിക്കുകയായിരുന്നു.
കെന്നിന്റെ വീഡിയോകൾക്ക് 100 കോടിയിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. അടുത്ത ജിംഖാന പ്രോജക്ടിൽ ബ്ലോക്കുമായുള്ള സഹകരണം ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഔഡി തങ്ങളുടെ അടുത്ത പ്രോജക്റ്റിൽ ബ്ലോക്കിനായി ഒരു കസ്റ്റമൈസ്‌ഡ് ഇ-ട്രോൺ ഇവി നിർമിക്കാനായിരുന്നു പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.