പുതുവർഷത്തിലെ ആദ്യ മാസത്തില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില്‍പ്പന കുറഞ്ഞതായി റിപ്പോര്‍ട്ട്. 2022 ഡിസംബറിൽ ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന വില്‍പ്പനയില്‍ എത്തിയതിന് ശേഷമാണ് ഈ ഇടിവ്. 2023 ജനുവരിയിൽ 18.7 ദശലക്ഷം ടണ്ണായിരുന്നു രാജ്യത്തെ ഇന്ധന ഉപഭോഗം എന്ന് കേന്ദ്ര എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) ഡാറ്റ വ്യക്തമാക്കുന്നു. ഇന്ധന ഉപഭോഗം മുൻ മാസത്തേക്കാൾ 4.6 ശതമാനം കുറവായിരുന്നു എന്നാണിത് കാണിക്കുന്നത്. ജനുവരിയിൽ ഡീസൽ വിൽപ്പന 7.6 ശതമാനം ഇടിഞ്ഞ് 7.18 ദശലക്ഷം ടണ്ണായി. പെട്രോളിന്റെ വിൽപ്പന 5.3 ശതമാനം ഇടിഞ്ഞ് 2.82 ദശലക്ഷം ടണ്ണായി എന്നും പിപിഎസി ഡാറ്റ കാണിക്കുന്നു.
കാരണങ്ങൾ
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥയും വ്യാവസായിക പ്രവർത്തനത്തിലെ മാന്ദ്യവും മൂലം ചരക്കുനീക്കം ഉള്‍പ്പെടെയുള്ള ഗതാഗതം കുറഞ്ഞതിനെത്തുടർന്നാണ് ഈ ഇടിവെന്നാണ് വിലയിരുത്തൽ. ഉത്സവ സീസൺ അവസാനിച്ചതും ഇടിവിന് പിന്നില്‍ മുഖ്യ പങ്കു വഹിച്ചിരിക്കാം എന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ വ്യവസായ ഉൽപ്പാദനം ഈ വർഷം ആരംഭിച്ചത് ദുർബലമായ നിലയിലാണ്.
വാഹന വിൽപ്പന വർധിക്കുന്നു
പാസഞ്ചർ വെഹിക്കിൾ (പി.വി) വിൽപ്പന ജനുവരിയിൽ 22 ശതമാനം ഉയർന്ന് 3,40,220 യൂനിറ്റുകളായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020ന് മുമ്പുള്ള കോവിഡ് കാലത്തില്‍ നിന്ന് വാഹന വിൽപ്പന എട്ട് ശതമാനം വർധിച്ചു, ആരോഗ്യകരമായ ബുക്കിംഗുകളും മെച്ചപ്പെട്ട വിതരണ ശൃംഖയലും ഇതിന് സഹായിച്ചുവെന്നും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ ഡാറ്റ വ്യക്തമാക്കുന്നു.
പാചക വാതകം അല്ലെങ്കിൽ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വിൽപ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 2.1 ശതമാനം കുറഞ്ഞ് 2.51 ദശലക്ഷമായി, നാഫ്‍ത വിൽപ്പന 14.4 ശതമാനം കുറഞ്ഞ് 1.23 ദശലക്ഷം ടണ്ണായി. റോഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ബിറ്റുമെൻ വിൽപ്പന 20 ശതമാനം കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.