ഹോണ്ട ഇസഡ്ആർ–വി 

സ്ട്രോങ്ങ് ഹൈബ്രിഡിൽ 22.8 കി.മി മൈലേജ്! ഹോണ്ട 'ഇസഡ്ആർ–വി' ഇന്ത്യൻ വിപണിയിൽ

ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയുടെ ഫ്ലാഗ്ഷിപ് എസ്.യു.വി ഇസഡ്ആർ–വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 48 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഇതോടെ പ്രാദേശിക വാഹനനിരയിൽ ഒന്നാം സ്ഥാനത്താണ് ഇസഡ്ആർ–വി എസ്.യു.വി. ജപ്പാനിൽ നിന്ന് സി.ബി.യു ആയി ഇറക്കുമതി ചെയ്ത് ഫുൾ ലോഡഡ് വേരിയന്റിലാണ് വാഹനം നിരത്തുകളിൽ എത്തുന്നത്.

ഡിസൈൻ

സെഗ്‌മെന്റിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ ക്രോസോവർ ശൈലിയിലാണ് ഇസഡ്ആർ–വി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻവശത്ത്, എൽ-ആകൃതിയിലുള്ള ഡി.ആർ.എൽ, എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ, വെർട്ടിക്കൽ രീതിയിലുള്ള ഗ്രിൽ, ബമ്പറിൽ ഫങ്ഷണൽ എയർ വെന്റുകൾ എന്നിവ വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു. കൂടാതെ, 18 ഇഞ്ച് ഡ്യൂവൽ-ടോൺ അലോയ് വീലുകൾ, ക്ലിയർ ലെൻസ് ടൈൽ-ലാമ്പുകൾ, റൂഫ് സ്പോയ്ലർ, ഡ്യുവൽ-എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ZR-V, e:HEV ബാഡ്ജിങ് എന്നിവയും ഇന്റീരിയറിൽ കാണാം. ട്വിലൈറ്റ് മിസ്റ്റ് ബ്ലാക്ക് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നീ നാല് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാൻ അവസരമുണ്ട്.

ക്യാബിനും ഫീച്ചറുകളും

മികച്ച ഫീച്ചറുകളോടെയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉൾപ്പെടുത്തിയുമാണ് ഹോണ്ട ഇസഡ്ആർ–വി എസ്.യു.വി ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് ഹണികോമ്പ് ഗ്രിൽ ഡിസൈനും എയർ വെന്റുകളും വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 12-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറിയുള്ള 8-വേ പവർഡ് ഡ്രൈവർ സീറ്റ്, 4-വേ പവർഡ് ഫ്രണ്ട് പാസഞ്ചർ സീറ്റ്, വയർലെസ് ചാർജിങ്, ജെസ്റ്റർ കൺട്രോൾ, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയ ഫീച്ചറുകൾ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.


സുരക്ഷക്ക് മുൻഗണന നൽകുന്നതിനാൽ ലെവൽ 2 ADAS, 360-ഡിഗ്രി കാമറ, 8 എയർബാഗുകൾ, ടയർ-പ്രഷർ മോണിറ്ററിങ്, ഹിൽ-സ്റ്റാർട്ട്, ഹിൽ-ഡിസെന്റ് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ISOFIX ചൈൽഡ്-സീറ്റ് മൗണ്ടുകൾ എന്നിവ ഇസഡ്ആർ–വിയിൽ ലഭ്യമാണ്. അതേമയം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ്, ഹീറ്റഡ് അല്ലെങ്കിൽ മസാജിങ് ഫ്രണ്ട് സീറ്റുകൾ എന്നിവ എസ്.യു.വിയിൽ നിന്ന് ഒഴുവാക്കിയിരിക്കുന്നു.

ഹൈബ്രിഡ് പവർട്രെയിൻ

ഹൈബ്രിഡ് കരുത്തിൽ മാത്രമേ വാഹനം നിരത്തുകളിൽ എത്തുകയുള്ളൂ. അതിനാൽ തന്നെ ടർബോ-പെട്രോൾ എൻജിനുകൾ വാഗ്‌ദാനം ചെയ്യുന്ന വാഹനങ്ങളിൽ നിന്നും ഇസഡ്ആർ–വിക്ക് പ്രത്യേക ഐഡന്റിറ്റി നൽകുന്നുണ്ട്. രണ്ട് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം പ്രവർത്തിക്കുന്ന അറ്റ്കിൻസൺ സൈക്കിളിനെ അടിസ്ഥാനമാക്കിയുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ ഹോണ്ട ഉപയോഗിച്ചിട്ടുള്ളത്.


ഈ എൻജിൻ പരമാവധി 184 എച്ച്.പി കരുത്തും 315 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ e-CVT ഗിയർബോക്സ് വഴി മുൻവശത്തെ വീലുകളിലേക്ക് കൂടുതൽ കരുത്ത് നൽകുന്നു. 7.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന വാഹനനത്തിന്റെ പരമാവധി വേഗത പരിധി മണിക്കൂറിൽ 172 കിലോമീറ്ററാണ്. കൂടാതെ ലിറ്ററിൽ 22.8 കിലോമീറ്റർ റേഞ്ചും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Tags:    
News Summary - Honda ZR-V launches in India with a strong hybrid Engine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.