കാലിക്കറ്റ് to മക്കാവു റേസിങ് സ്റ്റാർ റോണക്

വിനോദം എന്നതിനപ്പുറം കേരളത്തിൽ അധികം ശ്രദ്ധനേടിയിട്ടില്ലാത്ത ഒന്നാണ് കാർ റേസിങ് ചാമ്പ്യൻഷിപ്പുകൾ. പലയിടങ്ങളിലും ചെറിയ ചാമ്പ്യൻഷിപ്പുകൾ നടക്കാറുണ്ടെങ്കിലും കേരളത്തിൽ കാർ റേസിങ് അത്ര ജനപ്രിയമായ ഒരു കായിക ഇനമായി ഇനിയും മാറിയിട്ടില്ല. അങ്ങനെയൊരിടത്തുനിന്ന് തന്റെ പാഷൻ മുറുകെപ്പിടിച്ച് കാർ റേസിങ്ങിന്റെ ലോകത്തേക്ക് ഉറപ്പുള്ള ചുവടുകൾ വെക്കുകയാണ് റോണക് സൂരജ് എന്ന കോഴിക്കോട്ടുകാരൻ. തന്റെ 18ാം വയസ്സിലാണ് കേരളത്തിൽനിന്നുള്ള വളർന്നുവരുന്ന മോട്ടോർസ്പോർട്ട് പ്രതിഭയായി റോണക് മാറുന്നത്. ഗോകാർട്ടിങ്ങിൽ തുടങ്ങി പ്രഫഷനൽ കാർ റേസിങ്ങിന്റെ ആദ്യ ഘട്ടങ്ങളിലെത്തിനിൽക്കുന്ന റോണക് തന്റെ സ്വപ്നങ്ങളെ കഠിനാധ്വാനത്തിലൂടെ യാഥാർഥ്യമാക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽതന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ റോണക് നിലവിൽ ഏഷ്യൻ കാർട്ട് റേസിങ് ചാമ്പ്യൻഷിപ്പിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കിക്കഴിഞ്ഞു.

നരേയ്ൻ കാർത്തികേയനൊപ്പം

കാർട്ട് റേസിങ്

മലയാളികൾക്ക് അധികം പരിചിതമല്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് വിനോദങ്ങളിലൊന്നാണ് കാർട്ട് റേസിങ്. മൈക്കൽ ഷൂമാക്കർ, ഹാമിൽട്ടൻ തുടങ്ങി ലോകപ്രശസ്ത റേസിങ് താരങ്ങളെല്ലാം അവരുടെ കരിയർ ആരംഭിച്ചത് കാർട്ട് റേസിങ്ങിലൂടെയായിരുന്നു. ഫോർമുല വൺ പോലെയുള്ള വലിയ റേസിങ് മത്സരങ്ങളിലേക്ക് പ്രവേശിക്കാനുള്ള ആദ്യ പടിയായാണ് ഇതിനെ കണക്കാക്കുന്നത്. വളവുകളും തിരിവുകളുമുള്ള ഇൻഡോർ-ഔട്ട്ഡോർ ട്രാക്കുകളിലാണ് കാർട്ട് റേസിങ് നടക്കുന്നത്.

റോണക് മാതാപിതാക്കൾക്കൊപ്പം

16ാം വയസ്സിലാണ് റോണക് തന്റെ റേസിങ് യാത്ര ആരംഭിക്കുന്നത്. 2025ൽ തായ്‌ലൻഡിൽ നടന്ന എസ്.കെ.ടി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയത് റോണകിന്റെ കരിയറിലെ വലിയ നേട്ടമായി. അന്താരാഷ്ട്ര തലത്തിൽ മത്സരിച്ച ഈ അനുഭവം റേസ് ക്രാഫ്റ്റും ആത്മവിശ്വാസവും വർധിപ്പിക്കാൻ ഏറെ സഹായിച്ചതായി റോണക് പറയുന്നു.

തായ്‍ലൻഡിലെ റേസിങ് ട്രാക്ക്

തായ്‌ലൻഡിലെ റേസിങ് ട്രാക്കിൽ വിജയക്കൊടി പാറിച്ച് കോഴിക്കോട്ടുകാരുടെയും മലയാളികളുടെ ഒന്നാകെയും അഭിമാനമായി മാറുകയായിരുന്നു റോണക്. പട്ടായയിലെ ബിര കാർട്ട് സർക്യൂട്ടിൽ നടന്ന സൂപ്പർ കാർട്ട് തായ്‌ലൻഡ് രാജ്യാന്തര മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ റോണക് സൂരജ് കേരളത്തെ അന്താരാഷ്ട്ര തലത്തിൽതന്നെ അടയാളപ്പെടുത്തുകയായിരുന്നു. സീനിയർ റൂക്കി വിഭാഗത്തിൽ ആദ്യമായിട്ടായിരുന്നു റോണക് മത്സരത്തിനിറങ്ങിയത്. പരിശീലകൻ രാഹുലും തായ്‍ലൻഡിലെ ഡബ്ല്യു.കെ മോട്ടോഴ്സുമാണ് മത്സരത്തിൽ സൂരജിനു പിന്തുണ നൽകിയത്. പിന്നീട് നടന്ന രണ്ടാംറൗണ്ട് മത്സരത്തിൽ മൂന്നാം സ്ഥാനവും റോണക് കരസ്ഥമാക്കിയിരുന്നു. മുമ്പ് ദുബൈയിൽ നടന്ന എൻഡ്യുറൻസ് ചാമ്പ്യൻഷി പ്പിൽ കാർട്ട് റേസിങ് ജൂനിയർ വിഭാഗത്തിൽ ജേതാവായിരുന്നു റോണക്.

റോണക് സൂരജ്

ഏഷ്യൻ താരമാവാൻ മക്കാവുവിലേക്ക്

ഇന്ത്യയിലാദ്യമായി നടത്തിയ ഐ.എ.എം.ഇ ഇന്ത്യ സീരീസ് കാർട്ട് റേസിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലുമായി മലയാളികളുടെ അഭിമാനം വാനോളമുയർത്തി റോണക്. ചൈനയിലെ മക്കാവുവിൽ നടക്കുന്ന ഐ.എ.എം.ഇ ഗ്രാൻഡ് ഫിനാലെയിലേക്കുള്ള യോഗ്യതയും ഇതുവഴി റോണക് കരസ്ഥമാക്കി. കോയമ്പത്തൂരിൽ നടന്ന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ മെഡൽ നേടിയതിനുപിന്നാലെയാണ് ഏഷ്യ ഫിനാലെയിലേക്ക് യോഗ്യത നേടിയത്. വലിയ സാമ്പത്തികബാധ്യത വരുന്നതിനാൽ ചെന്നൈയിലെ മത്സരത്തിൽനിന്നു പിന്മാറാനിരിക്കെയാണ് അവസാനനിമിഷം റോണക് ട്രാക്കിൽ ഇറങ്ങിയത്. ഇന്ത്യയുടെ ഫോർമുല വൺ ചാമ്പ്യൻ നരേയ്ൻ കാർത്തികേയനാണ് സൂരജിന് ട്രോഫിയും മക്കാവുവിലേക്കുള്ള ടിക്കറ്റും സമ്മാനിച്ചത്. മക്കാവുവിന്റെ അന്താരാഷ്ട്ര ട്രാക്കുകളിലേക്ക് കുതിക്കുന്ന റോണക് കേരളത്തിന്റെ മോട്ടോർസ്പോർട്ടിന്റെ ഭാവി പ്രതീക്ഷയായി മാറുകയാണ്.

ബംഗളൂരു ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥിയാണ് റോണക്. കോഴിക്കോട് വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സിനു സമീപം സി.എച്ച് കോളനിയിലെ സൂരജിന്റെയും ലതയുടെയും മകനാണ്.

Tags:    
News Summary - Calicut to Macau: Racing Star Ronak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.