വാഹനങ്ങളുടെ ആയുസ്സിൽ തീരുമാനമായി; സ്വകാര്യവണ്ടികൾ 20 വർഷം, വാണിജ്യ വാഹനങ്ങൾ​ 15 വർഷം

ന്യൂഡൽഹി: വാഹനങ്ങൾ ഉപയോഗിക്കുന്നതിന്​ കാലപരിധി നിശ്​ചയിക്കുന്ന 'കണ്ടംചെയ്യൽ നയം' സർക്കാർ പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾക്ക്​ 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക്​ 15 വർഷവുമാണ്​ കാലാവധി. തുടർന്ന്​ ഇത്തരം വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളിൽ പരിശോധനക്ക്​ വിധേയമാക്കി പൊളിശാലകൾക്ക്​ കൈമാറും. ധനമന്ത്രി നിർമല സീതാരാമൻ 2021-22 ബജറ്റ്​ പ്രഖ്യാപനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇതോടെ വാഹന വിപണിയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ്​ വ്യവസായലോകം പ്രതീക്ഷിക്കുന്നത്​. പഴയവാഹനങ്ങൾ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങൾക്ക്​ ആവശ്യകത വർധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ്​ നിഗമനം. അതേസമയം, സാധാരണക്കാരായ വാഹന ഉടമകൾക്ക്​ ഇത്​ വൻ സാമ്പത്തിക ബാധ്യതയാണ്​ സൃഷ്​ടിക്കുക. ആളുകൾ പുതിയവാഹനം വാങ്ങാൻ നിർബന്ധിതരാകുന്നതോടെ സെക്കൻഡ്​ ഹാൻഡ്​ വാഹന വിപണിയും തകർന്നടിയും.

പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്​ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാൻ സഹായിക്കും.

ഇന്ത്യൻ വാഹന വ്യവസായലോകം ഏറെക്കാലമായി കാത്തിരുന്ന പദ്ധതിയാണിത്​. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സർക്കാർ, പൊതുമേഖലാ വാഹനങ്ങൾ കണ്ടംചെയ്യാൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. പുതിയ നയം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വാഹന നിർമാണ ഹബ്ബായി ഇന്ത്യ മാറുമെന്നും വില കുറയു​മെന്നും ഗതാഗതമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.