ഫ്‌ളാഗ്ഷിപ്പ് മോഡലുമായി ബി.എം.ഡബ്ല്യു, ലോകം മുഴുവൻ എത്തുക 500 യൂണിറ്റ് മാത്രം

ലോക വിപണികള്‍ക്കായി വെറും 500 യൂണിറ്റ് മാത്രം നിര്‍മിക്കുന്ന എക്‌സ്.എം. ലേബല്‍ റെഡ് എന്ന ഫ്‌ളാഗ്ഷിപ്പ്  മോഡലുമായി ജര്‍മന്‍ വാഹന ഭീമൻ ബി.എം.ഡബ്ല്യു. നിലവിലുള്ള എക്‌സ്.എം. എസ്.യു.വിയിൽ ലിമിറ്റഡ് എഡിഷന്‍റേതായ ചില മിനുക്കുപണികള്‍ ചേർത്താണ് ലേബല്‍ റെഡ് പതിപ്പ് എത്തിച്ചിരിക്കുന്നത്.


ചുവപ്പ് നിറയുന്ന അകവും പുറവും

രൂപത്തിലും ഭാവത്തിലും സ്റ്റാൻഡേർഡ് എക്‌സ്.എം തന്നെയാണ് ലേബൽ റെഡ്. എന്നാൽ ലേബൽ റെഡിനെ വേറിട്ടുനിർത്തുന്ന ചില സവിശേഷതകൾ ഉണ്ട്. ചുവപ്പ് നിറത്തിലുള്ള ആക്‌സെന്റുകളും ബോര്‍ഡറുകളും ലേബൽ റെഡിന്‍റെ പ്രത്യേകതയാണ്.


ഗ്രില്ലിലും 23 ഇഞ്ചുള്ള അലോയി വീലിലും ഉള്‍പ്പെടെ വാഹനത്തിന്റെ പല ഭാഗങ്ങളിലും ചുവപ്പ് ഓടിക്കളിക്കുന്നത് കാണാം. കാബിൻ ലേഔട്ട് എക്സ്.എമ്മിന് സമാനമാണെങ്കിലും ചുവപ്പ് നിറത്തിലുള്ള ബോര്‍ഡറുകൾ അകത്തളത്തിലും കാണാം. എ.സി. വെന്റുകള്‍ക്ക് ചുറ്റുമാണ് ഇത് പ്രധാനമായുള്ളത്. സീറ്റുകളിലെ ചുവപ്പ് നിറത്തിലുള്ള തുന്നലുകളും മനോഹരമാണ്.

സൂപ്പര്‍ എസ്.യു.വിയുടെ എഞ്ചിൻ കരുത്ത്

748 ബി.എച്ച്‌.പിയും 1000 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 4.4 ലിറ്റർ V8 എഞ്ചിനാണ് ലേബല്‍ റെഡിന്‍റെ ഹൃദയം. സ്റ്റാൻഡേർഡ് എക്‌സ്‌.എമ്മിനേക്കാൾ 95 ബി.എച്ച്‌.പിയും 200 എൻ.എം ടോർക്കും കൂടുതലാണ് ലേബല്‍ റെഡിന്. വി8 പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറും വാഹനത്തിന് കരുത്തേകും.

19.2 kWh ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. 3.5 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ പെര്‍ഫോമെന്‍സ് കാറിന് വേണ്ടതോ 3.8 സെക്കൻഡ് മാത്രം. 250kmph ആണ് പരമാവധി വേഗത.


ലേബല്‍ റെഡിന്‍റെ വില നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റാന്റേഡ് എക്‌സ്.എം. മോഡലിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്. 2.6 കോടി രൂപയാണ് സ്റ്റാന്റേഡ് എക്‌സ്.എമ്മിന്‍റെ എക്‌സ്‌ഷോറൂം വില. ബി.എം.ഡബ്ല്യുവിൽ നിന്ന് സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും ലേബൽ റെഡ് ഉടൻ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

Tags:    
News Summary - BMW XM Label Red with 748bhp is the most powerful BMW M car yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.