14000 ത്തിലധികം ഇലക്ട്രിക് കാറുകൾ തിരിച്ചുവിളിച്ച് ബി.എം.ഡബ്ല്യൂ; കാരണം അറിയാം...

സോഫ്‌റ്റ്‌വെയർ തകരാറും ബാറ്ററിയിലെ വൈദ്യുതി നഷ്ടപ്പെടലും കാരണം 14000 ത്തിലധികം ഇലക്ട്രിക് കാറുകൾ തിരിച്ചുവിളിച്ച് ബി.എം.ഡബ്ല്യൂ. 2021 ഒക്ടോബർ 14നും 2022 ഒക്‌ടോബർ 28നും ഇടയിൽ നിർമ്മിച്ച ഐ.എക്സ് എസ്‌.യു.വി, ഐ 7, ഐ4 സെഡാനുകൾ എന്നീ ഇ.വികളാണ് ഇതിൽപ്പെടുന്നത്.

ബാറ്ററി ഇലക്ട്രോണിക് കൺട്രോൾ യൂനിറ്റുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നം. തകരാർ പരിഹരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വരുന്നതുവരെ ഉടമകൾക്ക് വാഹനമോടിക്കുന്നത് തുടരാമെന്ന് ബി.എം.ഡബ്ല്യു വ്യക്തമാക്കി.


ഇതാദ്യമായല്ല ബി.എം.ഡബ്ല്യൂ ഇത്തരത്തിൽ ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. ബാറ്ററിയുടെ തീപിടുത്ത സാധ്യത മുന്നിൽ കണ്ട് i4 സെഡാനുകളുടെയും iX എസ്‌.യു.വികളുടെയും കുറച്ച് യൂനിറ്റുകൾ കഴിഞ്ഞ വർഷംതിരിച്ചുവിളിച്ചിരുന്നു.

യു.എസ് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻ.എച്ച്.ടി.എസ്.എ) ആണ് ബാറ്ററിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപിടിക്കാനുള്ള സാധ്യത അന്ന് തിരിച്ചറിഞ്ഞത്. ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടുക്കുന്നതിനിടെയാണ് ടെസ്‌ല, ഫോർഡ് തുടങ്ങിയ പല പ്രമുഖ കമ്പനികളും വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്.


ബാറ്ററി സുരക്ഷയുടെ പേരിൽ ഏകദേശം 49000 മുസ്താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറുകൾതിരിച്ചുവിളിക്കുന്നതായി 2022 ജൂണിൽ ഫോർഡ് പ്രഖ്യാപിച്ചിരുന്നു. വാഹനത്തിന്റെ വിൽപ്പന താൽക്കാലികമായി നിർത്താൻ ഡീലർമാർക്ക് നിർദേശവും നൽകി.

Tags:    
News Summary - BMW recalls over 14,000 EVs due to software malfunction and risk of power loss and crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.