റേഞ്ച് കൂട്ടി ചേതക് ഇലക്ട്രിക്; 18 കിലോമീറ്റർ ഇനിമുതൽ അധികം ലഭിക്കും

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വാഹന വിപണിക്ക് പ്രീമിയം മുഖം സമ്മാനിച്ച ബജാജ് ചേതക് റേഞ്ച് കൂട്ടുന്നു. സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി തട്ടിച്ചു നോക്കുമ്പോൾ റേഞ്ച് കുറവാണെന്നതായിരുന്നു ചേതക്കിന്റെ പോരായ്മ. ഇത് പരിഹരിക്കാനാണ് ഇന്ത്യൻ വാഹന ഭീമനായ ബജാജിന്റെ പുതിയ നീക്കം.

2019ലാണ് ചേതക് നിരത്തിലെത്തിയത്. പരിമിതമായ നഗരങ്ങളിൽ മാത്രമാണ് ആദ്യം ചേതക് ഇ.വി ലഭ്യമായിരുന്നത്. എന്നിട്ടും 2022-ൽ ചേതക്കിന്റെ ഏകദേശം 30,000 യൂനിറ്റുകൾ ഇന്ത്യയിൽ വിൽക്കാൻ ബജാജിന് കഴിഞ്ഞു. 2023-ൽ ഇത് ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ് ബജാജ്.

മെക്കാനിക്കൽ പരിഷ്ക്കാരങ്ങളാണ് ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് പുതുതായി വരുന്നത്. ബാറ്ററി ശേഷി സമാനമായിരിക്കുമെങ്കിലും സോഫ്‌റ്റ്‌വെയറിലും കൺട്രോളർ അൽഗോരിതങ്ങളിലും സൂക്ഷ്മമായ മാറ്റങ്ങളാണ് വരുത്തുന്നത്. ഇതോടെ കൂടുതൽ റേഞ്ച് കൈവരിക്കാൻ ചേതക് ഇവിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. 18 കിലോമീറ്റർ ആണ് ഇത്തരത്തിൽ അധികമായി ലഭിക്കുക. ഇനിമുതൽ ചേതക് ഇ.വിയുടെ റേഞ്ച് 108 കിലോമീറ്റർ ആയിരിക്കും.


അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ബജാജ് ചേതക് വിപണിയിൽ എത്തിയിരുന്നത്. എന്നാൽ പുതിയ പതിപ്പ് വരുന്നതോടെ പ്രീമിയം വകഭേദം മാത്രമേ വിൽപ്പനയ്ക്ക് ഉണ്ടാകൂ. കമ്പനി സമർപ്പിച്ച ടെപ്പ് അപ്രൂവൽ രേഖകളാണ് ഇക്കാര്യത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 50.4 V 57.24 Ah ബാറ്ററിയാണ് ചേതക്കിൽ ഇടംപിടിച്ചിരിക്കുന്നത്. 1,400 rpm-ൽ 16 Nm ടോർക് വികസിപ്പിക്കുന്ന 3.8kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണിത്. ബാറ്ററിയുടെ മാത്രം ഭാരം 24.5 കിലോയാണ്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് റൈഡിങ് മോഡുകൾ ഇവിയിൽ നൽകുന്നുണ്ട്.

പുതിയ ബജാജ് ചേതക് വലിപ്പത്തിൻ്റെ കാര്യത്തിൽ നിലവിലെ മോഡലിന് സമാനമാണ്. ചെറിയ മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ ഇവി അതിന്റെ മെറ്റാലിക് ബോഡി, IP67-റേറ്റഡ് ബാറ്ററി, ട്യൂബ് ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ്‌ വീലുകൾ, ബാക്ക്-ലൈറ്റിംഗ് ഉള്ള സോഫ്റ്റ്-ടച്ച് സ്വിച്ച് ഗിയർ, 18 ലിറ്റർ ബൂട്ട് സ്‌പേസ്, 4 ലിറ്റർ ഗ്ലൗ ബോക്‌സ്, എൽ.ഇ.ഡി ലൈറ്റിംഗ് എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം നിലനിർത്തിയേക്കും.


ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആപ്പ് അധിഷ്‌ഠിത നിയന്ത്രണം, ജിപിഎസ് നാവിഗേഷൻ, കീലെസ് ഇഗ്നിഷൻ തുടങ്ങിയ സവിശേഷതകളും ബജാജ് ചേതക്കിന് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ 1,54,189 രൂപയാണ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുതിയ മോഡലിന് വില വർധിക്കുമോ എന്ന കാര്യം ബജാജ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ബ്രൂക്ലിൻ ബ്ലാക്ക്, ഹേസൽ നട്ട്, ഇൻഡിഗോ മെറ്റാലിക്, വെല്ലുട്ടോ റോസ്സോ എന്നിവയാണ് കളർ ഓപ്ഷനുകൾ. ബജാജ് ഓട്ടോ ഇവിയിലെ ബാറ്ററി പായ്ക്കിന് മൂന്നു വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയാണ് നിലനിൽ നൽകുന്നത്.

Tags:    
News Summary - 2023 Bajaj Chetak Electric Scooter Launch Soon - 18 Km More Range

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.