റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് മോദിയെത്തിയത് സ്ഫോടനങ്ങളിലും തകരാത്ത കരുത്തനൊപ്പം; റേഞ്ച് റോവർ സെന്റിനൽ ആര്?

രാജ്യത്തിന്‍റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തിയത് റേഞ്ച് റോവർ സെന്റിനൽ എന്ന അതിസുരക്ഷാ എസ്.യു.വിയിൽ. ബി.എം.ഡബ്ല്യൂ. 7 സീരീസ് സെഡാൻ, ലാൻഡ്ക്രൂയ്സർ എസ്‌.യു.വി, മെഴ്സിഡസ് മെയ്ബാക്ക് എസ് 650 ഗാർഡ്, റേഞ്ച് റോവർ സെന്റിനൽ ഇവയിൽ ഏതിൽ മോദിയെത്തുമെന്നായിരുന്നു കാത്തിരുന്നത്. ഒടുവിൽ കറുപ്പ് നിറത്തിലുള്ള സെന്റിനൻ എസ്.യു.വിലായിരുന്നു അദ്ദേഹത്തിന്‍റെ വരവ്. നിലവിൽ ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ റേഞ്ച് റോവർ, ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലാണുള്ളത്.

സുരക്ഷ പ്ലസ് കരുത്ത്

ലാൻഡ് റോവർ സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് 2019ൽ അവതരിപ്പിച്ച ഏറ്റവും പുതിയ റേഞ്ച് റോവർ സെന്റിനലിന്റെ പ്രധാന സവിശേഷത കരുത്തും സുരക്ഷയുമാണ്. യാത്രക്കാർക്ക് പരമാവധി പരിരക്ഷ നൽകുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള എസ്.യു.വിയാണിത്.

കൂടാതെ ബാലിസ്റ്റിക് ആക്രമണങ്ങളിൽ നിന്നും സ്ഫോടനങ്ങളിൽ നിന്നും പൂർണ സംരക്ഷണവും വാഹനം ഉറപ്പ് നൽകുന്നു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (െഎ.ഇ.ഡി), ഫ്രാഗ്മെന്റേഷൻ സ്ഫോടനങ്ങൾ ഉൾപ്പെടെയുള്ളവയുള്ളവ ചെറുക്കാൻ കഴിയുന്ന അത്യാധുനികമായ സംവിധാനങ്ങളോടെയാണ് വാഹനത്തിന്റെ ബോഡി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 7.62 എം.എം ബുള്ളറ്റുകള്‍ വരെ തടയാനുള്ള ശേഷിയുള്ള ബോഡിയാണിത്. കൂടാതെ 15 കിലോഗ്രാം ടി.എന്‍.ടി ബോംബ് സ്ഫോടനത്തേയും ചെറുക്കും.


കാറിന്‍റെ ഉള്ളിൽ ഇരുന്നുകൊണ്ട് തന്നെ പുറത്തുള്ള വ്യക്തികളുമായി ആശയവിനിമയം നടത്താൻ സാധിക്കുന്ന പബ്ലിക് അഡ്രസ്സൽ സിസ്റ്റം എന്നിവ പോലുള്ള വിപുലമായ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുന്നു. സൈറൺ, എമർജൻസി ലൈറ്റിങ്ങ് എന്നിവയുമുണ്ട്.

ഓൾ ടെറൈൻ വാഹനമായതിനാൽ ദുർഘടമായ ഏത് പാതയിലൂടെയും കാലാവസ്ഥയിലും അനായാസം കുതിക്കാനാവും. പഞ്ചറായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാന്‍ സാധിക്കും. പ്രതിരോധത്തിനായി ഓക്സിജൻ സംഭരണ ശേഷിയുള്ള ഗ്യാസ് പ്രൂഫ് ചേംബറും സായുധ കവചവമുണ്ട്.

380 പി.എസ് 5.0 ലിറ്റർ സൂപ്പർചാർജ്ഡ് വി8 പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. മുൻ മോഡലിൽ ഉണ്ടായിരുന്ന വി6 പെട്രോൾ എൻജിനേക്കാൾ 40 പി.എസ് പവർ പുതിയ സെന്റിനലിനുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് 10.4 സെക്കന്‍റാണ്. പരമാവധി വേഗം മണിക്കൂറിൽ 193 കിലോമീറ്റർ ആണ്.

സുരക്ഷ പൊലെ തന്നെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാഹനത്തിനകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ ടച്ച് പ്രോ ഡ്യുവോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.10 ഇഞ്ചിന്‍റെ രണ്ട് ഹൈ റെസല്യൂഷൻ ടച്ച് സ്‌ക്രീനുകളാണുള്ളത്. പൂർണമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലാണ് സെന്റിനൻ. 10 കോടിയിലധികം രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ ഏകദേശ വില.

Tags:    
News Summary - All you need to know about PM Modi's heavily armoured Range Rover Sentinel SUV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.