വീട്ടിലിരുന്ന് നൂറുകണക്കിന് ലിപ് ഷേഡുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ കഴിയുന്നതിനാല്‍ മേക്കപ്പ് സാധനങ്ങള്‍ വാങ്ങുന്നത് പോലും ഇപ്പോള്‍ എളുപ്പമാണ്. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നിത്യജീവിതത്തിലെ ആവശ്യങ്ങളെ വിലയിരുത്തുന്നതാണ് ഒഗെമെന്റഡ് റിയാലിറ്റി. ഓഗ്മെന്റഡ് റിയാലിറ്റിയുടെ കാലമാണിത്. വി.ആർ ഹെഡ്‌സെറ്റ് ധരിച്ച് ലിവിങ് റൂമിൽ എയർ ബോക്സിങ് ചെയ്യുന്നതോ ക്രിക്കറ്റ് കളിക്കുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ഇപ്പോൾ എല്ലാവരും കുറച്ച് ശ്രദ്ധ കൊടുക്കുന്നുണ്ട്. എന്നാൽ പതിവ് വർക്കൗട്ടുകൾ ചിലപ്പോൾ മടുപ്പുളവാക്കിയേക്കാം. ഇവിടെയാണ് വി.ആർ ഫിറ്റ്നസ് ശ്രദ്ധ നേടുന്നത്.
ഇൻസ്റ്റന്റ് ഫീഡ്ബാക്കും ഇന്ററാക്ടീവ് ആയ എല്ലാ കാര്യങ്ങളുമായി വളർന്നുവന്ന ജെൻ സിയെ ഇത് പെട്ടെന്ന് ആകർഷിക്കുന്നു. ഒരു ഒഴിഞ്ഞ ഭിത്തിക്ക് അഭിമുഖമായി നിൽക്കുന്ന സ്റ്റാറ്റിക് ട്രെഡ്മില്ലിനേക്കാൾ, ഐസ്‌ലാൻഡിലെ ഒരു വെർച്വൽ പർവതം കയറുന്നതോ തീവ്രമായ റിഥം ഗെയിമിലൂടെ പഞ്ച് ചെയ്യുന്നതോ ആണ് ജെൻ സിക്ക് പ്രിയം. ഗേമിഫിക്കേഷനാണ് വി.ആർ ഫിറ്റ്നസിന്റെ ഏറ്റവും വലിയ നേട്ടം. പലതരം വർക്കൗട്ടുകളും വെർച്വൽ സ്ഥലങ്ങളും തിരഞ്ഞെടുക്കാൻ കഴിയുന്നതും വീടിന്റെ സൗകര്യത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും വ്യായാമം ചെയ്യാവുന്നതും വി.ആർ ഫിറ്റ്നസിനെ ശ്രദ്ധേയമാക്കുന്നു.
സ്ഥിരമായി വർക്കൗട്ട് ചെയ്യാത്ത പലരും വി.ആർ നൽകുന്ന വേഗത്തിലുള്ള ഫീഡ്ബാക്ക്, അച്ചീവ്മെന്റുകൾ, പുരോഗതി ട്രാക്കിങ് എന്നിവ കാരണം സ്ഥിരതയുള്ളവരായി മാറിയിട്ടുണ്ടെന്ന് ആൾടൈം ഫിറ്റ്നസിലെ ഡോ. റിച്ച മിശ്ര പറയുന്നു. പോയിന്റുകൾ നേടുക, ലെവലുകൾ അൺലോക്ക് ചെയ്യുക, അല്ലെങ്കിൽ വെർച്വലായി മത്സരിക്കുക എന്നിങ്ങനെ ഒരു ഗെയിമിന്റെ രൂപത്തിൽ ഫിറ്റ്നസ് നൽകുമ്പോൾ അത് തുടരാനുള്ള ആന്തരിക പ്രചോദനത്തെ ആകർഷിക്കുമെന്നും ഡോ. റിച്ച പറയുന്നു. മനസിന് ശാന്തത നൽകുന്ന വെർച്വൽ യാത്രാനുഭവങ്ങളുമുണ്ട്. ഇത് യഥാർത്ഥ വ്യായാമം അല്ലെങ്കിലും വർക്കൗട്ടുകൾക്ക് ശേഷം വിശ്രമിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. വെർച്വൽ പ്രകൃതിദൃശ്യങ്ങളിൽ യോഗാസനങ്ങൾ ചെയ്യാനും ഇത് സഹായിക്കുന്നു.
ഈ സാങ്കേതികവിദ്യയുടെ ഗുണങ്ങൾക്കൊപ്പം ചില വെല്ലുവിളികളും പരിമിതികളും ഉണ്ട്. ഹെഡ്‌സെറ്റ് ധരിക്കുമ്പോൾ ചുറ്റുമുള്ള ലോകം കാണാൻ കഴിയില്ല. ഇത് കളിക്കുന്നതിനിടയിൽ തറയിലോ മറ്റ് വസ്തുക്കളിലോ തട്ടി വീഴുന്നതിന് കാരണമാകാം. ചില ആളുകൾക്ക് വി. ആർ ലോകത്തിലെ ചലനങ്ങൾ കാരണം ഓക്കാനം, തലകറക്കം അനുഭവപ്പെടാം. സ്ക്രീനിലേക്ക് അടുത്തടുത്ത് നോക്കുന്നത് കണ്ണിന് ആയാസമുണ്ടാക്കാനും വരൾച്ചക്കും കാരണമാകാം. ചില ഗെയിമുകളിൽ കൈകൾ അതിവേഗം ചലിപ്പിക്കുന്നത് കൈത്തണ്ടയിലെ പേശികൾക്ക് ആയാസമുണ്ടാക്കും. തീവ്രമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ ഹെഡ്‌സെറ്റിനുള്ളിൽ വിയർപ്പടിയുകയും ലെൻസുകൾ മങ്ങുകയും ചെയ്യും. ഇത് വൃത്തിയാക്കിയില്ലെങ്കിൽ ചർമപ്രശ്നങ്ങളുണ്ടാകാനും ലെൻസുകൾക്ക് കേടുവരാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.