ക്ഷീണം മാറ്റാൻ ഇനി ഈ പാനീയങ്ങൾ പരീക്ഷിക്കാം

ക്ഷീണം തോന്നുമ്പോൾ നമ്മളിൽ പലരും കാപ്പിയോ ചായയോ പോലുള്ള പാനീയങ്ങളിലേക്ക് തിരിയുന്നു. അവ കഴിച്ചതിനുശേഷം നമുക്ക് ഊർജ്ജസ്വലത അനുഭവപ്പെടുമെങ്കിലും കുറച്ച് സമയംകൊണ്ട് തന്നെ നമ്മുടെ ശരീരം പഴയ അവസ്ഥയിലേക്ക് മാറുന്നു. നിരന്തരമായ ക്ഷീണം ചിലപ്പോൾ മറ്റ് അവസ്ഥകളുടെ ലക്ഷണമോ പോഷകങ്ങളുടെ കുറവോ ആകാം. തെറ്റായ ഭക്ഷണരീതികളും ക്ഷീണം ഉണ്ടാക്കാം.

നിങ്ങൾക്ക് ശരിക്കും ഊർജ്ജസ്വലനാകണമെങ്കിൽ കഫീൻ അടങ്ങിയ പാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് താത്കാലികമായി വർധിക്കുന്നതിലേക്ക് മാത്രമേ അവ നയിക്കുന്നുള്ളൂ. പകരം നിങ്ങൾക്ക് ഉന്മേഷം നൽകുന്ന പ്രകൃതിദത്ത പാനീയങ്ങളും ജ്യൂസുകളും നിങ്ങൾ തിരഞ്ഞെടുക്കണം.

ക്ഷീണം മാറ്റാൻ ഈ അഞ്ച് പാനീയങ്ങൾ നിങ്ങളെ സഹായിക്കും...

1. ബനാന മിൽക്ക് ഷേക്ക്/ സ്മൂത്തി

വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയിൽ ധാരാളം നാരുകളും ഉൾപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. രാവിലെ വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ കാർബോഹൈഡ്രേറ്റുകളും പോഷകങ്ങളും അളവിൽ ലോഡ് ചെയ്യാൻ സഹായിക്കും. നിങ്ങൾക്ക് ഇത് തൈര്, പാൽ, ബദാം, മറ്റ് പഴങ്ങൾ,പച്ചക്കറികൾ എന്നിവയുമായി ചേർത്ത് കഴിക്കാം. ദഹനസംബന്ധമായ ആരോഗ്യത്തിനും ഇവ മികച്ചതാണ്. വാഴപ്പഴം കഴിക്കുന്നത് കുടൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

2. ഹെർബൽ ടീ

ഇന്ന് എല്ലാത്തരം ഹെർബൽ ടീകളും വിപണികളിൽ ലഭ്യമാണ്. എന്നാൽ ഇത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്. ഹെർബൽ ടീ ഉണ്ടാക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഗ്രീൻ ടീ ഉണ്ടാക്കി ഏലക്ക, ഇഞ്ചി, മഞ്ഞൾ എന്നിവ ചേർത്ത് രുചികരമാക്കുക എന്നതാണ്. നിങ്ങൾക്ക് ഈ സുഗന്ധവ്യഞ്ജനങ്ങൾ ചെറുചൂടുള്ള വെള്ളത്തിലും ചേർക്കാം. ഈ പാനീയം ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് മെറ്റബോളിസവും രക്തചംക്രമണവും ഊർജ്ജ നിലയും വർധിപ്പിക്കും. നിങ്ങൾക്ക് ഈ ചായ രാവിലെയോ ഉറങ്ങാൻ പോകുന്നതിനു മുമ്പോ കഴിക്കാവുന്നതാണ്. ഈ ഹെർബൽ ടീ നിങ്ങളുടെ ക്ഷീണം മാറ്റി നിങ്ങളെ ഊർജസ്വലരാക്കുന്നു.

3. മാതളനാരങ്ങ ജ്യൂസ്

വിറ്റാമിനുകളും (സി, കെ, ഇ) ധാതുക്കളും (മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്) എന്നിവയാൽ സമ്പുഷ്ടമാണ് മാതളനാരങ്ങ. ഇത് രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറക്കുന്നതിനോടൊപ്പം ഊർജത്തിന്റെ അളവ് വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാതളനാരങ്ങയുടെ നീര് അൽപം ചെറുനാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് വിറ്റാമിൻ സിയുടെ അഭാവത്തെ ചെറുക്കാൻ സഹായിക്കുന്നു.

4. ചിയ വിത്തുകൾ ചേർത്ത തണ്ണിമത്തൻ ജ്യൂസ്

തണ്ണിമത്തൻ ജ്യൂസിൽ വിറ്റാമിൻ സി മാത്രമല്ല, ഇരുമ്പും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ചൂടുകാലാവസ്ഥയിൽ ഉന്മേഷദായകമായ ഈ പാനീയം നിങ്ങളെ തണുപ്പിച്ചും ഊർജസ്വലമായും നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ്. നിങ്ങൾക്ക് ചിയ വിത്തുകൾ കുതിർത്ത് കുടിക്കുന്നതിന് മുമ്പ് ജ്യൂസിൽ ചേർക്കാം. ചിയ വിത്തിൽ ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചിയ സീഡ്‌സ് എന്നത് ഇന്നത്തെ കാലത്ത് പലരും കേട്ടു വരുന്ന ആരോഗ്യകരമായ ഭക്ഷണമാണ്. ഇത് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്താണോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍, ഇത് അതല്ല. ചെറിയ രൂപസാദൃശ്യമുണ്ടെങ്കിലും രണ്ടും രണ്ടാണ്. ചിയ സീഡ്‌സ് തെക്കേ അമേരിക്കന്‍ ഉല്‍പന്നമാണ്. ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്.

5. തേങ്ങാവെള്ളം

ഈ പ്രകൃതിദത്ത പാനീയം നിങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കും. തിളങ്ങുന്ന ചർമ്മത്തിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും തേങ്ങാവെള്ളം സഹായിക്കുന്നു. നിങ്ങൾക്ക് ചിയ വിത്തുകൾ, മല്ലിയില, പുതിന, മറ്റ് ഔഷധസസ്യങ്ങൾ എന്നിവ ചേർത്ത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു മിശ്രിതം ഉണ്ടാക്കാം. മറ്റ് പഴച്ചാറുകളിലോ മിശ്രിത പാനീയങ്ങളിലോ ഒരു നിശ്ചിത അളവിൽ തേങ്ങാവെള്ളം കലർത്താം. തേങ്ങാവെള്ളത്തിൽ അൽപം ചെറുനാരങ്ങാനീരും തേനും മിക്‌സ് ചെയ്യാം. സാധ്യതകൾ അനന്തമാണ്.

ക്ഷീണം തോന്നുമ്പോൾ ഇനി പാനീയങ്ങൾ പരീക്ഷിക്കാം. ഇവ നിങ്ങളെ ഊർജസ്വലരാക്കി നിർത്തും.  

Tags:    
News Summary - Now let's try these drinks to relieve fatigue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.