ഭക്ഷണാസക്തിയുടെ കാരണങ്ങള്‍

ഭക്ഷണത്തിനോടുള്ള അമിതമായ കൊതി അല്ലെങ്കില്‍ ആസക്തി വളരെ സാധാരണമാണ്. ഏറെപ്പേര്‍ക്കും ഏതെങ്കിലും പ്രത്യേക ഭക്ഷണ വിഭവത്തോടായിരിക്കും താല്‍പര്യം. ചിലര്‍ക്ക് ബിരിയാണി, ചിലര്‍ക്ക് ചോക്ലേറ്റ് അങ്ങനെയങ്ങനെ.... ഒരു പ്രത്യേകതരം ഭക്ഷണത്തിനായുള്ള തീവ്രമോ അടിയന്തിരമോ ആയ ആഗ്രഹത്തെയാണ് ഭക്ഷണ ആസക്തി (food cravings) എന്ന് പറയുന്നത്. അതേസമയം, ഭക്ഷ്യയോഗ്യമല്ലാത്ത മണ്ണ്, പെയിന്റ്, ചോക്ക്, പേപ്പര്‍ തുടങ്ങിയ വസ്തുക്കളോട് ചിലര്‍ ആസക്തി കാണിക്കാറുണ്ട്. ഇതിന് പൈക (pica) എന്ന് പറയുന്നു.

വളരെ മധുരമേറിയ ഭക്ഷണത്തോട്, ഉപ്പ് കൂടിയതിനോട്, എരിവ് കൂടിയ വിഭവങ്ങളോട്, കേക്ക് പോലെ മൃദുലവും ക്രീമിയുമായിട്ടുള്ള ഭക്ഷണത്തോടുമെല്ലാം ആളുകള്‍ ആസക്തി കാണിക്കുന്നു. ചില ഭക്ഷണങ്ങള്‍ അത് എന്റെ വീക്ക്‌നെസ് ആണെന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍, അത് നമ്മുട ശരീരത്തിന്റെ രോദനമാണ് എന്ന് മനസ്സിലാക്കുക.

മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുഞ്ഞ് വിശക്കുമ്പോഴും വേദനിക്കുമ്പോഴും ഉറക്കം വരുമ്പോഴും കരയുക മാത്രമാണ ചെയ്യുന്നത്. കുഞ്ഞ് അമ്മയോട് ആശയവിനിമയം നടത്തുന്നത് കരച്ചിലിലൂടെയാണ്. അതുപോലെ ശരീരവും നമ്മോട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്ന രോദനങ്ങളാണ് ഓരോ ആസക്തിയും. ഇതിന് കാരണമായി പല കാരണങ്ങളും എണ്ണപ്പെടുന്നുണ്ട്. അവയില്‍ ചിലത്:

1. നിര്‍ജലീകരണം

ശരീരത്തില്‍ ജലത്തിന്റെ അംശം തീരെ കുറയുന്നതാണ് നിര്‍ജലീകരണം. ദാഹിക്കുമ്പോള്‍ മാത്രമാണ് വെള്ളത്തിന്റെ അംശം ശരീരത്തില്‍ കുറയുന്നത് എന്നതായിരിക്കും പലരുടെയും ധാരണ. നിര്‍ജലീകരണം അതിമാകുമ്പോള്‍ ഉണ്ടാകുന്ന ഒരു ലക്ഷണമാണ് ദാഹം. ഓരോ അരമണിക്കൂറിലും ഒരു കവിള്‍ വെള്ളം കുടിച്ച് നിര്‍ജലീകരണം തടയുക.

2. പോഷകങ്ങളുടെ കുറവ്

പോഷകക്കുറവ് നികത്തുന്നതിനുള്ള ശരീരത്തിന്റെ രോദനമാണ് ഭക്ഷണ ആസക്തി എന്നും പറയാം. ശരീരത്തില്‍ ഒരു പ്രത്യേക പോഷകം കുറവ് ഉണ്ടെങ്കില്‍ സ്വാഭാവികമായും ആ പോഷകങ്ങളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ നാം കൊതിക്കുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. ചിലയാളുള്‍ക്ക് ചോക്ലേറ്റിനോട് വല്ലാത്ത കൊതിയായിരിക്കും (chocoholism). ചോക്ലേറ്റ് ആസക്തി മഗ്നീഷ്യത്തിന്റെ കുറവ് മൂലമാണെന്ന് പറയുന്നു. അധിക ഉപ്പ് രസമുള്ള ഭക്ഷണത്തിനോടുള്ള കൊതി സോഡിയത്തിന്റെ കുറവാണെന്നും ഈ മേഖലയിലെ പഠനങ്ങള്‍ പറയുന്നു.

ഗര്‍ഭിണികളിലും കുട്ടികളിലും സാധാരണയായി കാണുന്നതാണ് പൈക, അതിന്റെ കൃത്യമായ കാരണം നിലവില്‍ അജ്ഞാതമാണ്. പൈകയുടെ ലക്ഷണങ്ങളുള്ള വ്യക്തികള്‍ക്ക് പലപ്പോഴും ഇരുമ്പ്, സിങ്ക് അല്ലെങ്കില്‍ കാത്സ്യം അളവ് കുറവാണെന്ന് പഠനങ്ങള്‍ നിരീക്ഷിക്കുന്നു. പോഷകങ്ങള്‍ സപ്ലിമെന്റ് ചെയ്യുന്നത് ചില സന്ദര്‍ഭങ്ങളില്‍ പൈക സ്വഭാവത്തെ തടയുന്നതായി കാണാറുണ്ട്.

ഉപ്പിട്ട ഭക്ഷണങ്ങളോടും മറ്റു വസ്തുക്കളോടോ ഭക്ഷണങ്ങളോടോ ഉള്ള ആസക്തി പോഷകങ്ങളുടെ അപര്യാപ്തത മൂലമാകാം എന്നിരുന്നാലും ഇത് എല്ലായ്‌പ്പോഴും അങ്ങനെയല്ല.

3. തെറ്റായ ഭക്ഷണരീതി

പണ്ട് നമ്മുടെ ഭക്ഷണ വിഭവങ്ങളെല്ലാം കാര്‍ഷിക സംബന്ധമായിരുന്നു. ഇന്ന് പക്ഷേ അത് വ്യാവസായിക സംബന്ധമായി മാറിയിരിക്കുന്നു. കൂടുതലും പച്ചക്കറികള്‍ കഴിച്ചിരുന്നിടത്ത് ഇന്ന് ഇറച്ചിയും മീനും തുടങ്ങി സംസ്‌കരിച്ച ഭക്ഷണ സാധനങ്ങളിലേക്ക് നമ്മള്‍ ഒതുങ്ങിയിരിക്കുന്നു. കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഉയര്‍ന്ന രീതിയില്‍ സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ ആസക്തിക്ക് കാരണമായേക്കാമെന്നതിന് തെളിവുകളുണ്ട്. അതുകൊണ്ടാണ് അവ നാം വീണ്ടും വീണ്ടും വാങ്ങി കഴിക്കുന്നത്. കുട്ടികള്‍ മിഠായിക്ക് വാശി പിടിക്കുന്നത് പോലെ.


4. ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ നമ്മുടെ ഗന്ധത്തെയും രുചിയെയും സ്വാധീനിച്ചേക്കാം. ഈ സമയത്ത് പലരും ചില പ്രത്യേക ഭക്ഷണങ്ങളോട് ആസക്തി കാണിക്കാറുണ്ട്. ആര്‍ത്തവത്തിന് തൊട്ടുമുമ്പ് സംഭവിക്കുന്ന ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളിലെ മാറ്റങ്ങളും ചിലരില്‍ ആസക്തി ഉണ്ടാക്കാറുണ്ട്.

ഉറക്കക്കുറവ് കാരണം സമയ കൃത്യത ഇല്ലാത്ത ഭക്ഷണ ക്രമം അതുമായി ബന്ധപ്പെട്ട ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചില്‍ വരുത്തും. ഇതും ചിലരില്‍ ഭക്ഷണ ആസക്തിക്ക് കാരണമാകുന്നു.

5. സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കൂടുമ്പോള്‍ ഭക്ഷണം കഴിച്ച് തടിവെക്കുന്നവരെ നമ്മള്‍ക്കിടയില്‍ കാണാറുണ്ട്. സ്‌ട്രെസ് നമ്മളിലെ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കും. കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവ് വിശപ്പും ചില പ്രത്യേക ഭക്ഷണത്തോടുള്ള ആസക്തിയും വര്‍ധിപ്പിക്കുന്നു.

6. കുടലിലെ സൂക്ഷ്മാണുക്കള്‍

പല സന്ദര്‍ഭങ്ങളിലും നമ്മള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് കുടലിലെ ബാക്ടീരിയകളാണ്. ശരീരത്തില്‍ ഒരു സൂക്ഷ്മാണു വ്യവസ്ഥയുണ്ട് (gut microbiome). ഈ സക്ഷ്മാണു വ്യവസ്ഥയില്‍ അസന്തുലിതത്വം ഉണ്ടാകുമ്പോള്‍ ഭക്ഷണാസക്തി സ്വാഭാവികമാണ്. അത് തിരുത്താനും കുടലില്‍ നല്ല ബാക്ടീരിയകളെ നിലനിര്‍ത്താനും പ്രിബയോട്ടിക്, പ്രൊബയോട്ടിക് ഭക്ഷണങ്ങള്‍ കൊണ്ട് സാധിക്കും.

ഇനി നിങ്ങള്‍ക്ക് ഭക്ഷണാസക്തി തോന്നുമ്പോള്‍ ചെയ്യേണ്ടത് ഏത് തരം ഭക്ഷണത്തോടാണ് കൊതി, സമയം, എത്രത്തോളം തീവ്രമാണ് ആ കൊതി, അപ്പോള്‍ നിങ്ങളുടെ വികാരം എന്നിവയെല്ലാം ഒരാഴ്ചത്തേക്ക് രേഖപ്പെടുത്തി വെക്കുക. അങ്ങനെ ചെയ്താല്‍ യ്ഥാര്‍ത്ഥത്തില്‍ ഭക്ഷണാസക്തിക്ക് കാരണമെന്താണെന്ന് അറിയാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ സ്വീകരിക്കാനും സാധിക്കും.

Tags:    
News Summary - Causes of food cravings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.