ഉപ്പോ പഞ്ചസാരയോ ശരീരത്തിന് കൂടുതൽ ഹാനികരം?

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉപ്പും പഞ്ചസാരയും. ജങ്ക് ഫുഡ്, സോസുകൾ, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിലും ഉപ്പിന്റെയും പഞ്ചസാരയുടെയും സാന്നിധ്യമുണ്ട്. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ് ഇവ രണ്ടും. എന്നാൽ ഉപ്പിന്റെയും പഞ്ചസാരയുടെയും അമിതോപയോഗം ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാവുമെന്നാണ് വിദഗ്ദർ പറയുന്നത്.

ശരീരത്തിലെ സോഡിയം നിലനിർത്തുന്നതിന് ഉപ്പ് അത്യാവശ്യമാണ്. എന്നാൽ ഇവയുടെ അമിത ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം എന്നിവക്ക് കാരണമാവും. അതേസമയം പഞ്ചസാര എളുപ്പത്തിൽ ആസക്തി വർധിപ്പിക്കുന്ന ഒന്നാണ്. പ്രമേഹം, അമിതവണ്ണം തുടങ്ങി നിരവധി രോഗങ്ങൾക്ക് ഇവ കാരണമാണ്.

പഞ്ചസാരയുടെ ദോഷങ്ങൾ

അധിക പഞ്ചസാര ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതാണ്. സ്ഥിരമായി ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം, മെറ്റബോളിക് സിൻഡ്രോം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കും. ഇവയെല്ലാം ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, എച്ച്.ഡി.എൽ കൊളസ്ട്രോൾ കുറക്കൽ, ഉയർന്ന രക്തസമ്മർദം, സിസ്റ്റമിക് വീക്കം എന്നിവക്കും കാരണമാകും.

ഇവയെല്ലാം കൊറോണറി ആർട്ടറി രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാണ്. ഏറ്റവും കൂടുതൽ പഞ്ചസാര ചേർത്ത പാനീയങ്ങൾ കഴിക്കുന്ന മുതിർന്നവരിൽ, ഏറ്റവും കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത 12 ശതമാനത്തിലധികം കൂടുതലാണെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.

ഉപ്പിന്റെ ദോഷങ്ങൾ

ശാരീരിക പ്രവർത്തനങ്ങൾക്ക് ഉപ്പ് അത്യാവശ്യമാണെങ്കിലും പ്രധാനമായും രക്തസമ്മർദത്തിലൂടെയാണ് അതിന്റെ ഹൃദയ സംബന്ധമായ ഫലങ്ങൾ ഉണ്ടാക്കുന്നത്. ഉയർന്ന സോഡിയം കഴിക്കുന്നത് രക്താതിമർദത്തിനുള്ള പ്രധാന കാരണമാണ്. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്താൻ പ്രേരിപ്പിക്കുകയും രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി ധമനികളുടെ മതിലുകൾക്കുള്ളിൽ മർദം വർധിക്കുകയും ചെയ്യും. ക്രമേണ രക്തക്കുഴലുകൾ കഠിനമാവുകയും, ഹൃദയം വലുതാകുകയും, ധമനികളുടെ പാളികൾ പരിക്കിനും പ്ലാക്ക് രൂപപ്പെടലിനും സാധ്യതയുള്ളതായി മാറുകയും ചെയ്യും.

ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും കഴിക്കുന്നത് ദോഷകരമാണ്. പ്രധാനമായും സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കി സോഡിയത്തിന്റെയും പഞ്ചസാരയുടെയും അളവ് നിരീക്ഷിക്കണം. കൂടാതെ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകി ഹൃദയാരോഗ്യം സംരക്ഷിക്കണം.

Tags:    
News Summary - Sugar or salt: Which one hurts the heart more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.