ഡോ. നാസ്മിന്റെ ജീവൻ നിലനിർത്താൻ അനുയോജ്യമായ സ്റ്റെം സെൽ വേണം; എന്താണ് അക്യൂട്ട് മൈലോയ്ഡ് ലൂക്കീമിയ?

തിരുവനന്തപുരം: അപൂർവ കാൻസർ ബാധിച്ച് ദോഹയിൽ ചികിത്സയിൽ കഴിയുന്ന മലയാളി ഡോ. നാസ്മിൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ അനുയോജ്യമായ സ്റ്റെം സെൽ തേടുകയാണ്. കുടുംബത്തിൽ നിന്ന് അനുയോജ്യമായ ദാതാവിനെ കണ്ടെത്താൻ കഴിയാത്തതോടെ നാസ്മിന് വേണ്ടി കേരളത്തിലടക്കം സ്റ്റെം സെൽ ശേഖരണ ക്യാമ്പ് നടത്തുകയാണ് സുഹൃത്തുക്കളും ധാത്രി ഏജൻസിയും. ഡോ. നാസ്മിനു വേണ്ടി ഇന്നലെയും ഇന്നും തിരുവനന്തപുരത്ത് ക്യാമ്പ് നടന്നു. ഗുരുതര രക്താർബുദം ബാധിച്ച 37 വയസ്സുകാരിയായ ഡോക്ടർക്ക് മജ്ജ മാറ്റിവെക്കലാണ് ഏക പ്രതീക്ഷ. ബന്ധുക്കളിൽ പരിശോധന നടത്തിയെങ്കിലും യോജിക്കുന്നത് കിട്ടിയില്ല. തുടർന്ന് പൊതുസമൂഹത്തിൽ നിന്ന് ദാതാവിനെ തേടാനുള്ള ശ്രമം തുടങ്ങി.സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഒരു ലക്ഷം വരെയാണ്. അതിനാൽ കൂടുതൽ പേർ പരിശോധനയ്ക്ക് എത്തുന്നതിലൂടെയാണ് ഈ ശ്രമം ഫലം കാണുക. സ്റ്റെം സെൽ ദാനം ചെയ്യുന്നത് സുരക്ഷിതമായ പ്രക്രിയയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

എന്താണ് അക്യൂട്ട് മൈലോയ്ഡ് ലൂക്കീമിയ?

അക്യൂട്ട് മൈലോയ്ഡ് ലൂക്കീമിയ (AML). ശരീരത്തിൽ രക്തം നിർമിക്കുന്ന അസ്ഥിമജ്ജയെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണിത്. രോഗം ബാധിക്കുന്നതോടെ സാധാരണ രക്താണുക്കളുടെ ഉൽപ്പാദനം തടസ്സപ്പെടും. ഇത് പെട്ടെന്ന് ഗുരുതരമാകുന്നതും വളരെ വേഗത്തിൽ പടരുന്നതുമായ ഒരു രോഗമാണ്. അതിനാൽ തന്നെ ഇതിന് പെട്ടെന്നുള്ള ചികിത്സ ആവശ്യമാണ്.

സ്റ്റെം സെൽ ഡോണേഷൻ

അക്യൂട്ട് മൈലോയ്ഡ് ലൂക്കീമിയ പോലുള്ള ഗുരുതരമായ രക്ത കാൻസറുകൾക്കും മറ്റ് അസ്ഥിമജ്ജ സംബന്ധമായ രോഗങ്ങൾക്കുമുള്ള പ്രധാനപ്പെട്ട ഒരു ചികിത്സാ രീതിയാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്. ശരീരത്തിലെ എല്ലാ രക്തകോശങ്ങളുടെയും (ചുവന്ന രക്തകോശങ്ങൾ, വെളുത്ത രക്തകോശങ്ങൾ, പ്ലേറ്റ്‌ലറ്റുകൾ) ഉറവിടമായ സ്റ്റെം സെല്ലുകളെ (Stem Cells) ഒരു ദാതാവിൽ നിന്ന് ശേഖരിച്ച് രോഗിക്ക് നൽകുന്ന പ്രക്രിയയാണ് സ്റ്റെം സെൽ ഡോണേഷൻ. അസ്ഥിമജ്ജയിലോ (Bone Marrow) രക്തത്തിലോ ആണ് ഇവ കാണപ്പെടുന്നത്. രോഗിയുടെ സ്വന്തം അസ്ഥിമജ്ജ ക്യാൻസർ കാരണം പൂർണ്ണമായി തകരാറിലാകുമ്പോഴോ നശിച്ചുപോകുമ്പോഴോ, ആരോഗ്യകരമായ മറ്റൊരു വ്യക്തിയുടെ (ദാതാവിന്റെ) സ്റ്റെം സെല്ലുകൾ നൽകി പുതിയതും ആരോഗ്യകരവുമായ രക്തകോശങ്ങളെ വളർത്തിയെടുക്കാൻ ഇത് സഹായിക്കുന്നു.പ്രധാനമായും പെരിഫറൽ ബ്ലഡ് സ്റ്റെം സെൽ ഡോണേഷനാണ് അനുവർത്തിക്കാറുള്ളത്. ഇതാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതി. ഇത് രക്തദാനം പോലെ വളരെ ലളിതമാണ്. ദാതാവിന് കുറച്ചു ദിവസങ്ങൾ പ്രത്യേക കുത്തിവെപ്പുകൾ നൽകി രക്തത്തിലേക്ക് സ്റ്റെം സെല്ലുകളുടെ എണ്ണം വർധിപ്പിക്കുന്നു. തുടർന്ന്, ഒരു കൈയിലെ സിരയിലൂടെ രക്തം എടുത്ത്, മെഷീൻ വഴി സ്റ്റെം സെല്ലുകൾ മാത്രം വേർതിരിച്ചെടുക്കുകയും, ബാക്കി രക്തം മറ്റേ കൈയിലൂടെ തിരികെ ശരീരത്തിലേക്ക് നൽകുകയും ചെയ്യുന്നു. ഏകദേശം 4-5 മണിക്കൂർ നീളുന്ന പ്രക്രിയയാണിത്. ഇത് പിന്നീട് രോഗിയിലേക്ക് മാറ്റിവെക്കും.കുടുംബത്തിൽ നിന്ന് അനുയോജ്യമായ സ്റ്റെം സെൽ കിട്ടാനുള്ള സാധ്യത 25 ശതമാനം മാത്രമാണ്. 18 മുതൽ 50 വയസ്സ് വരെയുള്ളവരിൽ നിന്നാണ് സ്റ്റെം സെൽ ശേഖരിക്കാറുള്ളത്. മാച്ചിങ് ദാതാവിനെ കണ്ടെത്തൽ പ്രയാസമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 3,000-ൽ അധികം അപേക്ഷകളാണ് സ്റ്റെം സെൽ കണ്ടെത്തുന്നതിനായി ധാത്രിക്ക് ലഭിച്ചത്. ഇതിൽ 70 ശതമാനവും 10 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്ന് ധാത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - stem cell donation for dr nasmin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.