കേരളത്തിൽ മാസം രണ്ടുവീതം പേവിഷബാധ മരണം; നായകളെ കരുതിയില്ലെങ്കിൽ അപകടമാണ്

കോഴിക്കോട്: സംസ്ഥാനത്ത് ഒരു മാസം പേവിഷ ബാധയേറ്റ് രണ്ടു പേർ മരിക്കുന്നതായി കണക്കുകൾ. സംസ്ഥാനത്ത് സമീപകാലത്തായി പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം വൻ തോതിൽ ഉയർന്നതും ആശങ്കക്കിടയാക്കുകയാണ്. ഈ വർഷം ജനുവരി ഒന്നുമുതൽ ജൂൺ 29 വരെ 12 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്. ഈ മാസം മാത്രം മൂന്ന് പേർ വൈറസ് ബാധിച്ച് മരിച്ചു. 2025ൽ 28 പേരായിരുന്നു പേവിഷബാധയേറ്റ് ജീവൻ നഷ്ടമായത്.2024ൽ നാലു മരണമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023ൽ ഇത് എട്ടായിരുന്നു. സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ ആക്രമണം ഏൽക്കുന്ന കേസുകളും വർധിക്കുകയാണ്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ ഒരു വൈറസ് രോഗമാണ് പേവിഷബാധ അഥവാ റാബീസ്. രോഗം ബാധിച്ച മൃഗങ്ങൾ കടിക്കുകയും മാന്തുകയും ചെയ്യുമ്പോൾ അവയുടെ ഉമിനീര് മുറിവുകളിൽ പറ്റിയാണ് വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. രോഗം ബാധിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയില്ല. പേവിഷബാധ ഉണ്ടാക്കുന്ന വൈറസ് ശരീരത്തിലെ നാഡീവ്യൂഹങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. മുറിവേറ്റ ഭാഗത്തെ നാഡികളിലൂടെ തലച്ചോറിലെത്തിച്ചേരുന്ന വൈറസ് മസ്തിഷ്ക വീക്കവും ഗുരുതരമായ നാഡീപ്രശ്നങ്ങളും ഉണ്ടാക്കുന്നു.

രോഗലക്ഷണങ്ങൾ

കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ, മരവിപ്പ്. തലവേദന, തൊണ്ടവേദന.

പനി, തലവേദന, അമിതമായ ക്ഷീണം.

വെള്ളം കാണുമ്പോഴും കുടിക്കുമ്പോഴും പേടി തോന്നുക (Hydrophobia).

വെളിച്ചം, ശബ്ദം, കാറ്റ് എന്നിവയോട് അമിതമായ അസഹിഷ്ണുത.

ഉമിനീരൊഴുക്ക് കൂടുക, പേശിവലിവും ഭ്രാന്തമായ അവസ്ഥയും ഉണ്ടാകുക.

പ്രഥമ ശുശ്രൂഷ

മൃഗങ്ങളുടെ കടിയേറ്റാലോ മാന്താലോ ഉടൻ തന്നെ മുറിവ് ഒഴുകുന്ന പച്ചവെള്ളവും സോപ്പും ഉപയോഗിച്ച് 10-15 മിനിറ്റ് നേരം നന്നായി കഴുകുക.

സോപ്പ് ഉപയോഗിച്ച് കഴുകുന്നത് വൈറസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

മുറിവ് കഴുകിയ ശേഷം ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ വാക്സിൻ (Anti-Rabies Vaccine) എടുക്കുക.

മുറിവിൽ മുളകുപൊടി, മഞ്ഞൾ, മറ്റ് എണ്ണകൾ എന്നിവ പുരട്ടരുത്.

പ്രതിരോധം

നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് എടുക്കുക.

കടിയേറ്റ ആഴമുള്ള മുറിവുകൾക്ക് വാക്സിനോടൊപ്പം ഇമ്മ്യൂണോഗ്ലോബുലിൻ (Rabies Immunoglobulin) എടുക്കേണ്ടതുണ്ട്.

Tags:    
News Summary - rabies death in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.