ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഒരു വർഷത്തിനിടെ നടന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം 20,000 കടന്നതായി നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (നോട്ടോ). മുൻവർഷത്തെ അപേക്ഷിച്ച് 6.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് നോട്ടോ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.
2013-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നാലിരട്ടി വർധനവാണ്. ഇതോടെ മൊത്തം അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ അമേരിക്കക്കും ചൈനക്കും പിന്നാലെ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2026-ൽ പുറത്തിറങ്ങിയ ഗ്ലോബൽ ഒബ്സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാൻറേഷൻ റിപ്പോർട്ട് പ്രകാരം ജീവിച്ചിരിക്കുന്ന ദാതാക്കളിൽനിന്നുള്ള അവയവമാറ്റ ശസ്ത്രക്രിയകളിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്.
2023-ൽ ദേശീയ ഡിജിറ്റൽ അവയവദാന പ്രതിജ്ഞ പോർട്ടൽ ആരംഭിച്ചതിനുശേഷം അഞ്ച് ലക്ഷത്തിലധികം പേർ അവയവദാന പ്രതിജ്ഞ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, മരണപ്പെട്ട ദാതാക്കളിൽ നിന്നുള്ള അവയവദാനം ഇപ്പോഴും ഉയർന്നിട്ടില്ല. 2013-നെ അപേക്ഷിച്ച് 2025-ൽ ഇത്തരം അവയവദാനത്തിൽ വർധനവ് ഉണ്ടായെങ്കിലും നിലവിലെ ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ അത് ഇപ്പോഴും അപര്യാപ്തമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ദേശീയ ബ്രെയിൻ സ്റ്റെം ഡെത്ത് സർട്ടിഫിക്കേഷൻ മാർഗനിർദ്ദേശങ്ങളും സ്വാപ്പ് ട്രാൻസ്പ്ലാൻറേഷനുള്ള ദേശീയ മാർഗനിർദ്ദേശങ്ങളും നടപ്പാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഏകീകൃത നിലവാരത്തിൽ നടപ്പാക്കാൻ ഈ മാർഗനിർദേശങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക ബോധവത്കരണ പരിപാടിയായ 'ജഗ് ജഗ് ജിയോ അഭിയാൻ' ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. അവയവദാന-അവയവമാറ്റ രംഗത്ത് ശക്തമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇതിനായി നോട്ടോ, അഞ്ച് റീജിയണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനുകൾ (റോട്ടോ), 26 സംസ്ഥാന ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനുകൾ (സോട്ടോ), കൂടാതെ ഏകദേശം 1,200 രജിസ്റ്റർ ചെയ്ത ആശുപത്രികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ഈ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും അവയവദാന-അവയവമാറ്റ നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുമായി 'ഇ-പ്രത്യാരോപൺ' എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ദേശീയ അവയവം മാറ്റിവെക്കൽ പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം, ദാതാക്കളുടെ പരിചരണം, അവയവം ശേഖരിക്കൽ, ഗതാഗതം എന്നിവക്കായി കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം വൃക്കമാറ്റ ശസ്ത്രക്രിയ ആരോഗ്യ ആനുകൂല്യ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് രാഷ്ട്രീയ ആരോഗ്യ നിധിയിലൂടെ അധിക സാമ്പത്തിക സഹായവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.