മഴക്കാല രോഗങ്ങളായി പനി, ചുമ, തൊണ്ടവേദന എന്നിവയൊക്കെയാണ് നാം എണ്ണാറുള്ളത്. മരണകാരണമാവുന്ന എലിപ്പനി നമ്മെ ഭീതിപ്പെടുത്താറുമുണ്ട്. എന്നാൽ മഴയുടെ മറവിൽ കടന്നു കയറുന്ന വലിയൊരു വില്ലനുണ്ട്; മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം.ഇതിന് മുഖ്യകാരണമാവുന്നത് ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസുകളാണ്. ബി, സി, ഡി, ജി വൈറസുകളും കരളിനെ ബാധിക്കുന്നവയാണ്. ഈ രോഗാവസ്ഥയിൽ രക്തത്തിലെ ബിലിറുബിന്റെ അളവ് ക്രമാതീതമായി വർധിക്കുകയും രോഗിയുടെ കണ്ണും നാവും ചർമവും മഞ്ഞനിറമാവുകയും ചെയ്യുന്നു.
പനി, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, ക്ഷീണം, സന്ധിവേദന, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളോടൊപ്പം കരൾ വീക്കം, വയറ്റിൽ അസ്വസ്ഥത, വിളറിയ നിറത്തിലുള്ള മലവിസർജനം, കറുത്ത നിറത്തിൽ മൂത്രം എന്നിവ കാണുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് രോഗ ബാധയാണെന്ന് സംശയിക്കുന്നത്.
കരളിനെ ഈ സ്ഥിതിയിൽ എത്തിക്കുന്നതിൽ വൈറസുകൾക്ക് പുറമെ ബാക്ടീരിയ, പരാദങ്ങൾ എന്നിവയുടെ ആക്രമണം, വിഷാംശങ്ങൾ, മദ്യം, ചില മരുന്നുകൾ എന്നിവയും പങ്കുവഹിക്കാറുണ്ട്. രോഗം യഥാസമയം ചികിത്സിക്കുകയും വിശ്രമിക്കുകയും ചെയ്തില്ലെങ്കിൽ ചിലപ്പോൾ ഇത് തീവ്രമായ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം. ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസുകൾ കാരണം കരൾകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെങ്കിലും, രോഗമുക്തി നേടുന്നതോടെ അവ പൂർണമായി പുനഃസൃഷ്ടിക്കപ്പെടും എന്നത് ആശ്വാസകരമാണ്.
ഹെപ്പറ്റൈറ്റിസ്-എ
മനുഷ്യരിൽ മാത്രം പ്രധാനമായും കാണപ്പെടുന്ന ഹെപ്പറ്റൈറ്റിസ്-എ വൈറസുകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സമ്പർക്കത്തിലൂടെ പടരാം. മലിനമായ കുടിവെള്ളം, ആഹാരം, പാൽ, വേവിക്കാത്ത കക്കയിറച്ചി എന്നിവയിലൂടെ പകരുന്ന ഈ രോഗം കുട്ടികളിലും യുവാക്കളിലുമാണ് കൂടുതലായി കണ്ടുവരുന്നത്. ഗർഭിണികളിൽ ഈ രോഗം കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചേക്കാം.
രണ്ട് മുതൽ ആറാഴ്ച വരെ ഇൻകുബേഷൻ കാലയളവുള്ള ഈ രോഗത്തിന് രണ്ട് ഘട്ടങ്ങളാണുള്ളത്: രോഗലക്ഷണങ്ങൾ വ്യക്തമല്ലാത്ത ആദ്യഘട്ടവും, മഞ്ഞപ്പിത്തം പ്രകടമാവുന്ന രണ്ടാംഘട്ടവും. രോഗത്തിന്റെ തുടക്കത്തിൽ പനി, വിശപ്പില്ലായ്മ, ഛർദ്ദി, ക്ഷീണം, കരൾ ഭാഗത്ത് വേദന എന്നിവ ഉണ്ടാവുന്നു. രോഗം ഭേദമാവാൻ നാല് മുതൽ മുതൽ ആറാഴ്ച വരെ വേണ്ടിവരുന്നു. ഈ ഘട്ടത്തിൽ രോഗി എണ്ണമയമില്ലാത്ത ലഘുഭക്ഷണങ്ങൾ കഴിക്കുകയും പൂർണ്ണവിശ്രമം എടുക്കുകയും വേണം.
SGPT (ALT), SGOT പരിശോധനകളും രക്ത പരിശോധനകളും രോഗനിർണ്ണയത്തിന് സഹായിക്കുന്നു. ഹെപ്പറ്റൈറ്റിസ്-എ പ്രതിരോധത്തിന് ഫലപ്രദമായ വാക്സിൻ ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസ്-ഇ
പന്നികളും കുരങ്ങുകളും മറ്റ് ചില മൃഗങ്ങളും ഹെപ്പറ്റൈറ്റിസ്-ഇ വൈറസിന്റെ വാഹകരായി പ്രവർത്തിക്കാറുണ്ട്. പ്രളയശേഷമുള്ള മലിനജലത്തിലൂടെയും ഈച്ചകൾ, പന്നികൾ എന്നിവയുടെ മലമൂത്രവിസർജനത്തിലൂടെ മലിന അന്തരീക്ഷത്തിലൂടെയുമാണ് രോഗം പകരുന്നത്. മഴക്കാലത്തിനു ശേഷവും പ്രളയശേഷവുമാണ് ഇതിന്റെ വ്യാപനം കൂടുന്നത്.
ഹെപ്പറ്റൈറ്റിസ്-ഇ പ്രതിരോധിക്കാൻ മൂന്ന് ഡോസുകളായി നൽകുന്ന വാക്സിൻ ഇന്ത്യയിൽ ലഭ്യമാണ്.
തിളപ്പിച്ചാറിയ സുരക്ഷിതമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, ആഹാരം നന്നായി പാകം ചെയ്ത് കഴിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക എന്നിവയാണ് അസുഖ സാധ്യത തടയുവാനുള്ള ഏറ്റവും ഫലപ്രദമായ മുൻകരുതലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.