ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കുക. അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കണ്ടെത്തിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്.
വാട്ടർ കൂളറുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളിലാണ് ഇ കോളി ബാക്ടീരിയ കണ്ടെത്തിയത്. റെയിൽവേ വാഷ്റൂമുകളിലും വൃത്തിഹീനമായ അവസ്ഥ കണ്ടെത്തിയതായി സി.എ.ജി റിപ്പോർട്ടിലുണ്ട്.
ദക്ഷിണ റെയിൽവേയിൽ കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ സ്റ്റേഷനുകളിലാണ് ഇ കോളി കണ്ടെത്തിയത്. ഹൈദരാബാദ്, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല, മധുപൂർ എന്നിവിടങ്ങളിലെ വാട്ടർ കൂളറിൽനിന്നുള്ള വെള്ളത്തിന്റെ സാമ്പിളിലും ഇ കോളി പോസിറ്റിവാണെന്ന് കണ്ടെത്തി. എല്ലാ സോണുകളിലുമായി 512 നോൺ-സബർബൻ ഗ്രേഡ് സ്റ്റേഷനുകളിലായിരുന്നു പരിശോധന. 2022-23 കാലയളവിൽ എട്ട് സോണുകളിലെ 49 സ്റ്റേഷനുകളിലെയും 2023-24 കാലയളവിൽ ഒമ്പത് സോണുകളിലെ 56 സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോമുകളിലെ ടാപ്പുകളിൽനിന്ന് ശേഖരിച്ചവയിലും ടോട്ടൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് സി.എ.ജി റിപ്പോർട്ട് പറയുന്നു. ഇ കോളി ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്ക തകരാറ് എന്നിവക്ക് കാരണമാകുന്നതാണ്. പലയിടത്തും പരിശോധനകൾ തൃപ്തികരമല്ലെന്ന് കണ്ടെത്തി. യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി റെയിൽവേ ബോർഡ് വിവിധ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും യാത്രക്കാർക്ക് സൗകര്യങ്ങളും ശുചിത്വവും ഉറപ്പാക്കാൻ നടത്തിയ ശ്രമങ്ങൾ ഉദ്ദേശിച്ച നേട്ടങ്ങൾ നൽകിയിട്ടുണ്ടോ എന്ന് വിലയിരുത്താൻ ഓഡിറ്റ് നടത്തിയെന്നും സി.എ.ജി പറഞ്ഞു. തെരഞ്ഞെടുത്ത 512 സ്റ്റേഷനുകളിൽ 458ലും അവശ്യ സൗകര്യങ്ങൾ നൽകുന്നതിൽ കുറവുള്ളതായും തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.