'ഹൃദയം തകർന്ന്' മരിക്കുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്ന് പുതിയ പഠനം. അമേരിക്കൽ ഹാർട്ട് അസോസി‍യേഷന്‍റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസിക സമ്മർദമോ മറ്റ് ശാരീരിക വേദനകളോ സഹിക്കാവുന്നതിലും അധികമാകുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്ന 'ബ്രോക്കൺ ഹാർട്ട് സിൻഡ്രോം' മൂലമുള്ള മരണങ്ങളാണ് ഗവേഷകർ പഠനവിധേയമാക്കിയത്. അങ്ങേയറ്റം കഠിനമായ ശാരീരികമായതോ മാനസികമായതോ ആയ വേദനയുടെ സാഹചര്യത്തിൽ ഹൃദയത്തിന്‍റെ പ്രവർത്തനം സ്തംഭിക്കുന്ന സാഹചര്യമാണിത്.

2016 മുതൽ 2020 വരെ കാലത്ത് യു.എസിൽ 'ബ്രോക്കൺ ഹാർട്ട് സിൻഡ്രോം' മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് ലക്ഷം പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 'ബ്രോക്കൺ ഹാർട്ട് സിൻഡ്രോം' സ്ത്രീകളിലും കൂടുതലായി കണ്ടുവരുന്നുണ്ടെങ്കിലും മരണസാധ്യത കൂടുതൽ പുരുഷന്മാരിലാണെന്നാണ് പഠനം പറയുന്നത്. 11 ശതമാനമാണ് പുരുഷന്മാരിൽ കണ്ടെത്തിയ മരണനിരക്ക്. അതേസമയം, സ്ത്രീകളിലാവട്ടെ പുരുഷന്മാരുടെ പകുതിയിൽ താഴെ മാത്രമാണ് -അഞ്ച് ശതമാനം.

അരിസോണ സർവകലാശാലയിലെ സാർവർ ഹാർട്ട് സെന്ററിലെ ഡോ. മുഹമ്മദ് റെസ മൊവാഹെദിന്‍റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ സങ്കീർണമാകാവുന്ന അവസ്ഥയാണ് ഇതെന്ന് ഡോ. മുഹമ്മദ് റെസ മൊവാഹെദ് പറഞ്ഞു. സ്ത്രീകളെ അപേക്ഷിച്ച് സമ്മർദ്ദം നിയന്ത്രിക്കുന്നതിന് പുരുഷന്മാർക്ക് കൂടുതൽ സാമൂഹിക പിന്തുണ ലഭിക്കുന്നില്ലെന്നും അതിനാൽ 'ബ്രോക്കൺ ഹാർട്ട് സിൻഡ്രോ'മിനെ അതിജീവിക്കൽ പുരുഷന്മാർക്ക് കൂടുതൽ ശ്രമകരമാണെന്നും ഇദ്ദേഹം പറയുന്നു.

1990കളിൽ ജപ്പാനിലാണ് ആദ്യമായി ബ്രോക്കൺ ഹാർട്ട് സിൻഡ്രോമിനെക്കുറിച്ച് പ്രതിപാദിച്ചത്. ഹൃദയത്തിലെ രക്തം പമ്പ് ചെയ്യുന്ന പ്രധാന അറയായ ഇടതു വെൻട്രിക്കിൾ ദുർബലപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. 'ടാകോസുബോ കാർഡിയോമയോപ്പതി' എന്നാണ് ജപ്പാൻകാർ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ജപ്പാനിൽ നീരാളികൾക്കായി വെക്കുന്ന ടാകോസുബോ എന്ന കെണിയുടെ ആകൃതിയിലേക്ക് ഹൃദയം എത്തുന്നതുകൊണ്ടാണ് ആ പേരുവന്നത്. 

Tags:    
News Summary - Men Are More Likely To Die From This Unusual Heart Condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.