പാരസെറ്റമോൾ ഓട്ടിസത്തിനും എ.ഡി.എച്ച്.ഡിക്കും കാരണമാകുമോ? പുതിയ പഠനം പറയുന്നതിങ്ങനെ

ന്യൂഡൽഹി: വേദനയും പനിയും കുറയ്ക്കാൻ  സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ് പാരാസെറ്റമോൾ. മറ്റ് പല വേദനസംഹാരികളെയും അപേക്ഷിച്ച് ഇത് സുരക്ഷിതമായി കണക്കാക്കപ്പെടുന്നതിനാൽ ഗർഭിണികൾക്ക് ഡോക്ടർമാർ ഇത് നിർദ്ദേശിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗർഭകാലത്ത് പാരാസെറ്റമോൾ കഴിക്കുന്നത് കുട്ടികളിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എ.എസ്.ഡി) അല്ലെങ്കിൽ അറ്റൻഷൻ-ഡെഫിസിറ്റ്, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) എന്നിവയുടെ സാധ്യത വർധിപ്പിച്ചേക്കാം എന്ന് ചില പഠനങ്ങൾ ആശങ്ക ഉയർത്തിയിരുന്നു.

എന്നാൽ ഗർഭകാലത്ത് പാരാസെറ്റമോൾ ഉപയോഗിക്കുന്നത് കുട്ടികളിൽ ഓട്ടിസമോ, എ.ഡി.എച്ച്.ഡിയോ ഉണ്ടാക്കുമെന്നതിന് തെളിവുകളില്ലെന്ന് 'ജാമ ഇന്റേണൽ മെഡിസിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഗർഭകാലത്ത് പാരാസെറ്റമോൾ ഉപയോഗിക്കുന്നതും ഈ നാഡീവികസന വൈകല്യങ്ങളും തമ്മിൽ ബന്ധമില്ല എന്നതിന് ശക്തമായ തെളിവുകൾ ഈ പഠനം നൽകുന്നു.

കണ്ടെത്തൽ

പഠനത്തിനായി രണ്ട് പതിറ്റാണ്ടുകളായി ഹോങ്കോങ്ങിൽ ശേഖരിച്ച 7,08,000ത്തിലധികം ആരോഗ്യ രേഖകൾ ഗവേഷകർ വിശകലനം ചെയ്തു. തുടർന്ന്, ഒരേ കുടുംബത്തിലെ സഹോദരങ്ങളെ താരതമ്യം ചെയ്യുന്ന 'സിബ്ലിംഗ് കമ്പാരിസൺ' രീതി അവർ അവലംബിച്ചു. ഇതിൽ ഒരു കുട്ടി ഗർഭകാലത്ത് പാരാസെറ്റമോളിന് വിധേയനാകുകയും മറ്റേ കുട്ടി അല്ലാത്തതുമായ സാഹചര്യങ്ങൾ പരിശോധിച്ചു.

സഹോദരങ്ങളെ താരതമ്യം ചെയ്ത ശേഷം, ഗർഭസ്ഥാവസ്ഥയിൽ പാരാസെറ്റമോൾ ഉപയോഗിച്ച കുട്ടികളിൽ ഓട്ടിസമോ എ.ഡി.എച്ച്.ഡിയോ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി. ഗർഭകാലത്ത് എപ്പോൾ മരുന്ന് കഴിച്ചു, എത്ര അളവിൽ കഴിച്ചു, എത്ര തവണ ഉപയോഗിച്ചു എന്നത് ഫലങ്ങളെ ബാധിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

മുൻകാല പഠനങ്ങളിൽനിന്നുള്ള വ്യത്യാസം

ഗർഭകാലത്തെ പാരാസെറ്റമോൾ ഉപയോഗവും നാഡീവികസന വൈകല്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, മറ്റ് പല ഘടകങ്ങളിൽ നിന്നും മരുന്നിന്റെ ഫലങ്ങളെ വേർതിരിച്ചറിയാൻ ആ പഠനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.

ഉദാഹരണത്തിന്, ഗർഭകാലത്ത് പാരാസെറ്റമോൾ കഴിക്കുന്ന സ്ത്രീകളിൽ പനി, അണുബാധ, വിട്ടുമാറാത്ത വേദന അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇവ കുട്ടിയുടെ വികസനത്തെ ബാധിച്ചേക്കാം. ജനിതക ഘടകങ്ങളും കുടുംബ സാഹചര്യങ്ങളും ഇതിൽ പങ്കുവഹിച്ചേക്കാം. പുതിയ പഠനത്തിലെ 'സിബ്ലിംഗ്-മാച്ച്ഡ്' രീതി ഇത്തരം മറഞ്ഞിരിക്കുന്ന ഘടകങ്ങളെ കൂടി അഭിസംബോധന ചെയ്തിട്ടുണ്ട്. അതിനാൽ പഠനത്തിന്റെ കണ്ടെത്തലുകൾ കൂടുതൽ വിശ്വസനീയമാണെന്നും ജേണലിൽ പറയുന്നു.

പതിവ് രീതികൾ ഉപയോഗിച്ച് ഡാറ്റ പരിശോധിച്ചപ്പോൾ മുൻ പഠനങ്ങളിൽ കണ്ടതുപോലെ ഒരു ബന്ധം ഗവേഷകർക്കും തോന്നിയിരുന്നു. എന്നാൽ സഹോദരങ്ങളെ താരതമ്യം ചെയ്യുകയും കുടുംബപരമായ ഘടകങ്ങൾ കണക്കിലെടുക്കുകയും ചെയ്തപ്പോൾ ആ ബന്ധം ഇല്ലാതായി. മരുന്ന് മൂലമല്ല, മറിച്ച് പനി പോലുള്ള മറ്റ് ഘടകങ്ങളാണ് നേരത്തെയുള്ള കണ്ടെത്തലുകൾക്ക് കാരണമെന്ന് ഇത് സൂചിപ്പിക്കുന്നു.

ആശ്വാസം

വേദനയോ പനിയോ നിയന്ത്രിക്കാൻ പാരാസെറ്റമോൾ ആവശ്യമായ ഗർഭിണികൾക്ക് ഈ പഠനം ആശ്വാസം നൽകുന്നു. ഗർഭകാലത്ത് ചികിത്സിക്കാത്ത ഉയർന്ന പനി അമ്മയ്ക്കും വളരുന്ന കുഞ്ഞിനും അപകടകരമാണ്. അതിനാൽ, ഭയപ്പെട്ട് മരുന്ന് ഒഴിവാക്കുന്നത് സുരക്ഷിതമായിരിക്കില്ല. ആവശ്യമുള്ളപ്പോൾ ഡോക്ടറുടെ നിർദേശ പ്രകാരം ഏറ്റവും കുറഞ്ഞ അളവിൽ, കുറഞ്ഞ കാലയളവിൽ പാരാസെറ്റമോൾ ഉപയോഗിക്കുന്നത് ഗർഭകാലത്ത് അനുയോജ്യമായ ഒരു മാർഗ്ഗമാണെന്ന് വിദഗ്ധർ പറയുന്നു.

Tags:    
News Summary - Does Paracetamol Cause ADHD, Autism? New Study Offers A Definite Answer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.