8 മണിക്കൂർ ഉറങ്ങിയിട്ടും അലാം കേട്ട് ഞെട്ടി എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നാറുണ്ടോ? കാരണം 'സ്ലീപ് ഇനർഷ്യ' ആകാം

രാത്രി ആവശ്യത്തിന് ഉറങ്ങിയിട്ടും രാവിലെ അലാം കേട്ട് എഴുന്നേൽക്കുമ്പോൾ ക്ഷീണവും മയക്കവും അനുഭവപ്പെടാറുണ്ടോ? ആഴമേറിയ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരുന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. ഗാഢമായ ഉറക്കത്തിൽ നിന്ന് പൂർണമായ ഉണർവിലേക്ക് മാറാൻ തലച്ചോറിന് കുറച്ച് സമയം ആവശ്യമാണ്. ഈ അവസ്ഥയിൽ പെട്ടെന്നുള്ള അലാം കേൾക്കുന്നത് ആശയകുഴപ്പം, ചിന്തിക്കാനുള്ള പ്രയാസം എന്നിവക്ക് കാരണമാവും.

ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. ശരീരത്തിന് വിശ്രമവും പേശികൾക്ക് വീണ്ടെടുക്കലും ലഭിക്കുന്ന പ്രധാന സമയമാണ് ആഴത്തിലുള്ള ഉറക്കം. ഈ സമയത്ത് ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും പൊതുവെ മന്ദഗതിയിലാകും. ശരീരം ഈ ഘട്ടത്തിലായിരിക്കുമ്പോൾ പെട്ടെന്ന് ഉണർന്നാൽ സാധാരണ നിലയിലേക്ക് മടങ്ങാൻ കൂടുതൽ സമയമെടുത്തേക്കാം. ഉറക്കത്തിൽനിന്ന് ഉണർന്ന ഉടനെയുള്ള ഈ മയക്കാവസ്ഥയെ ‘സ്ലീപ് ഇനർഷ്യ’ എന്നാണ് വിളിക്കുന്നത്. ചിലരിൽ ഇത് ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കും.

ഉറക്കത്തിന്റെ ഏറ്റവും ആഴമേറിയ ഘട്ടത്തിലാണ് സാധാരണയായി സ്വപ്‌നങ്ങൾ കാണുന്നത്. ഈ ഘട്ടത്തിൽ നിന്ന് ഉണരുമ്പോഴും ചിലർക്ക് ആശയക്കുഴപ്പവും സ്വപ്നങ്ങൾ വ്യക്തമായി ഓർമയിൽ നിൽക്കുന്ന അവസ്ഥയോ ഉണ്ടാകാം. എന്നാൽ, ഉറക്കത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽനിന്ന് ഉണർന്നതുകൊണ്ടുമാത്രം ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടണമെന്നില്ല. എത്ര നേരം ഉറങ്ങി, ഉറക്കത്തിന്റെ ഏത് ഘട്ടത്തിലാണ് ഉണർന്നത് എന്നതിനെയെല്ലാം ആശ്രയിച്ചായിരിക്കും ഇത്.

രാവിലെ ഉണരുമ്പോൾ ക്ഷീണം പതിവാണെങ്കിൽ ആദ്യം ഉറക്കശീലങ്ങൾ പരിശോധിക്കുകയാണ് വേണ്ടതെന്ന് വിദഗ്ധർ പറയുന്നു. ഉറക്കത്തിന്റെ ഘട്ടങ്ങൾ കൃത്യമായി തിട്ടപ്പെടുത്തി അനുയോജ്യമായ സമയത്ത് ഉണർത്താൻ സാധാരണ അലാമുകൾക്ക് കഴിയില്ല. അതുകൊണ്ട് കൊണ്ട് തന്നെ ആഴമേറിയ ഉറക്കത്തിൽ പെട്ടന്നുള്ള അലാം കേട്ട് ഉണരുന്നത് ചില സമയങ്ങളിൽ ക്ഷീണത്തിന് കാരണമാവുന്നു.

Tags:    
News Summary - Feel Tired After 8 Hours of Sleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.