പ്രായമാകുമ്പോൾ പേശികൾക്ക് കരുത്ത് കുറയുന്നത് ശരീരത്തെ സംരക്ഷിക്കാനോ? പഠനം പറയുന്നത് ഇങ്ങനെ...

പ്രായമാകുമ്പോൾ പേശികളുടെ കരുത്ത് കുറയുന്നത് ശരീരത്തിന്റെ സ്വാഭാവിക ക്ഷയത്തിന്റെ ഭാഗം മാത്രമല്ല, കോശങ്ങളെ നാശത്തിൽനിന്ന് സംരക്ഷിക്കാനുള്ള പ്രതിരോധ സംവിധാനത്തിന്റെ ഭാഗം കൂടിയാകാമെന്ന് പഠനം. പേശികൾ കരുത്തും വേഗവും നൽകുന്ന നാരുകളിൽനിന്ന് കൂടുതൽ അയഞ്ഞ നാരുകളിലേക്ക് മാറുന്നത് കോശങ്ങളിലെ തകരാറുകൾ കുറക്കാനുള്ള പ്രതികരണമാകാമെന്നാണ് വിദഗ്ധർ പറയുന്നത്.

എലികളിൽ നടത്തിയ പരീക്ഷണങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. മനുഷ്യരിൽ ഇതേ പ്രതിരോധപ്രക്രിയ പ്രവർത്തിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. പേശികളിൽ പ്രധാനമായും രണ്ട് തരത്തിലുള്ള നാരുകളാണുള്ളത്. വേഗത്തിൽ ചുരുങ്ങി ശക്തമായ ചലനങ്ങൾ സാധ്യമാക്കുന്ന ഫാസ്റ്റ്-ട്വിച്ച് നാരുകളും ദീർഘനേരം പ്രവർത്തിക്കാൻ സഹായിക്കുന്ന സ്ലോ-ട്വിച്ച് നാരുകളും. പ്രായം കൂടുമ്പോൾ പേശികളുടെ കരുത്ത് കുറയുന്നതിനൊപ്പം ഫാസ്റ്റ്-ട്വിച്ച് നാരുകളുടെ അളവും കുറയാം. ഊർജം ഉൽപാദിപ്പിക്കുന്ന കോശാവയവങ്ങളായ മൈറ്റോകോൺഡ്രിയയെ കൂടുതൽ സഹായിക്കുന്ന സ്ലോ-ട്വിച്ച് നാരുകളുടെ അനുപാതം വർധിക്കുന്നത് ഗവേഷകർ നിരീക്ഷിച്ചു. മൈറ്റോകോൺഡ്രിയയുടെ ഘടനയും പ്രവർത്തനവും നിലനിർത്താൻ സഹായിക്കുന്ന കാർഡിയോളിപിൻ എന്ന കൊഴുപ്പ് തന്മാത്ര പ്രായമായവരിൽ കുറയുകയും ഇത് കോശങ്ങൾക്ക് ഹാനികരമാവുകയും ചെയ്യും.

ഈ സമയത്ത് പേശിനാരുകൾ ഫാസ്റ്റ്-ട്വിച്ച് സ്വഭാവത്തിൽനിന്ന് സ്ലോ-ട്വിച്ച് സ്വഭാവത്തിലേക്ക് മാറുകയും പേശികളുടെ വലുപ്പവും കരുത്തും കുറയുകയും ചെയ്യും. ഈ മാറ്റം പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു പകരം കോശങ്ങൾക്ക് കേടുപാടുകൾ കുറക്കാനുള്ള ശരീരത്തിന്റെ പ്രതികരണമായിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. പ്രായമാകുമ്പോഴുള്ള പേശിക്ഷയം തടയാനും പേശികളുടെ കരുത്ത് നിലനിർത്താനും ഭാവിയിൽ പുതിയ ചികിത്സകൾ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തൽ സഹായകമായേക്കാം.

Tags:    
News Summary - Why Muscles Weaken With Age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.