എന്താണ് ഹന്താവൈറസ്? ക്രൂയിസ് കപ്പലിലെ മരണത്തിന് കാരണമായ രോഗബാധയുടെ വിവരങ്ങൾ അറിഞ്ഞിരിക്കാം
പശ്ചിമാഫ്രിക്കൻ തീരത്ത് ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് ബാധയെത്തുടർന്ന് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ ലോകം അതീവ ജാഗ്രതയിലാണ്. അപൂർവമെങ്കിലും മാരകമായ ഈ വൈറസിനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടതാണ്.
എന്താണ് ഹന്താവൈറസ്?
എലികളിലും മറ്റ് കരണ്ടുതീനി വർഗത്തിൽപ്പെട്ട ജീവികളിലുമാണ് ഈ വൈറസ് പ്രധാനമായും കാണപ്പെടുന്നത്. കൊറിയയിലെ ഹന്താൻ നദീതീരത്താണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഇത്തരത്തിലുള്ള ജീവികളുടെ ഉമിനീർ, മൂത്രം, വിസർജ്യം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. അമേരിക്കയിൽ 1993 ലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ശ്വാസകോശം, ഹൃദയം, വൃക്കകൾ എന്നിവയെ ഇത് മാരകമായി ബാധിക്കാം.
ലക്ഷണങ്ങൾ
രോഗം ബാധിച്ചാൽ രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. എന്നാൽ ചിലരിൽ ഇത് എട്ട് ആഴ്ച വരെ നീളാൻ സാധ്യതയുണ്ട്. കടുത്ത ക്ഷീണം, പനി, പേശിവേദന (പ്രത്യേകിച്ച് തുട, ഇടുപ്പ്, പുറംഭാഗം എന്നിവിടങ്ങളിൽ), തലവേദന, തലകറക്കം, വിറയൽ, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
രോഗം ബാധിച്ച് നാല് മുതൽ പത്ത് ദിവസത്തിനുള്ളിൽ ശ്വാസകോശത്തിൽ ദ്രാവകം നിറയുന്നതിനെത്തുടർന്ന് കടുത്ത ശ്വാസംമുട്ടലും ചുമയും അനുഭവപ്പെടാം.
രോഗം പകരുന്നത് എങ്ങനെ?
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത് വളരെ അപൂർവമാണ്. എന്നാൽ നിലവിൽ കേപ് വെർഡെ തീരത്തുള്ള കപ്പലിലെ പടർച്ചക്ക് പിന്നിൽ 'ആൻഡീസ് വൈറസ്' (Andes virus) എന്ന വിഭാഗത്തിൽപ്പെട്ട ഹന്താവൈറസ് ആണെന്ന് സംശയിക്കുന്നു. ഈ വിഭാഗത്തിന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷിയുണ്ട്.
ചികിത്സയും പ്രതിരോധവും
ഹന്താവൈറസിന് നിലവിൽ പ്രത്യേക മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. എങ്കിലും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. ശ്വസനതടസ്സം നേരിടുന്നവർക്ക് ഓക്സിജൻ തെറാപ്പി നൽകി വരുന്നു.
പ്രതിരോധ മാർഗ്ഗങ്ങൾ:
- വീടിനുള്ളിലും പരിസരത്തും എലികളുടെ സാന്നിധ്യം ഒഴിവാക്കുക.
- വീടിന്റെ ചുവരുകളിലെയും മറ്റും വിള്ളലുകൾ അടക്കുക.
- ആഹാരസാധനങ്ങൾ തുറന്നുവെക്കാതിരിക്കുക.
- എലികളുമായോ അവയുടെ വിസർജ്യവുമായോ സമ്പർക്കമുണ്ടായാൽ ഉടൻ വൈദ്യസഹായം തേടുക.
- നിങ്ങൾ എലികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പോവുകയും തുടർന്ന് പനി, പേശിവേദന, ശ്വാസംമുട്ടൽ എന്നിവ അനുഭവപ്പെടുകയും ചെയ്താൽ ഒട്ടും വൈകാതെ ഡോക്ടറെ കാണുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.