കരുതൽ വാക്സിൻ; കോവിഷീൽഡിന് 600 രൂപയും നികുതിയും

ന്യൂഡൽഹി: രാജ്യത്തെ 18 വയസ് തികഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിന്‍റെ കരുതൽ ഡോസ് നൽകാൻ അനുമതി നൽകിയതിനു പിന്നാലെ കോവിഷീൽഡിന്‍റെ വില പ്രഖ്യാപിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദർ പൂനാവാല. 600 രൂപയും നികുതിയുമാണ് വില.

ഞായറാഴ്ച മുതൽ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി കരുതൽ വാക്സിൻ നൽകാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശത്തെ പൂനാവാല സ്വാഗതം ചെയ്തു. വിവിധ രാജ്യങ്ങൾ കോവിഡ് കരുതൽ ഡോസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ, ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീരുമാനം ആശ്വാസമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർക്ക് നേരത്തെ തന്നെ സൗജന്യമായി കരുതൽ ഡോസ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ളവരെല്ലാം സ്വന്തം നിലയിൽ പണം നൽകി വേണം കരുതൽ ഡോസ് എടുക്കാൻ. കോവിഷീൽഡ് കരുതൽ ഡോസായി അംഗീകരിച്ചെന്നും തങ്ങളുടെ മറ്റൊരു വാക്സിനായ കോവൊവാക്സിന് വൈകാതെ കരുതൽ ഡോസ് അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികൾക്കും വാക്സിൻ വിതരണ കേന്ദ്രങ്ങൾക്കും വിലയിൽ ഇളവ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞമാസമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവൊവാക്സിന് 12-17 വയസ്സുള്ള കുട്ടികളിൽ അടിയന്തര സാഹചര്യങ്ങളിൽ കുത്തിവെക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. വാക്സിൻ രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. രാജ്യത്ത് 15 വയസിന് മുകളിലുള്ള 96 ശതമാനം പേർ കോവിഡ് വാക്സിന്‍റെ ഒന്നാം ഡോസ് സ്വീകരിച്ചതായാണ് റിപ്പോർട്ട്.

83 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 2.4 കോടിയിലധികം മുൻ കരുതൽ ഡോസുകൾ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും 60 വയസിന് മുകളിലുള്ളവർക്കും നൽകിയിട്ടുണ്ട്. 12നും 14നും ഇടയിലുള്ള 45 ശതമാനം പേർക്ക് ഒന്നാം ഡോക്സ് വാക്സിനും നൽകിയിട്ടുണ്ട്.

Tags:    
News Summary - Covishield Booster At ₹ 600 Plus Tax: Adar Poonawalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.