തൃശൂർ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം ജില്ലയിൽനിന്ന് അർബുദത്തെ തുരത്താനുള്ള സംയോജിത പദ്ധതിയായ 'കാൻ തൃശൂർ' രണ്ടാംഘട്ടത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. അർബുദം മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുക, രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, രോഗികളോടും രോഗങ്ങളോടും ജനങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുക, ചികിത്സ ഉറപ്പുവരുത്തുക, അർബുദ മരണ നിരക്ക് കുറക്കുക, രോഗാതുരത കുറക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 2019 സെപ്റ്റംബർ എട്ടിനാണ് പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിച്ചത്.
ആദ്യഘട്ടത്തിൽ 28,42,608 പേരെ നേരിൽ കണ്ട് നടത്തിയ വിവരശേഖരണത്തിൽനിന്ന് 11,96,105 പുരുഷന്മാരും 12,39,314 സ്ത്രീകളും 1,85,420 ആൺകുട്ടികളും 1,91,679 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇവരിൽനിന്ന് രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ 9,738 പുരുഷന്മാരെയും 18,866 സ്ത്രീകളെയും 263 ആൺകുട്ടികളെയും 248 പെൺകുട്ടികളെയും അടക്കം ആകെ 29,115 പേർ സ്ക്രീനിങ്ങിന് വിധേയരായി. ക്യാമ്പുകളിലെയും പ്രാഥമിക കണക്കുകൾ ലഭ്യമായപ്പോൾ ആകെ 20,848 പേരാണ് പരിശോധനക്കായി ക്യാമ്പുകളിലേക്കെത്തിയത്. ഇതിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച 99 പ്രാഥമിക ക്യാമ്പുകളിലെ പരിശോധനകളിൽ ഇതുവരെ 117 അർബുദബാധയും 198 പ്രി കാൻസറസ് കേസുകളും കണ്ടെത്തി. പ്രാരംഭഘട്ടത്തിലുള്ള മൂന്നുറോളം പേരെ അർബുദത്തിൽനിന്ന് രക്ഷിക്കാനുമായി. എന്നാൽ, കോവിഡ് മഹാമാരിയിൽ 2020 ജനുവരി അഞ്ചിന് പദ്ധതി നിലക്കുകയായിരുന്നു.
രണ്ടാം ഘട്ടത്തിൽ സ്ഥിരീകരണ സംവിധാനങ്ങളും ചികിത്സ സംവിധാനങ്ങളും ശക്തിപ്പെടുത്തുകയും ഒന്നാം ഘട്ടത്തിലെ സ്ക്രീനിങ് സ്ഥിരീകരണ ക്യാമ്പുകൾ തുടരുകയും ചെയ്യുകയാണ് ലക്ഷ്യം. കാൻ തൃശൂരിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തനോദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.45ന് തൃശൂർ കേരളവർമ കോളജ് അങ്കണത്തിൽ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ല കലക്ടർ ഹരിത വി. കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡി.എം.ഒ ഡോ. എം.എ. കുട്ടപ്പൻ, പി.കെ. രാജു, ഡോ. മിഥുൻ റോഷ് എന്നിവരും പങ്കെടുത്തു.
ബോധവത്കരണത്തിന് കൈപ്പുസ്തകം
ജില്ലയിലെ മുഴുവൻ ജനങ്ങളിലും അർബുദവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (രോഗലക്ഷണങ്ങൾ, നേരത്തേ കണ്ടുപിടിക്കുന്നത് എങ്ങനെ, കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യം, ജില്ലയിൽ ലഭ്യമാകുന്ന പരിശോധന-ചികിത്സ സംവിധാനങ്ങൾ) എത്തിക്കുന്നതിനായി ഓരോ വീട്ടിലും അച്ചടിച്ച കൈപ്പുസ്തകം എത്തിക്കും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണം, എല്ലാ അംഗൻവാടി, ഹെൽത്ത് സെന്റർ മറ്റു പൊതുസ്ഥലങ്ങൾ, എന്നിവിടങ്ങളിൽ അർബുദവുമായി ബന്ധപ്പെട്ട ബോർഡുകൾ സ്ഥാപിക്കൽ, സിനിമ തിയറ്റർ വഴി ബോധവത്കരണം, ഐ.ഇ.സി വാൻ ഉപയോഗിച്ച് ഉള്ള ബോധവത്കരണം തുടങ്ങിയവ സംഘടിപ്പിക്കും. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിന് പ്രാപ്തരാകുന്ന ആളുകൾക്ക് തൊട്ടടുത്ത അംഗൻവാടികൾ, ഹെൽത്ത് സബ് സെന്ററുകൾ, മറ്റു ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധനക്കായി രജിസ്റ്റർ ചെയ്യാൻ സംവിധാനം ഉറപ്പാക്കും.
പ്രാഥമിക -സെക്കൻഡറി ക്യാമ്പുകൾ
രജിസ്ട്രേഷൻ പൂർത്തിയാകുന്ന സ്ഥാപനങ്ങളിൽ (ഗ്രാമപഞ്ചായത്ത് നഗരസഭ തലം) ഒന്നാംഘട്ടത്തിന് സമാനം രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് പ്രാഥമിക ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രാഥമിക ക്യാമ്പുകളിൽ കണ്ടെത്തുന്നവരിൽ ചില ആളുകൾക്ക് അവിടെ നിന്നുതന്നെ രോഗസ്ഥിരീകരണം നടത്താൻ കഴിയും. എന്നാൽ ചില ആളുകൾക്ക് രണ്ടാം ഘട്ട ക്യാമ്പിലെ പരിശോധനകൾ ആവശ്യമാവും. ഇതിനായി സെക്കൻഡറി ക്യാമ്പുകൾ ഒരുക്കും.
ഡോക്ടർമാർക്ക് പഞ്ചദിന പരിശീലന പരിപാടി
രോഗം തിരിച്ചറിഞ്ഞവർക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരഞ്ഞെടുത്ത ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാർക്ക് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കും.
തിരുവനന്തപുരം ആർ.സി.സിയിൽനിന്ന് 40 അംഗ ഡോക്ടർമാരാവും ജില്ലയിലെ ഡോക്ടർമാർക്ക് പരിശീലനം നൽകുക. ഇത്തരത്തിൽ പരിശീലനം ലഭിച്ച ഡോക്ടർമാർ പ്രതിവാരം രോഗികളുടെ ചികിത്സ ഫോളോഅപ്പ് നടത്തും.
ഇതിലൂടെ രോഗികൾക്ക് കിട്ടേണ്ട തുടർചികിത്സ എളുപ്പമാവും. ആർ.സി.സിയിലേക്ക് പോകാതെ ചികിത്സ ജില്ലയിൽ താലുക്ക് ആശുപത്രി തലത്തിൽ സജ്ജമാക്കാനാവും.
താലൂക്ക് ആശുപത്രികളിൽ പരിശോധന സംവിധാനം
മുഴുവൻ താലൂക്ക്, ജില്ല ജനറൽ ആശുപത്രികളിലും മാമ്മോഗ്രാം പരിശോധന സംവിധാനം, എല്ലാ ബ്ലോക്കുതല ആരോഗ്യ സ്ഥാപനങ്ങളിൽ വരെ 'എഫ്.എൻ.എ.സി' പരിശോധന സംവിധാനം എന്നിവ ഉറപ്പാക്കും.
കൂടാതെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ അർബുദ രോഗചികിത്സക്കുള്ള കിടത്തി ചികിത്സ സൗകര്യം വർധിപ്പിച്ചു.
വടക്കാഞ്ചേരി ജില്ല ആശുപത്രിയിലും കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്ക് ആശുപത്രികളിലും മാമ്മോഗ്രാം പരിശോധന സംവിധാനം ഒരുക്കിക്കഴിഞ്ഞു.
രണ്ടാംഘട്ടത്തിന് 3.65 കോടി
രണ്ടാംഘട്ട പ്രവർത്തനത്തിനായി ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നീ സ്ഥാപനങ്ങൾ ഇതിനായി ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.