പാഠപുസ്തകത്തിലെ സംശയത്തിനും പ്രോജക്ട് വർക്കിനും പാചക ഐഡിയകൾക്കും, എന്തിന് ഡോക്ടർക്ക് ബദലായിപ്പോലും നിർമിത ബുദ്ധി (എ.ഐ) ടൂളുകളെ ഉപയോഗിക്കുകയാണിന്ന്. ലോകത്ത് എല്ലായിടത്തും എ.ഐ ടൂളുകളെ രോഗവിവരങ്ങൾക്കും ചികിത്സാ ഉപദേശം തേടാനുമുള്ള മാർഗമായി പുതുതലമുറ ഉപയോഗിക്കുന്നുവെന്ന് സർവേകൾ വെളിപ്പെടുത്തുന്നു.

അമേരിക്കയിലെ ഗാലപ്പ് പോൾ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. 2025 അവസാനം പ്രസിദ്ധീകരിച്ച സർവേ പ്രകാരം 30 ദിവസത്തിനുള്ളിൽ അമേരിക്കയിലെ മുതിർന്നവരിൽ നാലിലൊന്നുപേരും എ.ഐ ടൂളുകളെ പ്രധാന ആരോഗ്യ ഉപദേഷ്ടാക്കളായി ഉപയോഗിക്കുന്നുവത്രെ. സർവേയിൽ അഭിപ്രായം പറഞ്ഞ 10ൽ ഏഴ് അമേരിക്കക്കാരും ആരോഗ്യ വിവരങ്ങൾക്ക് എ.ഐ ടൂളുകൾ ഉപയോഗപ്പെടുത്തുന്നു. ഏറെ പേരും ഡോക്ടറെ കാണുന്നതിന് മുമ്പോ, അല്ലെങ്കിൽ അപ്പോയിന്റ്മെന്റ് എടുത്തശേഷമോ ആണ് എ.ഐയോട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുന്നത്.

അലബാമയിൽനിന്നുള്ള 39കാരി റകേസിയ വിൽസന്റെ എ.ഐ ഉപയോഗം റിപ്പോർട്ടിൽ വിശദീകരിക്കുന്നത് ഇങ്ങനെ: എൻഡോക്രൈനോളജിസ്റ്റിനെ സന്ദർശിച്ചശേഷം, ലാബ് റിപ്പോർട്ട് മനസ്സിലാക്കാൻ ഇവർ ഉപയോഗിച്ചത് എ.ഐ ടൂളാണ്. റിപ്പോർട്ടിലെ വിവരങ്ങൾ എ.ഐക്ക് നൽകിയശേഷം, ലഭിക്കുന്ന മറുപടി നോക്കി, ആവശ്യമുണ്ടെങ്കൽ ഡോക്ടറെ കാണാം എന്നായിരുന്നു റകേസിയുടെ സർവേ ചോദ്യങ്ങൾക്ക് നൽകിയ മറുപടി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ കെ.എഫ്.എഫ് സർവേ പ്രകാരം അമേരിക്കയിലെ മുതിർന്നവരിൽ പത്തിൽ എട്ടുപേർ ഡോക്ടറെയോ ആരോഗ്യ പ്രവർത്തകരെയോ സമീപിച്ചുവെങ്കിൽ, പത്തിൽ മൂന്നുപേർ എ.ഐയോട് ചോദിച്ച് ചികിത്സ നടത്തിയവാണ്. മറ്റൊരു ഏജൻസിയായ പ്യൂ റിസേർച്ച് ഒക്ടോബറിൽ നടത്തിയ സർവേയിൽ 10ൽ രണ്ട് അമേരിക്കക്കാർ എ.ഐ ചാറ്റ് ബോട്ടിനോടാണ് ആരോഗ്യവിവരങ്ങൾ തേടുന്നത്. എന്നാൽ, 85 ശതമാനം പേരും ആരോഗ്യ വിദഗ്ധരെ നേരിൽ കണ്ട് പരിഹാരം കാണുന്നു.

ഡോക്ടർക്ക് പകരമാവുന്നില്ല എ.ഐ ഡോക്ടർ

അമേരിക്കയിൽ മാത്രമല്ല, നമ്മുടെ നാട്ടിലും കണ്ടുവരുന്ന ഈ ശീലം അത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ ഉപദേശം. ചാറ്റ് ബോട്ടുകൾക്ക് സ്വന്തമായി ചിന്തിക്കാനുള്ള ശേഷിയില്ല. അതിനാൽ, പലപ്പോഴും വിവരങ്ങൾ തെറ്റായേക്കാമെന്ന് ടെക് വിദഗ്ധർ പറയുന്നു. എ.ഐയെ വെറുമൊരു ടൂളായി മാത്രം പരിഗണിക്കണമെന്നും, ഒരു മെഡിക്കൽ ഡോക്ടറായി കണക്കാക്കരുതെന്നും അമേരിക്കയിലെ ഇ.എൻ.ടി വിദഗ്ധൻ ഡോ. ബോബി മുക്കാമല പ്രതികരിച്ചു.

ഇതോടൊപ്പം, വ്യാപകമായി എ.ഐ ഉപയോഗിക്കുമ്പോൾ തങ്ങളുടെ ആരോഗ്യ വിവരങ്ങളുടെ സ്വകാര്യതയിലും സർവേയിൽ പങ്കെടുത്തവർ ആശങ്ക അറിയിച്ചു. ചികിത്സയും ആരോഗ്യ സംരക്ഷണും അൽപം സീരിയസായ കാര്യമാണ്. ഒരു വിദഗ്ധനെ നേരിട്ട് കണ്ട് ചികിത്സതേടാതെ എ.ഐ ടൂളുകളെ വിശ്വസിക്കുന്നത് ഗുരുതമായ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - ai doctor is not the real doctor dont get addicted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.