ഡോ. ഫൈസല്‍ എം. ഇഖ്ബാൽ

അസ്ഥിരോഗ സര്‍ജറിയിലെ നൂതന സമീപനങ്ങൾ

തന്നെ തേടിയെത്തുന്ന രോഗികളോട് ധാർമിക പ്രതിബദ്ധത ഉറപ്പുവരുത്തി ഓരോ വ്യക്തിയുടെയും വ്യത്യസ്ത രോഗങ്ങള്‍ക്കും ചികിത്സാരീതികള്‍ക്കും അനുയോജ്യമായ രീതിയിലാണ് അദ്ദേഹം ശസ്ത്രക്രിയാരീതികള്‍ വിഭാവനം ചെയ്യുന്നത്.

അസ്ഥിരോഗ സര്‍ജറിയിൽ നൂതന സമീപനങ്ങളുമായി മാതൃകയാവുകയാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക് ആൻഡ് സ്പൈന്‍ സര്‍ജറി വിഭാഗം മേധാവി ഡോ. ഫൈസല്‍ എം. ഇഖ്ബാൽ. ആധുനിക സാങ്കേതിക വിദ്യകളുടെകൂടി സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ഇടപെടലുകള്‍. രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണവും ചികിത്സാഫലവും ഉറപ്പു വരുത്തുന്ന രീതിയിലാണ് ആധുനിക സാങ്കേതിക വിദ്യകളെയും നൂതന ചികിത്സാ രീതികളെയും ഫലപ്രദമായി സമന്വയിപ്പിക്കുന്നത്.

തന്നെ തേടിയെത്തുന്ന രോഗികളോട് ധാർമിക പ്രതിബദ്ധത ഉറപ്പുവരുത്തി ഓരോ വ്യക്തിയുടെയും വ്യത്യസ്ത രോഗങ്ങള്‍ക്കും ചികിത്സാരീതികള്‍ക്കും അനുയോജ്യമായ രീതിയിലാണ് അദ്ദേഹം ശസ്ത്രക്രിയാരീതികള്‍ വിഭാവനം ചെയ്യുന്നത്. ഇതിനായി ഏറ്റവും മികച്ച ഇമേജിങ് രീതികളും സൂക്ഷ്മദ്വാര ചികിത്സാ സംവിധാനങ്ങളും മികച്ചരീതിയില്‍ ഡോ. ഇഖ്ബാല്‍ ഉപയോഗപ്പെടുത്തുന്നു.

വിപ്ലവാത്മക മാറ്റങ്ങള്‍

അസ്ഥിരോഗ പരിചരണരംഗത്ത് വിപ്ലവാത്മക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന രീതിയിലാണ് ഡോ. ഇഖ്ബാല്‍ അതിനൂതനമായ ശസ്ത്രക്രിയാരീതികള്‍ ഉപയോഗപ്പെടുത്തുന്നത്. ഇംപ്ലാന്റുകളുടെ സ്ഥാനനിർണയത്തിനും സ്ഥാപനത്തിനും പരമ്പരാഗത ലോഹനിർമിത ഉപകരണങ്ങള്‍ നീക്കംചെയ്യുന്നതിനുമെല്ലാം സി.ടി സംവിധാനത്തിന്റെ ആവശ്യമില്ലാത്ത രീതിയാണ് ഇദ്ദേഹം ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും കൃത്യത ഉറപ്പുവരുത്താന്‍ സാധിക്കുന്ന ഈ സാങ്കേതിക വിദ്യ ശസ്ത്രക്രിയാ സമയം കുറക്കാനും അതിന് ശേഷമുള്ള അസ്വസ്ഥതകള്‍ കുറക്കാനും സഹായകരമാണ്.

ഓരോ വ്യക്തിയുടെയും ശരീരഘടനയും ബയോമെക്കാനിസവും വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്തതകളെ പരിഗണിച്ച് അവക്ക് അനുയോജ്യമായരീതിയില്‍ വ്യക്തിഗതമായ ശസ്ത്രക്രിയാ പദ്ധതികള്‍ തയാറാക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഓരോ രോഗിക്കും അവരുടെ രോഗത്തിന്റെയും ശാരീരിക പ്രത്യേകതകളുടെയും അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഫലപ്രാപ്തി ലഭ്യമാകുന്ന ചികിത്സാരീതി സജ്ജമാക്കിയെടുക്കാന്‍ കഴിയുന്നു. ഇത്തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതുകൊണ്ടാണ് ഈ സംവിധാനം ശസ്ത്രക്രിയാ സംബന്ധിയായ അപകട സാധ്യതകള്‍ ഗണ്യമായി കുറക്കാനും ശസ്ത്രക്രിയയുടെ ഫലപ്രാപ്തി കൂടുതല്‍ മികവുറ്റതാക്കാനും സഹായകരമാകുന്നതെന്ന് ഡോ. ഫൈസല്‍ എം. ഇഖ്ബാല്‍ പറയുന്നു.

റോബോട്ടിക്‌ സര്‍ജറി

റോബോട്ടിക്‌ സര്‍ജറിയില്‍ ഡോ. ഫൈസല്‍ എം. ഇഖ്ബാല്‍ നടത്തുന്ന ഇടപെടലുകളും ശ്രദ്ധേയമാണ്. കാല്‍മുട്ട് സന്ധിമാറ്റിവെക്കലില്‍ റോബോട്ടിക് സര്‍ജറിയുടെ കൃത്യതയും സൂക്ഷ്മതയും ഫലപ്രദമായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ട്. അസ്ഥികളിലും പേശികളിലും ഒരുപോലെ സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തുന്നതിലൂടെ സര്‍ജറിയുടെ കൃത്യതയും ഫലപ്രാപ്തിയും ഏറ്റവും മികച്ചതായിരിക്കുമെന്നതുപോലെ തന്നെ വിജയസാധ്യതയും താരതമ്യേന മികച്ചതായിമാറുന്നു. അമേരിക്കന്‍ നിർമിതമായ ‘കോറി റോബോട്ടിക്‌സ്’ എന്ന ഈ മേഖലയിലെ ഏറ്റവും ആധുനികവും നൂതനവുമായ സാങ്കേതിക വിദ്യയാണ് ഇദ്ദേഹം സ്വീകരിക്കുന്നത്. ഇതിലൂടെ രോഗിയുടെ കാൽമുട്ട് സന്ധിയുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും റോബോട്ടിക്‌സിന്റെ റിയല്‍ടൈം പ്ലാനിങ്ങും ഇമേജിങ്ങും ഉപയോഗിച്ച് കാല്‍മുട്ടിന്റെ യഥാർഥ ഘടനയോടു ചേര്‍ന്നുനില്‍ക്കുന്ന പ്ലാന്‍ ഉണ്ടാക്കാനും സാധിക്കുന്നു.

ഇതിനുപുറമെ വിവിധ മേഖലകളിലുള്ള, വ്യത്യസ്ത വംശജർക്ക് അനിയോജ്യമായ രീതിയിലുള്ള ഇംപ്ലാന്റും ഡോ. ഫൈസല്‍ എം. ഇഖ്ബാല്‍ രൂപകൽപന ചെയ്യുന്നുണ്ട്. ഏഷ്യയിലെ ജനങ്ങളുടെ ശാരീരിക പ്രത്യേകതകള്‍ക്കനുസൃതമായി ദീര്‍ഘകാലം നിലനില്‍ക്കുന്നതും അനുയോജ്യമായതുമായ ഇംപ്ലാന്റുകളാണ് ഇത്. തുടയെല്ലിലെ അസ്ഥിയായ ഫെമറല്‍, കാലിലെ വലിയ അസ്ഥിയായ ടിബിയ എന്നിവയുടെ അനാട്ടമിക്കല്‍ ഘടനക്കനുസരിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്നതും കൃത്യമായ രീതിയില്‍ ശാരീരിക ഘടനയോട് ചേര്‍ന്നുനില്‍ക്കുന്നതുമായ ഡിസൈനിലാണ് ഇത് നിർമിക്കപ്പെടുന്നത്.

ടൈറ്റാനിയമാണ് ഇതില്‍ അടിസ്ഥാന ഘടകമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് അസ്ഥികളുടെയും പേശികളുടെയും ഇലാസ്തികതക്ക് സ്വാഭാവികമായ വഴക്കം നല്‍കുന്നു. കാഠിന്യവും സമ്മർദവും കുറക്കുന്ന രീതിയില്‍ രൂപകൽപന ചെയ്തതിനാല്‍ ഈ ഇംപ്ലാന്റിന് കൂടുതല്‍ കാലദൈര്‍ഘ്യം ലഭിക്കുകയും ചെയ്യുന്നു. ഈ രീതി സ്വീകരിച്ച രോഗികളുടെ അനുഭവത്തില്‍ വേദന കുറയുന്നതായും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടരീതിയില്‍ നടക്കുന്നതായും ജീവിതനിലവാരം ഉയര്‍ന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രത്യാശയുടെ വെളിച്ചം

ആധുനിക വൈദ്യശാസ്ത്രരംഗത്ത് സമൂലമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ ഡോ. ഫൈസല്‍ എം. ഇഖ്ബാല്‍ നടത്തുന്ന പരിശ്രമങ്ങള്‍ സമാനരംഗത്ത് പ്രത്യാശയുടെ വെളിച്ചമായി മാറുകയാണ്. അസ്ഥിരോഗ ചികിത്സാ സംബന്ധമായ മേഖലയില്‍ ഒരു ചികിത്സകനായി ഒതുങ്ങുക എന്നതിന് പകരം അന്വേഷണത്വരയും ശാസ്ത്രീയ ഇടപെടലുകളും നിലനിര്‍ത്തുകയും നിരന്തര ഗവേഷണ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതിലൂടെ അദ്ദേഹം തന്റെ ചികിത്സാശാഖയോടുള്ള അടങ്ങാത്ത പ്രതിബദ്ധത തെളിയിക്കുക കൂടിയാണ് ചെയ്യുന്നത്.

ഡോക്ടറുടെ ഈ സമീപനം അസ്ഥിരോഗ ചികിത്സാരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാതൃകാപരമായ വ്യതിയാനത്തെ കൂടി അടയാളപ്പെടുത്തുകയാണ്. സാങ്കേതിക വിദ്യയുടെയും ശസ്ത്രക്രിയാവൈദഗ്ധ്യത്തിന്റെയും സംയോജനത്തിലൂടെ അദ്ദേഹം പരിചരണ മാനദണ്ഡങ്ങളെ പുനര്‍നിർവചിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പരിഷ്‌കരിക്കപ്പെടുന്ന നൂതനരീതികളുടെ ഉപയോഗം ആത്യന്തികമായി രോഗികള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കുകയും അതേസമയം തന്നെ ശസ്ത്രക്രിയാ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.

അസ്ഥിരോഗ ചികിത്സാരംഗത്ത് കൂടുതല്‍ ഫലപ്രദമായ ഇടപെടൽ നടത്താനുള്ള ഡോ. ഫൈസല്‍ എം. ഇഖ്ബാലിന്റെ അശ്രാന്തപരിശ്രമങ്ങള്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ ആത്മസമർപ്പണം ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന്റെ രോഗികളോടൊപ്പംതന്നെ ഇന്ത്യയിലെ ഓര്‍ത്തോപീഡിക് സര്‍ജറിവിഭാഗത്തിനും ഈ ഇടപെടലുകള്‍ ഗുണപരമായ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.

.

Tags:    
News Summary - Advanced Approaches in Orthopedic Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.