ഒരേ സ്ഥലത്ത് ഒരുമിച്ച് ഇരിക്കുമ്പോൾ ചിലരെ മാത്രം കൊതുകുകൾ ആവർത്തിച്ച് കടിക്കുകയും മറ്റുചിലർക്ക് താരതമ്യേന ശല്യം കുറവായിരിക്കുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതൊരു യാദൃച്ഛിക പ്രതിഭാസമല്ല. അതിന് പിന്നിൽ ശരീരത്തിലെ ചില ജൈവ-രാസ ഘടകങ്ങളാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
കൊതുകുകൾ, പ്രത്യേകിച്ച് രക്തം കുടിക്കുന്ന പെൺകൊതുകുകൾ, തങ്ങളുടെ ഇരയെ കണ്ടെത്താൻ നിരവധി സൂചനകളാണ് ഉപയോഗിക്കുന്നത്. മനുഷ്യർ പുറത്തുവിടുന്ന കാർബൺ ഡൈഓക്സൈഡ്, ശരീരഗന്ധം, ശരീരതാപം, ചർമത്തിലെ ഈർപ്പം എന്നിവയാണ് അവയെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങൾ. ഇതുകൊണ്ടുതന്നെ ചിലർ കൊതുകുകൾക്ക് കൂടുതൽ പ്രിയപ്പെട്ട ലക്ഷ്യങ്ങളായി മാറുന്നു.
ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഫോർ ഡെവലപ്‌മെന്റിലെ മെഡിക്കൽ എന്റമോളജിസ്റ്റ് ഫ്രെഡറിക് സിമാർഡിന്റെ അഭിപ്രായത്തിൽ, കൊതുകുകൾ ചിലരെ മറ്റുള്ളവരെക്കാൾ കൂടുതൽ ആകർഷിക്കപ്പെടുന്നു എന്നത് ഒരു തെറ്റിദ്ധാരണയല്ല. എന്നാൽ ആ ആകർഷണത്തിന്റെ തോത് കാലക്രമേണ മാറാനും സാധ്യതയുണ്ട്.
ഗവേഷകർ പറയുന്നതനുസരിച്ച്, കൊതുകുകൾ ആദ്യം ദൂരെയിരുന്ന് തിരിച്ചറിയുന്നത് മനുഷ്യർ പുറത്തുവിടുന്ന കാർബൺ ഡൈഓക്സൈഡാണ്. ഒരാളുടെ അടുത്തെത്തുമ്പോൾ ശരീരഗന്ധവും ചർമത്തിൽനിന്ന് പുറത്തുവരുന്ന രാസസംയുക്തങ്ങളും നിർണായകമാകുന്നു. പ്രത്യേകിച്ച് ചർമത്തിലെ എണ്ണപദാർഥങ്ങൾ വിഘടിക്കുമ്പോൾ രൂപപ്പെടുന്ന ‘1-ഒക്ടൻ-3-ഓൾ’ (മഷ്റൂം ആൽക്കഹോൾ) എന്ന സംയുക്തം കൊതുകുകളെ ശക്തമായി ആകർഷിക്കുന്നതായി ഗവേഷകർ കണ്ടെത്തി.
ഗർഭിണികൾ, പ്രത്യേകിച്ച് രണ്ടാം ത്രൈമാസഘട്ടത്തിലുള്ളവർ, ഈ രാസസംയുക്തം കൂടുതലായി ഉൽപാദിപ്പിക്കുന്നതിനാൽ കൊതുകുകടിയ്ക്ക് കൂടുതൽ ഇരയാകാറുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
മുമ്പ് വ്യാപകമായി പ്രചരിച്ചിരുന്ന ‘രക്തഗ്രൂപ്പാണ് കൊതുകുകളെ ആകർഷിക്കുന്നത്’ എന്ന വാദത്തിന് ശക്തമായ ശാസ്ത്രീയ തെളിവുകളില്ലെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പകരം ശരീരഗന്ധം, ചർമത്തിലെ സൂക്ഷ്മജീവികളുടെ ഘടന, വിയർപ്പിലെ രാസഘടകങ്ങൾ എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യമുള്ളത്.
മനുഷ്യരുടെ ശരീരഗന്ധത്തിൽ ആയിരത്തിലേറെ രാസസംയുക്തങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയിൽ ഏകദേശം 27 എണ്ണം മാത്രമാണ് കൊതുകുകളെ പ്രത്യേകമായി ആകർഷിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. അതിനാൽ തന്നെ ഒരാൾ ‘മൊസ്കിറ്റോ മാഗ്നറ്റ്’ ആകുമോ എന്നത് അദ്ദേഹത്തിന്റെ ശരീരരസതന്ത്രവുമായി അടുത്ത ബന്ധമുള്ള കാര്യമാണ്.
കൊതുകുകളുടെ ഈ ആകർഷണരീതികൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞാൽ ഭാവിയിൽ കൂടുതൽ ഫലപ്രദമായ കൊതുകുവിരുദ്ധ ഉൽപന്നങ്ങളും രോഗപ്രതിരോധ മാർഗങ്ങളും വികസിപ്പിക്കാൻ സഹായകരമാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.