ബംഗളൂരു: കർണാടകയിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഇഡ്ഡലി ഉണ്ടാക്കാൻ പോളിത്തീൻ ഷീറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ. 251 ഹോട്ടലുകളിൽ 52 ഹോട്ടലുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തി. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഇഡ്ഡലി പാകം ചെയ്യാൻ തുണി ഉപയോഗിച്ചിരുന്നുവെങ്കിലും അടുത്തിടെ പല ഹോട്ടലുകളും പ്ലാസ്റ്റിക് ഉപയോഗിക്കാൻ തുടങ്ങിയതായും റാവു പറഞ്ഞു.
പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ഉയർന്ന ചൂടിൽ ആവിയിൽ ഇഡ്ഡലി വേവിക്കുമ്പോൾ പുറത്തുവരുന്ന ദോഷകരമായ രാസവസ്തുക്കൾ കാൻസർ ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ പറഞ്ഞു. ചില പ്ലാസ്റ്റിക്കുകൾ ഡയോക്സിനുകളും മൈക്രോപ്ലാസ്റ്റിക്സും പുറത്തുവിടും. ഇവ കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടി കാൻസറിനുള്ള സാധ്യത വർധിപ്പിക്കും.
ഇത് തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.