കോഴിക്കോട്: ഒരു കോടിയിൽ നാലുപേർക്കുമാത്രം വരുന്ന അപൂർവ രക്താർബുദം ബാധിച്ച 47കാരിക്ക് കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ശസ്ത്രക്രിയ. പ്രൈമറി പ്ലാസ്മ സെൽ ലുക്കീമിയ ബാധിച്ച വനിതയാണ് ആൻറി പ്ലാസ്മ സെൽ തെറപ്പിയും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറഞ്ഞ് ചികിത്സതേടിയപ്പോഴാണ് അസുഖം ഗുരുതരമാണെന്നറിഞ്ഞത്. നിരവധി പരിശോധനകൾക്കുശേഷം രോഗം നിർണയിച്ച് സെൻറർ ഓഫ് എക്സലൻസ് ഫോർ ബ്ലഡ് ഡിസീസ്, ബോൺമാരോ ട്രാൻസ്പ്ലാൻറ് ആൻഡ് കാൻസർ ഇമ്യൂണോ തെറപ്പിക്ക് കീഴിലെ മൈലോമ ക്ലിനിക്കിലെ അതിവിദഗ്ധരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.
മജ്ജയിലെ അർബുദബാധിത പ്ലാസ്മ കോശങ്ങൾ രക്തത്തിലേക്കു കൂടി പടരുന്ന രോഗാവസ്ഥയാണ് മൾട്ടിപ്പ്ൾ മൈലോമയുടെ ഉപവിഭാഗമായി വരുന്ന പ്രൈമറി പ്ലാസ്മ സെൽ ലുക്കീമിയ. കോടിയിൽ നാലു പേർക്കുമാത്രം വരുന്നതും അധികവും വനിതകളിൽ മാത്രം കാണുന്ന രോഗവുമാണിതെന്ന് ഹെമറ്റോ ഓങ്കോളജി ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ. രാഗേഷ് രാധാകൃഷ്ണൻ നായർ പറഞ്ഞു.
ഇത്തരം രോഗാവസ്ഥകൾക്ക് ആദ്യഘട്ടത്തിൽതന്നെ ചികിത്സ ലഭ്യമാക്കാൻ സാധിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് മെഡിക്കൽ ഓങ്കോളജി ആൻഡ് കാൻസർ ഇമ്യൂണോതെറപ്പി അസോസിയേറ്റ് കൺസൽട്ടൻറ് ഡോ. ആൻറണി ജോർജ് ഫ്രാൻസിസ് തോട്ടിയാനും ഹോസ്പിറ്റൽ ഡയറക്ടറും സെൻറർ ഓഫ് ഹാർട്ട് ആൻഡ് വാസ്കുലർ കെയർ സീനിയർ കൺസൽട്ടൻററുമായ ഡോ. അലി ഫൈസലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.