ലണ്ടൻ: പ്രായമാകലിന്റെ വേഗത കുറക്കാനും യൗവ്വനം നിലനിർത്താനും സംഗീതം കേൾക്കുന്നതും മ്യൂസിയങ്ങൾ സന്ദർശിക്കുന്നതും സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. സ്ഥിരമായി കലയോടും സാംസ്കാരിക പ്രവർത്തനങ്ങളോടും സമ്പർക്കം പുലർത്തുന്നത് പതിവ് വ്യായാമങ്ങൾ ചെയ്യുന്നത് പോലുള്ള ഗുണങ്ങൾ ശരീരത്തിന് നൽകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ ജൈവികമായ പ്രായമാകൽ പ്രക്രിയയിൽ നാല് ശതമാനത്തോളം കുറവുണ്ടാകുന്നതായാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
ആയിരക്കണക്കിന് മുതിർന്ന ആളുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ ഈ പഠനം നടത്തിയത്. സ്ഥിരമായി സംഗീതം കേൾക്കുക, സംഗീത കച്ചേരികളിൽ പങ്കെടുക്കുക, മ്യൂസിയങ്ങളും മറ്റ് പ്രദർശനങ്ങളും സന്ദർശിക്കുക, സർഗ്ഗാത്മകമായ പരിപാടികളിൽ പങ്കാളികളാവുക എന്നിവയും ദീർഘകാല ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പഠനം പരിശോധിച്ചത്.
സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരിൽ ആരോഗ്യകരമായ വാർധക്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ഇത്തരം അനുഭവങ്ങൾ മനുഷ്യരിൽ മാനസിക ഉത്തേജനവും സാമൂഹിക ഇടപെടലുകളും വൈകാരിക സുരക്ഷിതത്വവും വർധിപ്പിക്കാൻ സഹായിക്കും. ഇവയെല്ലാം തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തെ പോസിറ്റീവായി ബാധിക്കുന്ന ഘടകങ്ങളാണ്.
കലക്കൊപ്പം സമയം ചെലവഴിക്കുന്നത് മാനസിക സമ്മർദം കുറക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കുമെന്ന് പഠനത്തിൽ പങ്കെടുത്ത വിദഗ്ധർ പറയുന്നു. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ ചെറുക്കാൻ ഈ ഘടകങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. കലയും സാംസ്കാരിക ഇടപെടലുകളും ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാമെങ്കിലും, ഇത് വ്യായാമത്തിനോ മറ്റ് നല്ല ശീലങ്ങൾക്കോ പകരമല്ലെന്ന് ഗവേഷകർ ഓർമിപ്പിക്കുന്നു. എങ്കിലും, പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒന്നാണ് കലയിലൂടെ ലഭിക്കുന്ന ശാരീരിക-മാനസിക ഗുണങ്ങൾ.
പ്രിയപ്പെട്ട ഒരു ആൽബം കേൾക്കുന്നതോ, ഒരു തത്സമയ പരിപാടി ആസ്വദിക്കുന്നതോ, മ്യൂസിയങ്ങൾ സന്ദർശിക്കുന്നതോ ഒക്കെ പ്രായമാകലിന്റെ വേഗത കുറക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള ലളിതമായ വഴികളാണെന്ന് ശാസ്ത്രലോകം അടിവരയിടുന്നു. വൈകാരികവും സാമൂഹികവുമായ ഉന്മേഷം നൽകുന്ന പ്രവർത്തനങ്ങൾ ദീർഘകാല ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്നതിന്റെ തെളിവാണ് ഈ പുതിയ പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.