സമൂഹമാധ്യമങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകൾ കൗമാരക്കാരിൽ അഡിക്ഷന് കാരണമാകുന്നുവെന്ന് അമേരിക്കൻ കോടതി

സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം ഒരിക്കലും പുറത്തുവരാത്ത കെണിയിലേക്ക് നമ്മെ തള്ളിവിടുന്നതെങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? ആ അഡിക്ഷന്റെ കാരണം കൗമാരപ്രായം മുതൽ തുടങ്ങുന്ന സ്മാർട്ട് ഫോൺ ഉപയോഗമാണ്. അത് പതിയെപ്പതിയെ നമ്മെ ഒരു ഊരാക്കുരുക്കിലേക്ക് ചെന്നെത്തിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൗമാരപ്രായക്കാരുടെ മാനസികാരോഗ്യത്തെ തകർക്കുന്ന രീതിയിലുള്ള അഡിക്റ്റിവ് ഡിസൈനുകൾ പിന്തുടർന്ന സമൂഹമാധ്യമ ഭീമന്മാരായ മെറ്റയ്ക്കും യൂട്യൂബിനും എതിരെ അമേരിക്കൻ കോടതി അടുത്തിടെ ഒരു സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം കൗമാരക്കാരിൽ വിഷാദം, ശരീര വൈരൂപ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ (Body Dysmorphia), ആത്മഹത്യ പ്രവണത എന്നീ ഗൗരവതരമായ അവസ്ഥകൾക്ക് കാരണമാകുന്നുവെന്നും അത് സമൂഹ മാധ്യമങ്ങളിലെ അഡിക്റ്റിവ് ഡിസൈനുകൾ മൂലമാണെന്നുമാണെന്നും ജുഡീഷ്യൽ ജൂറി കണ്ടെത്തി. പുകയില കമ്പനികൾക്ക് ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും അനിവാര്യമാണെന്ന വാദമാണ് നിലവിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.

കൗമാരക്കാരിലെ മസ്തിഷ്ക വികാസവും സോഷ്യൽ മീഡിയയും

കൗമാരക്കാരുടെ മസ്തിഷ്ക ഘടന സമൂഹമാധ്യമത്തിലെ 'ലൈക്കുകൾക്കും' പ്രശംസകൾക്കും അടിപ്പെടാൻ എളുപ്പമാണെന്ന് ന്യൂറോ സയൻസ് ഗവേഷകർ വ്യക്തമാക്കുന്നു. മസ്തിഷ്കത്തിലെ സന്തോഷ സൂചകമായ 'ഡോപാമിൻ' (Dopamine) ഹോർമോണിനെ ഉത്തേജിപ്പിക്കുന്ന തരത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപനയെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൗമാര പ്രായത്തിൽ വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ 'ലിംബിക് സിസ്റ്റം' (Limbic System) അതിവേഗം പ്രവർത്തിക്കുമ്പോൾ, വിവേചന ബുദ്ധിയെ നിയന്ത്രിക്കുന്ന 'പ്രീ-ഫ്രണ്ടൽ കോർട്ടക്സ്' (Pre-frontal cortex) പൂർണവളർച്ച എത്തിയിട്ടുണ്ടാകില്ല. ഇത് കൗമാരക്കാരെ പെട്ടെന്നുള്ള വൈകാരിക തള്ളിച്ചകൾക്കും പ്രലോഭനങ്ങൾക്കും കീഴ്പ്പെടാൻ പ്രേരിപ്പിക്കുന്നു.

മറ്റുള്ളവരുടെ ജീവിതം എല്ലാം കൊണ്ടും തികഞ്ഞതാണെന്ന തോന്നൽ ഉളവാക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ കൗമാരക്കാരിൽ അരക്ഷിതാവസ്ഥയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കുന്നു. ഓൺലൈനിൽ നൂറുകണക്കിന് സുഹൃത്തുക്കളുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ ഇവർ കടുത്ത ഏകാന്തതയാണ് അനുഭവിക്കുന്നത്. ക്രോണിക് ലോൺലിനസ് അഥവാ വിട്ടുമാറാത്ത ഏകാന്തത, ദിവസവും 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

ഓസ്‌ട്രേലിയ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. 14 വയസ്സുകാരിക്ക് കാർ ഓടിക്കാൻ ലൈസൻസ് നൽകാത്തതുപോലെ തന്നെ, കൃത്യമായ പരിശീലനവും സുരക്ഷ മാനദണ്ഡങ്ങളുമില്ലാതെ ഡിജിറ്റൽ ലോകത്തേക്ക് കൗമാരക്കാരെ വിടുന്നത് അപകടകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയയിലെ 90 ശതമാനത്തോളം സമയവും സജീവമായ ആശയവിനിമയത്തിനല്ല, പകരം അർഥശൂന്യമായ സ്ക്രോളിങ്ങിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ഉറക്കക്കുറവ്, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ടെന്ന് പറയപ്പെടുന്നു.

കാനഡയിൽ 15 മുതൽ 24 വയസ്സുവരെയുള്ളവരുടെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് ആത്മഹത്യ. അതിന്റെ പ്രധാന കാരണം സോഷ്യൽ മീഡിയ അഡിക്ഷൻ വഴി രൂപപ്പെട്ട മാനസിക പ്രശ്നങ്ങളാണെന്നാണ് നിഗമനം. നിയമപരമായ നിയന്ത്രണങ്ങൾക്കൊപ്പം ഡിജിറ്റൽ സാക്ഷരതയും രക്ഷാകർതൃ ജാഗ്രതയും വർധിപ്പിക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ ആഹ്വാനം.

Tags:    
News Summary - Eye-catching designs on social media can cause addiction, US court says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.