കട്ടക്കലിപ്പാണോ? നിയന്ത്രിക്കാൻ വഴിയുണ്ട്...

‘കട്ടക്കലിപ്പാണല്ലോ’, ‘മൂക്കത്താണല്ലോ ശുണ്ഠി’ എന്നൊക്കെ നിങ്ങളെക്കുറിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞിട്ടുണ്ടാകും. ചിലപ്പോഴെങ്കിലും ‘ദേഷ്യപ്പെടേണ്ടിയിരുന്നില്ല’, ‘ദേഷ്യം കൈവിട്ട് പോയല്ലോ’ എന്നൊക്കെ നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ..., പരിഹാരമായി ചില മാർഗങ്ങളുണ്ട്.


റ്റവും അധമമായ വികാരങ്ങളിൽ ഒന്നാമതാണ് രോഷം. ലോകത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ പ്രത്യേകിച്ച് കൊലപാതകങ്ങൾ നടക്കുന്നത് നിയന്ത്രിക്കാൻ സാധിക്കാത്ത രോഷം മൂലമാണ്.
നിങ്ങളുടെ ജീവിതപങ്കാളിയോടോ, മേലധികാരികളോടോ കടുത്ത ദേഷ്യം തോന്നുന്നു. ദേഷ്യപ്പെട്ടാൽ സംഗതി വഷളാകും. ദേഷ്യപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് സഹിക്കുവാൻ സാധിക്കില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തു ചെയ്യണം?

 

ദേഷ്യം വരുമ്പോൾ ഒരു മുറിയിൽ പോയി ഉറക്കെ ദേഷ്യപ്പെടുകയോ, ആരും കേൾക്കാത്ത സ്ഥലത്തുപോയി ഒച്ചവെയ്ക്കുകയോ ചെയ്യാൻ ചിലർ ഉപദേശിക്കാറുണ്ട്. ആ സമയത്ത് നിങ്ങളുടെ സമ്മർദം കുറയുകയും ദേഷ്യത്തിന് ശമനമുണ്ടാകുകയും ചെയ്യുമെങ്കിലും അറിയുക, അത് നിങ്ങൾക്ക് ദോഷമാണ് ഉണ്ടാക്കുക.

ജപ്പാനിലെ ചില ഫാക്ടറികളിൽ ബോസുമാരുടെ പ്രതിമ പ്രത്യേകം മുറിയിൽ വെച്ചിരിക്കുകയാണ്. ദേഷ്യം തോന്നിയാൽ തൊഴിലാളികൾക്ക് മുറിയിൽ പോയി ദേഷ്യം പ്രതിമയിൽ തീർക്കാം. പക്ഷേ ഇവിടെ  വിപരീതഫലമാണ് ഉണ്ടാവുക.
നിങ്ങളുടെ ദേഷ്യം പുറത്തേക്ക് പോകുവാൻ ഓരോ തവണ അനുവദിക്കുമ്പോഴും അത് വീണ്ടും ആവർത്തിക്കുവാനുള്ള പ്രവണത കൂടുകയാണ് ചെയ്യുക. ദേഷ്യം ബോസിന്‍റെ പ്രതിമയോട് തീർത്താലും, ഭിത്തിയോട് തീർത്താലുമെല്ലാം ദേഷ്യം ആവർത്തിക്കുവാനുള്ള പ്രവണത നിങ്ങൾ മസ്തിഷ്കത്തിൽ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

Catharsis അഥവാ വികാരവിരേചനം എന്ന വാക്ക് തന്നെ വിശുദ്ധീകരിക്കുക (kathairein) എന്ന ഗ്രീക്ക് വാക്കിൽ നിന്നുണ്ടായതാണ്. ലൈംഗികമായ സമ്മർദം ലൈംഗിക വേഴ്ചയ്ക്ക് ശേഷം കുറയുന്നു. മൂത്രശങ്ക മൂത്രമൊഴിച്ചു കഴിയുമ്പോൾ ശമിക്കുന്നു. ഇതാണ് ദേഷ്യത്തിന്‍റെ കാര്യത്തിലും ആളുകൾ ഉപയോഗിച്ചത്. ദേഷ്യപ്പെട്ടാൽ ദേഷ്യമങ്ങ് പൊയ്ക്കൊള്ളും എന്ന അപയുക്തി.

ആധുനിക മനഃശാസ്ത്രത്തിന്‍റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡ് catharsis ന്‍റെ ഒരു പ്രയോക്താവായിരുന്നു. ഉള്ളിൽ അമർന്നു കിടക്കുന്ന അടിച്ചമർത്തപ്പെട്ട വികാരങ്ങൾ  പുറത്തേക്ക് പോകുന്നതോട് കൂടി മാനസികമായി ഊർജ്ജം കൈവരിക്കാമെന്നും, ഇതുവഴി മനോജന്യ രോഗങ്ങൾ സുഖപ്പെടും എന്നും അദ്ദേഹം കരുതിയിരുന്നു. അടിച്ചമർത്തപ്പെട്ട വികാരങ്ങളും ആഗ്രഹങ്ങളെല്ലാം പുറത്തേയ്ക്ക് വിട്ട്  മനസ്സ്‌ ശുദ്ധീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കരുതി.

എന്നൽ 1990ൽ ബ്രാഡ് ബുഷ്മാൻ എന്ന മനഃശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ തെളിയുന്നത് നമ്മുടെ അക്രമ സ്വഭാവം ഏത് വിധത്തിൽ പുറത്തുവിട്ടാലും അത് ആവർത്തിക്കപ്പെടാനുള്ള പ്രവണത മസ്തിഷ്കത്തിൽ ആലേഖനം ചെയ്യപ്പെടുകയാണ് എന്നാണ്.

പിന്നെങ്ങിനെ ദേഷ്യം നിയന്ത്രിക്കും?
ദേഷ്യം കുറയാൻ യഥാർഥത്തിൽ കുറുക്കു വഴികൾ ഒന്നുമില്ല. ദേഷ്യം കുറയാനുള്ള കുറുക്കു വഴി ഓരോ പ്രാവശ്യവും ദേഷ്യം വരുമ്പോൾ ദേഷ്യപ്പെടാതെ ഇരിക്കുക എന്നത് മാത്രമാണെന്നർഥം. പക്ഷേ, ദേഷ്യം നിങ്ങൾക്ക് നിയന്ത്രിക്കാനായാൽ ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നാകും അത്.

നമ്മുടെ വികാരങ്ങളെ ഏതുവിധത്തിൽ പ്രകടിപ്പിച്ചാലും അത് തിരിച്ചു വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുകളിൽ പറഞ്ഞല്ലോ. അതിനാൽ വികാരങ്ങളെ വഴി മാറ്റുവാനുള്ള കഴിവാണ് നമ്മൾ ആർജിക്കണ്ടത്. ദേഷ്യം വന്നാൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറിപ്പോവുകയും അർത്ഥവത്തായ മറ്റു ജോലികളിൽ അല്ലെങ്കിൽ പ്രവൃത്തികളിൽ ഏർപ്പെടുകയുമാണ് ചെയ്യേണ്ടത്. എന്നാൽ ഇത് അത്ര എളുപ്പമല്ല അതിന് വ്യക്തമായ ട്രെയിനിങ് തന്നെ ആവശ്യമായി വരും.

മറ്റൊന്ന്,  ദേഷ്യം വരുമ്പോൾ മിണ്ടാതെ ഇരിക്കുക. ദേഷ്യപ്പെടുന്നത് നിങ്ങളുടെ ഒരു കുറവായി കണക്കാക്കി മൗനം പാലിക്കാം. മസ്തിഷ്കം ഒരു ജെല്ലി പോലെ ആണ്. നമുക്ക് അതിനെ ഏതു രൂപത്തിൽ വേണമെങ്കിലും പാകപ്പെടുത്തിയെടുക്കാം. ദേഷ്യം വരുമ്പോൾ മൗനിയാകുന്നത് തുടർന്നാൽ, അതൊരു ശീലമായാൽ പിന്നെ എളുപ്പം...!

 

 

Tags:    
News Summary - controlling anger-health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.