പ്രതീകാത്മക ചിത്രം

യൂറിക് ആസിഡിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

ശരീരത്തിൽ ഉണ്ടാകുന്ന ഒരു മാലിന്യ ഉൽപന്നമാണ് യൂറിക് ആസിഡ്. ശരീരത്തിലെ ‘പ്യൂരിൻ’ എന്ന രാസവസ്തുവിനെ വിഘടിപ്പിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. ഇത് ശരീരത്തിൽ കൂടുതലായാൽ ‘ഹൈപ്പർ യൂറിസെമിയ’ എന്ന അവസ്ഥയുണ്ടാകുകയും സന്ധിവാതം പോലുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം. യൂറിക ആസിഡ് ഉയരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ. മദ്യപാനം, വൃക്കകളുടെ പ്രവർത്തനം, ജലാംശം കുറയുന്നത്, മരുന്നുകൾ, ജനിതക ഘടകങ്ങൾ, വ്യായാമത്തിന്റെ കുറവ് എന്നിവയും യൂറിക് ആസിഡിന്റെ കാരണങ്ങളാണ്.

യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവർ, സന്ധിവാതം ബാധിച്ചവർ തുടങ്ങിയവർ മദ്യം, ചുവന്ന മാംസം (റെഡ് മീറ്റ്) തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് അറിയാം. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയിട്ടും യൂറിക് ആസിഡിന്റെ അളവ് കുറയുന്നില്ലേ? അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

വൃക്ക ആരോഗ്യം

രക്തത്തിൽ നിന്ന് യൂറിക് ആസിഡ് ഫിൽട്ടർ ചെയ്ത് മൂത്രത്തിലൂടെ പുറന്തള്ളുന്നതിൽ വൃക്കകൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ ശരീരത്തിന് യൂറിക് ആസിഡ് കാര്യക്ഷമമായി പുറന്തള്ളാൻ കഴിയില്ല. മാത്രമല്ല അത് അടിഞ്ഞുകൂടാൻ തുടങ്ങുകയും ചെയ്യും. വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് ഉയർന്ന യൂറിക് ആസിഡും വൃക്കകളുടെ പ്രവർത്തനം കുറയുന്നതും തമ്മിൽ വളരെ വ്യക്തമായ ബന്ധമുണ്ട്.

പഞ്ചസാര പാനീയങ്ങൾ

മിക്ക ആളുകളും പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പഞ്ചസാരയുടെ സ്വാധീനത്തെ കുറിച്ച് മറന്നു പോകാറുണ്ട്.

മറ്റ് മിക്ക പഞ്ചസാരകളുമായി താരതമ്യപ്പെടുത്തുമ്പോൾ പഴങ്ങൾ, പച്ചക്കറികൾ, തേൻ എന്നിവയിലടങ്ങിയ ഫ്രക്ടോസ് യൂറിക് ആസിഡ് മെറ്റബോളിസത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നതാണ്. പഞ്ചസാര ചേർത്ത ശീതളപാനീയങ്ങളും ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് ഉപയോഗിച്ച് നിർമിച്ച ഭക്ഷണങ്ങളും യൂറിക് ആസിഡ് വർധനവുമായി ബന്ധപ്പെട്ടതാണ്.

പ്രകൃതിദത്ത പാനീയങ്ങൾ പോലും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന് കാരണമാകും. മദ്യം, ചുവന്ന മാംസം (റെഡ് മീറ്റ്) എന്നിവ ഇല്ലാത്ത ഭക്ഷണക്രമം പിന്തുടരുന്ന ഒരാൾക്ക് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗം കാരണം കൂടിയ അളവിൽ യൂറിക് ആസിഡ് അനുഭവപ്പെടാം.

മരുന്നുകൾ

ചില മരുന്നുകൾ ശരീരത്തിലെ യൂറിക് ആസിഡ് സംസ്കരണത്തെ തടസ്സപ്പെടുത്തും. ഉയർന്ന രക്തസമർദത്തിനും ഹൃദ്രോഗത്തിനും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡൈയൂറിറ്റിക്സ് ശരീരത്തിലെ രക്തത്തിന്റെ അളവ് കുറക്കുകയും യൂറിക് ആസിഡ് നീക്കം ചെയ്യുന്നതിൽ വൃക്കകളുടെ കാര്യക്ഷമത കുറക്കുകയും ചെയ്യും.

രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന മരുന്നുകളും ചില കീമോതെറാപ്പി മരുന്നുകളും യൂറിക് ആസിഡ് അടിഞ്ഞുകൂടാൻ കാരണമാണ്. യൂറിക് ആസിഡ് വർധിക്കുന്നതുമായി ബന്ധപ്പെട്ട രോഗങ്ങളിൽ മെറ്റബോളിക് സിൻഡ്രോം, പൊണ്ണത്തടി, ഹൈപ്പോതൈറോയിഡിസം, സോറിയാസിസ് എന്നിവ ഉൾപ്പെടുന്നു.

ജീവിതശൈലി ഘടകങ്ങളും ജലാംശവും

നിർജലീകരണം പലപ്പോഴും അവഗണിക്കപ്പെടുന്ന ലളിതവും എന്നാൽ ശക്തവുമായ ഒരു ഘടകമാണ്. യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതിനാൽ ശരിയായ ജലാംശം ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് നേർപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കുന്നു.

ദ്രാവകത്തിന്റെ അപര്യാപ്തത രക്തത്തിൽ യൂറിക് ആസിഡിനെ വർധിപ്പിക്കും. കൂടാതെ പൊണ്ണത്തടിയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഉപാപചയ വൈകല്യങ്ങൾ സുഗമമാക്കുകയും വൃക്കകളുടെ കാര്യക്ഷമത കുറക്കുകയും ചെയ്യും. ഭക്ഷണ നിയന്ത്രണങ്ങൾക്കപ്പുറം യൂറിക് ആസിഡിന്റെ അളവ് നിലനിർത്തുന്നതിൽ ഭാരം നിയന്ത്രിക്കലും കൃത്യമായ ജീവിതശൈലിയും വളരെ പ്രധാനമാണ്.

Tags:    
News Summary - High Uric Acid: No red meat, no alcohol: What else could be driving your uric acid up? |

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.