കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം

എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക അർബുദ ദിനമായി ആചരിക്കുകയാണ്. ഈ വര്‍ഷത്തെ സന്ദേശം 'കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം (Close the care Gap)' എന്നതാണ്. കാന്‍സര്‍ പരിചരണത്തിലെ പ്രാദേശിക സാമ്പത്തിക, വിദ്യാഭ്യാസ, ലിംഗപരമായ അസമത്വങ്ങള്‍ ഇല്ലാതാക്കി എല്ലാവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഈ വര്‍ഷത്തെ കാന്‍സര്‍ ദിനം ആഹ്വാനം ചെയ്യുന്നു.

അര്‍ബുദത്തെകുറിച്ചും പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയാണു ലോക അര്‍ബുദ ദിനാചരണം വഴി ലക്ഷ്യമിടുന്നത്. കാന്‍സര്‍ പ്രതിരോധത്തില്‍ പതിവ് പരിശോധനകളുടെ പ്രാധാന്യം ഏറെയാണ്. പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ പലയിനം കാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാനാകും. പതിവ് പരിശോധനകള്‍, കൃത്യതയോടെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ തുടങ്ങിയവയിലൂടെ അര്‍ബുദത്തെ നമുക്ക് കീഴ്‌പ്പെടുത്താം.

അനിയന്ത്രിതമായ കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് അര്‍ബുദം അഥവാ കാന്‍സര്‍. ശരീരത്തിലെ ഏത് അവയവത്തെയും കാന്‍സര്‍ ബാധിക്കാം. എല്ലാതരം കാന്‍സറുകളും ഇന്ത്യയില്‍ കാണുന്നുണ്ട്. വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍, ശ്വാസകോശ അര്‍ബുദം, ആമാശയ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയാണു പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണുന്നത്. ഗര്‍ഭാശയ കാന്‍സര്‍, സ്താനര്‍ബുദം, തൈറോയിഡ് കാന്‍സര്‍, വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍ തുടങ്ങിയവയാണു സ്ത്രീകളില്‍ കൂടുതലായി കാണുന്നത്.

കാന്‍സറിന്റെ ആരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഓരോരുത്തരിലും കാന്‍സര്‍ ഓരോ രൂപത്തിലാണു വരിക. എന്നാല്‍, ആരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ സുഖപ്പെടുത്താന്‍ സാധിക്കുന്ന രോഗമാണിത്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കില്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

1. ശരീരത്തില്‍ കാണപ്പെടുന്ന വേദനയില്ലാത്ത മുഴകളും തടിപ്പുകളും.

2. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍.

3. വായിക്കുള്ളില്‍ വെള്ള നിറത്തിലോ ചുവന്ന നിറത്തിലോ ഉള്ള പാടുകള്‍.

4. സ്തനങ്ങളില്‍ വേദനയില്ലാത്ത മുഴകള്‍, വീക്കം. പെട്ടന്നുള്ള ഭാരക്കുറവും വിളര്‍ച്ചയും.

5. വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും, രക്തം ചുമച്ച് തുപ്പുക.

6. മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.അസ്വഭാവികമായ രക്തസ്രാവം / വെള്ളപോക്ക്

7. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്‌നങ്ങളും. നിരന്തരമായ തലവേദന, ഛര്‍ദ്ദി തുടങ്ങിയവ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകാം. ഈ ലക്ഷണങ്ങള്‍ ഏറെങ്കിലും കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

കാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്നു നമ്മുടെ ആരോഗ്യരംഗം ഉയര്‍ന്നുകഴിഞ്ഞു. പക്ഷേ നമ്മുടെ ജീവിത രീതികള്‍ രോഗത്തെ ക്ഷണിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമെല്ലാം കാന്‍സര്‍ പിടിപെടുന്നതിനു രണ്ടു പ്രധാനകാരണങ്ങളാണ്. പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധി വരെ നമുക്ക് കാന്‍സറിനെ ചെറുക്കാന്‍ കഴിയും.

(എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആണ് ലേഖിക)

Tags:    
News Summary - World cancer day in close the care gap theme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.